സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം നൽകിയില്ല; 240 കോടിയുടെ ശുദ്ധജല പദ്ധതി നിർമാണം ഇഴയുന്നു

Mail This Article
പുൽപള്ളി ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരൾച്ചയും ജലക്ഷാമവും നേരിടുന്ന കർണാടകാതിർത്തി ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കാൻ വിഭാവനംചെയ്ത ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം ഇഴയുന്നു. കബനിയിൽ നിന്നുവെള്ളമെടുത്ത് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജലവിതരണം നടത്താൻ 240 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിന്റെ നിർമാണ ഉദ്ഘാടനവും നാടുനീളെ റോഡുവെട്ടിപ്പൊളിക്കുന്ന പണികളും വേഗത്തിൽനടന്നു. ഒരു വർഷത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നായിരുന്നു ഉറപ്പ്. പദ്ധതിനിർമാണ ചുമതല നടത്തുന്ന ജല അതോറിറ്റിയാണ് കബനിയിൽ ഉടൻ തടയണകെട്ടി ജലവിതരണം ഉറപ്പാക്കണമെന്ന് കഴിഞ്ഞദിവസം പഞ്ചായത്തിനു കത്ത് നൽകിയത്.
കബനിപ്പുഴയിൽ സദാസമയവും ജലലഭ്യതയുള്ള മഞ്ഞാടിക്കടവിലാണ് വമ്പൻ പമ്പുഹൗസ് നിർമിച്ചത്. ഒരു വർഷത്തിനുള്ളിൽ പമ്പുഹൗസ് നിർമാണം പൂർത്തിയായി. ഇവിടെ നിന്നു കബനിഗിരിയിലെ ശുദ്ധീകരണ ശാലയിലേക്കും അവിടെനിന്നു പാടിച്ചിറ, പുൽപളളി എന്നിവിടങ്ങളിലെ സംഭരണികളിലേക്കും പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ചു. റോഡായ റോഡുമുഴുവൻ വെട്ടിപ്പൊളിച്ചു. പലേടത്തേയും കുഴികൾ മൂടിയിട്ടുമില്ല. ജലജീവൻ മിഷൻ പണികൾ അവതാളത്തിലായതോടെ റോഡുപണികളും മുടങ്ങി. 3 വർഷം മുൻപ് പൈപ്പ് ലൈൻ സ്ഥാപിച്ച 500ൽപരം കുടുംബങ്ങൾക്ക് ഇനിയും കണക്ഷൻ നൽകിയിട്ടുമില്ല.
ഉപയോഗിക്കാതെ പാതയോരത്തുണ്ടായിരുന്ന പൊതുടാപ്പുകൾ കഴിഞ്ഞയാഴ്ച നീക്കം ചെയ്തു. വെള്ളം ലഭിക്കാത്ത ഈ ടാപ്പുകൾ ഒന്നിന് 500 രൂപവീതം പഞ്ചായത്ത് അടച്ചുകൊണ്ടിരുന്നു. മഞ്ഞാടിക്കടവിലെ പമ്പുഹൗസിനു വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇതിനുള്ള പണം ജലഅതോറിട്ടി കെഎസ്ഇബിയിൽ അടച്ചിട്ടില്ല. വേനൽ ശക്തമാകുന്നതിനാൽ കബനിയിൽ തടയണ നിർമിക്കണമെന്നാണ് ജല അതോറിട്ടിയുടെ മുന്നറിയിപ്പ്. എന്നാൽ ഈ സമയത്ത് തടയണ നിർമിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.ബീച്ചനഹള്ളി അണക്കെട്ടിന്റെ സംഭരണിയിൽ ഇപ്പോൾ വെള്ളമുണ്ട്. അത് കൃഷിക്കോ, ഇതര ആവശ്യങ്ങൾക്കോ തുറന്നുവിട്ടാൽ ദിവസങ്ങൾക്കുള്ളിൽ കബനികാലിയാകും.
കഴിഞ്ഞ വർഷം ബെംഗളൂരു നഗരത്തിലേക്ക് കബനിയിലെ ജലമാണ് കൊണ്ടുപോയത്. കബനിജലം കാവേരിയിലെത്തിച്ച് ചാമരാജ്നഗറിൽ നിന്നു പമ്പുചെയ്താണ് കർണാടകം തലസ്ഥാന നഗരിയിൽ കുടിവെളളമെത്തിച്ചത്. ഇപ്പോൾ ബീച്ചനളളി അണയിലുള്ള വെള്ളവും അതിനായുള്ള കരുതലാണെന്നു പറയുന്നു. നിലവിൽ മരക്കടവിലെ പമ്പുഹൗസ് 24 മണിക്കൂർ പ്രവർത്തിച്ചാണ് ഒരുപരിധിവരെ ജലവിതരണം നടത്തുന്നത്. 50 ലക്ഷംലീറ്റർ ജലമാണ് ഇരുപഞ്ചായത്തിലും വിതരണം ചെയ്യുന്നത്. ജൽജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം നൽകാത്തതാണ് നിർമാണങ്ങൾ ഇഴയാൻ കാരണമായത്. ദിവസേന പകൽചൂട് ഉയരുന്നതിനാൽ ജലക്ഷാമം വരുംദിവസങ്ങളിൽ രൂക്ഷമായോക്കും. ജലക്ഷാമം നേരിടാനുള്ള മുന്നൊരുക്കങ്ങളൊന്നും ആരംഭിച്ചതുമില്ല.