കാടിനുള്ളിലെ അമ്പതേക്കർ ഊരിന് സാംസ്കാരിക നിലയം

Mail This Article
ബത്തേരി∙ വനത്തിനുള്ളിലെ അമ്പതേക്കർ ഊരിന് ഇനി സാംസ്കാരിക നിലയം സ്വന്തം. എംപിയായിരുന്നപ്പോൾ എ.കെ.ആന്റണി നൽകിയ 25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സാംസ്കാരിക നിലയമാണ് ഉദ്ഘാടനത്തിന് സജ്ജമായത്. പ്രിയങ്ക ഗാന്ധി എംപി ഇന്ന് ഉച്ചയ്ക്ക് 1ന് സാംസ്കാരിക നിലയം ഊരിന് സമർപ്പിക്കും.
സ്റ്റേജും ഹാളുമടങ്ങിയ സാംസ്കാരിക നിലയം അമ്പതേക്കർ ഉന്നതിക്കാർക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. സ്വയം തൊഴിൽ പദ്ധതികൾ നടപ്പാക്കുന്നതിനും വിവിധ യോഗങ്ങൾ നടത്തുന്നതും ക്ലാസുകൾ, വിവാഹം എന്നിവയ്ക്കും അമ്പതേക്കർ ഉന്നതി നിവാസികൾക്ക് പ്രയോജനപ്പെടും.
നൂൽപുഴ പഞ്ചായത്തിലെ വടക്കനാട് അമ്പതേക്കർ ഉന്നതിയിൽ 28 കുടുംബങ്ങളിലായി 72 പേരാണുള്ളത്. ഇതിൽ തന്നെ 4 കുടുംബങ്ങൾക്ക് റേഷൻകാർഡും 5 കുടുംബങ്ങൾക്ക് വീടും ഇല്ല. റോഡ്, കുടിവെള്ള സൗകര്യങ്ങളും പൂർണ തോതിൽ ആയിട്ടില്ല. വനത്താൽ ചുറ്റപ്പെട്ട സ്ഥലമായിട്ടും പ്രതിരോധ മാർഗങ്ങൾ ഇനിയും പ്രാവർത്തികമാക്കേണ്ടതുണ്ട്. സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാകുന്നതോടെ അത് അമ്പതേക്കറുകാർക്കും പുതുജീവൻ നൽകും.