കൂരമാനിനെ വെടിവച്ച 2 പേർ അറസ്റ്റിൽ

Mail This Article
മാനന്തവാടി ∙ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺ കുന്ന് വനഭാഗത്ത് അതിക്രമിച്ച് കടന്ന് കൂരമാനിനെ വെടിവെച്ച കേസിൽ 2 പേർ പിടിയിൽ. വെണ്മണി സ്വദേശികളായ പുളിമൂല എം.ആർ.മോഹൻദാസ് (44), കുറുമ്പാട്ട് കുന്നേൽ വീട് കെ.എസ്.സുജിത്ത് (29) എന്നിവരെയാണ് വരയാൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.വി.ആനന്ദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വനഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിൽ വനത്തിൽ നിന്നും വെടി പൊട്ടിയ ശബ്ദം കേട്ട് വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സിറിൾ സെബാസ്റ്റ്യൻ, സി.അരുൺ, അരുൺ ചന്ദ്രൻ, ഫസലുൽ റഹ്മാൻ, സുനിൽകുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് സാഹസികമായി പ്രതികളെ പിടികൂടിയത്.
വേട്ട സംഘത്തിലെ ഒരാൾ ഓടി മറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞതായും പ്രതികൾക്കെതിരെ വനം–വന്യജീവി നിയമ പ്രകാരമുള്ള കേസുകൾക്ക് പുറമേ ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വച്ചതിന് ആയുധം നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കൈമാറുമെന്ന് പേരിയ റേഞ്ച് ഓഫിസർ ഡി.ഹരിലാൽ പറഞ്ഞു. പ്രതിയായ മോഹൻദാസ് 2014 ൽ തോൽപെട്ടിയിൽ കാട്ടുപോത്തിനെ വെടിവച്ച കേസിലും അറസ്റ്റിലായിരുന്നു.