ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം ഡോ.ദിൽനയ്ക്ക്
Mail This Article
ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള, കേരളത്തിലെ ഏറ്റവും വലിയ പുരസ്കാരമായ ഡോ. എൻ.ചന്ദ്രശേഖരൻ നായർ ഗവേഷണ പുരസ്കാരം ഡോ.കെ.ദിൽനയ്ക്ക്. കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപക ചെയർമാൻ, അന്തരിച്ച ഡോ. എൻ. ചന്ദ്രശേഖരൻ നായരാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കേരളത്തിലെ സർവകലാശാലകളിൽനിന്ന് ഹിന്ദി സാഹിത്യത്തിൽ നേടുന്ന ഡോക്‌ടറേറ്റുകളിലെ മികച്ച പ്രബന്ധത്തിനാണ് 50000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം നൽകുക.
കേരള കേന്ദ്ര സർവകലാശാലയിൽനിന്നു ഡോക്‌ടറേറ്റ് നേടിയ ഡോ. ദിൽന പയ്യന്നൂർ പെരിങ്ങോം ഗവൺമെന്റ് കോളജിൽ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയാണ്. കണ്ണപുരം കെ. രവി– ഷീലാ ദമ്പതികളുടെ മകളാണ്. ഡിസംബർ 28 ന് ഡോ.എൻ ചന്ദ്രശേഖരൻ നായരുടെ 101–ാം ജന്മദിനാഘോഷച്ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് അക്കാദമി ജനറൽ സെക്രട്ടറി ഡോ.എസ് സുനന്ദ അറിയിച്ചു.