ടൗൺഷിപ്പിന് ഭൂമിയേറ്റെടുക്കൽ ഒരാഴ്ചയ്ക്കകം പൂർത്തിയാകും: മന്ത്രി

Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ. ടൗൺഷിപ്പിൽ വീടു ലഭിച്ചവർ, ദുരന്തഭൂമിയിലെ വീടും ഭൂമിയും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും ഒഴിയണമെന്ന സമ്മതപത്രത്തിലെ വ്യവസ്ഥ ദുരന്തഭൂമിയിലെ വീട് ഒഴിയണമെന്നു മാത്രമാക്കി നിജപ്പെടുത്തും.
ദുരന്തഭൂമിയിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണുമെല്ലാം 3 ഘട്ടമായി നീക്കം ചെയ്യുമെന്നും കലക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. ദുരന്തഭൂമി പുനരുപയോഗത്തിന്റെ ഭാഗമായി ഏതൊക്കെ കൃഷി ആരംഭിക്കാമെന്നതിൽ വിദഗ്ധപഠനം നടത്താൻ കാർഷികസർവകലാശാലയെ ചുമതലപ്പെടുത്തും. എല്ലാ ദുരന്തബാധിതർക്കും തുല്യനീതി എന്നതാണു സർക്കാർ നിലപാട്. പടവെട്ടിക്കുന്ന്, സ്കൂൾ റോഡ് മേഖലയിലുള്ളവരുടെ പ്രശ്നപരിഹാരത്തിനു ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധന നടത്തി ശുപാർശ നൽകാവുന്നതാണെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.

സഹായ വിതരണം എളുപ്പമാക്കാൻ സ്മാർട് കാർഡ്
ദുരിതബാധിതർക്കു സർക്കാർ സഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനു സ്മാർട്ട് കാർഡ് വിതരണവുമായി സർക്കാർ. സ്മാർട്ട് കാർഡ് സ്‌കാൻ ചെയ്താൽ വ്യക്തികളുടെ ആരോഗ്യം- ഭക്ഷണം-വാടക തുടങ്ങിയ വിവരങ്ങൾ എളുപ്പത്തിൽ കിട്ടും. കാർഡ് ലഭിച്ചവർക്ക് ആശുപത്രികളിൽനിന്ന് വേഗത്തിൽ ചികിത്സ ഉറപ്പാക്കാനാകും. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ 3 നിറങ്ങളിലാണ് കാർഡ്. ചുവപ്പുനിറത്തിലുള്ള കാർഡ് നേരിട്ട് ദുരിതബാധിതരായവർക്കും ഓറഞ്ച് നിറത്തിലുള്ളത് ഭാഗികമായി ദുരിതം നേരിട്ടവർക്കും പച്ചനിറത്തിലുള്ള കാർഡ് ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കുമാണ്.
വ്യക്തിയുടെ അസുഖത്തിന്റെ തോതനുസരിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സയില്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനാകും. മറ്റു ജില്ലകളിലെ ആശുപത്രി സേവനങ്ങൾ ലഭ്യമാക്കാൻ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥതലയോഗം ചേരും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഐടി വിഭാഗത്തിന്റെയും നേതൃത്വത്തിൽ തയാറാക്കിയ കാർഡിന്റെ വിതരണോദ്ഘാടനം മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു.
വൈത്തിരിയിൽ ട്രോമാകെയർ ആശുപത്രി
ടാറ്റയുടെ സിഎസ്ആർ പദ്ധതിയിലുൾപ്പെടുത്തി വൈത്തിരി താലൂക്കിൽ ലെവൽ ത്രീ ട്രോമാ കെയർ ആശുപത്രി സ്ഥാപിക്കുമെന്നു മന്ത്രി കെ. രാജൻ. 22 കോടി രൂപ ചെലവിലാണ് ആശുപത്രി ഉയരുക. മേപ്പാടി സിഎച്ച്സിയിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സഹായങ്ങൾ ഇങ്ങനെ
∙പ്രകൃതിദുരന്തത്തിൽ കൃഷിനാശമുണ്ടായ 268 പേർക്ക് 15.16 ലക്ഷം രൂപ സഹായമായി നൽകി
∙വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് 18.2 ലക്ഷം രൂപ വിതരണം ചെയ്തു.
∙32 പേർക്ക് സംരംഭം തുടങ്ങാൻ വ്യവസായവകുപ്പ് 65 ലക്ഷം രൂപ സഹായം നൽകി
∙182 പേർക്ക് വിവിധ സിഎസ്ആർ പദ്ധതികളിൽപെടുത്തി ഉപജീവനസഹായം നൽകി
∙തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി ദുരന്തമേഖലയിലെ 297 പ്രവൃത്തികൾക്കു ഭരണാനുമതി
∙ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികളുൾപെടെ 24 കുട്ടികൾക്ക് 10 ലക്ഷം, 5 ലക്ഷം വീതം സാമ്പത്തിക സഹായം നൽകി
∙ 24 കുട്ടികൾക്ക് ഹോസ്റ്റൽ ഫീസ് ഇനത്തിൽ പ്രതിമാസം 4000 രൂപ വീതം നൽകും
∙ ദുരന്തമേഖലയിൽ തെരുവുവിളക്കുകൾ ആരംഭിക്കാൻ 5 കോടി രൂപ അനുവദിച്ചു
∙ ദുരന്തബാധിതർക്ക് 1000 രൂപയുടെ ഭക്ഷ്യക്കൂപ്പൺ നൽകും
∙ വളർത്തുമൃഗങ്ങളുടെ യൂണിറ്റ് ആരംഭിക്കുന്നതിന് 78 കോടി രൂപയുടെ അനുമതിക്ക് ശുപാർശ നൽകി