ADVERTISEMENT

പേരിനോട് ഒരു സിനിമയ്ക്ക് 100 ശതമാനം നീതി പുലർത്താൻ സാധിക്കുമെങ്കിൽ ‘റൈഫിൾ ക്ലബ്’ അതിനു മകുടോദാഹരണമാണ്. കഥയെക്കാൾ തോക്കിനു പ്രാധാന്യമുള്ള സിനിമ. കഥാപാത്രങ്ങളെക്കാൾ കൂടുതൽ തോക്കുകളുള്ള സിനിമ. വെടിപൊട്ടലിന്റെ ശബ്ദം പലപ്പോഴും പശ്ചാത്തല സംഗീതമായി മാറിയപ്പോൾ പിറന്നത് മെയ്ക്കിങ്ങിൽ മികച്ച ഒരു ആക്‌ഷൻ ചിത്രം.   

സുൽത്താൻ ബത്തേരിയിലെ റൈഫിൾ ക്ലബ്. തോക്കു കൊണ്ട് അമ്മാനമാടുന്ന പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെയും അവരോട് അടുപ്പമുള്ളവരുടെയും കൂട്ടായ്മ. ആൺ–പെൺ വ്യത്യാസമില്ലാതെ എല്ലാവരും തോക്കുപയോഗിക്കുന്നതിൽ സമർഥർ. വേട്ടയാടലും വെടി പൊട്ടിക്കലും വെറും നേരമ്പോക്ക് ആക്കിയവർ. തിന്നും കുടിച്ചും സൊറ പറഞ്ഞും ജീവിച്ച അവർക്കിടയിലേക്ക് കുറച്ച് അതിഥികളെത്തുന്നു. ആ അതിഥികളെ തേടി അവരുടെ കുറച്ചു ശത്രുക്കളും.

90–കളിലാണ് കഥ നടക്കുന്നത്. അന്നത്തെ കഥാപശ്ചാത്തലം കൃത്യമായും വ്യക്തമായും ഒരുക്കിയിരിക്കുന്നു. തോക്കുകൾ നിത്യജീവിതത്തിൽ സാധാരണമെന്നോണം ഉപയോഗിക്കുന്നവരാണ് സിനിമയിലെ മിക്ക കഥാപാത്രങ്ങളും. തോക്ക് കണ്ടാൽ അവർ പേടിക്കുകയില്ല, വെടിയൊച്ച കേട്ടാൽ ഞെട്ടുകയുമില്ല. പതിയെ ആരംഭിക്കുന്ന ചിത്രം ആദ്യ 15 മിനിറ്റുകൾക്കുള്ളിൽ തന്നെ ട്രാക്ക് മാറ്റും. ഗൺഫൈറ്റുകൾ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്. വരും ദിവസങ്ങളിൽ ക്ലിക്കാകാൻ സാധ്യതയുള്ള ചില വൺലൈനർ ഡയലോഗുകളും കൗണ്ടറുകളും ചിത്രത്തിലുണ്ട്. ഒരു മണിക്കൂർ നീളുന്ന ആദ്യപകുതിയും ഇന്റർവെൽ പഞ്ചും കാണികളെ മടുപ്പിക്കില്ല.

ചടുലമാണ് ചിത്രത്തിന്റെ രണ്ടാം പകുതിയും. ത്രില്ലടിപ്പിക്കുന്ന ചില ഗൂസ്ബംപ് സീനുകളും അതിനൊത്ത ബിജിഎമ്മും കാണികളെ ആവേശത്തിലാക്കും. ക്ലൈമാക്സിലേക്കടുക്കുമ്പോൾ സിനിമ പ്രവചനാത്മകമാകുന്നുണ്ടെങ്കിലും മെയ്ക്കിങ്ങിൽ അതിനെ മറികടക്കുന്നുണ്ട് സംവിധായകൻ. ടെയിൽ എൻഡ് ഉൾപ്പടെ എല്ലാം കാണികളെ ആകർഷിക്കും. വയലൻസുണ്ടെങ്കിലും മനംമടുപ്പിക്കുന്നതായി അതു മാറുന്നില്ല.

1325000649

നായകസ്ഥാനത്തുള്ള ദിലീഷ് പോത്തനും പ്രതിനായക സ്ഥാനത്തുള്ള അനുരാഗ് കശ്യപും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ഇതിൽ തന്നെ അനുരാഗ് കശ്യപ് ഒരു പടി മുന്നിൽ നിൽക്കുന്നുവെന്ന് പറയേണ്ടി വരും. വിജയരാഘവൻ, വാണി വിശ്വനാഥ്, ഉണ്ണിമായ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, സുരേഷ് കൃഷ്ണ പിന്നെ നമ്മുടെ ഹനുമാൻകൈൻഡും, എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്തും.

റൈഫിൾ ക്ലബ് സംവിധായകൻ ആഷിക്ക് അബുവിനെ സംബന്ധിച്ച് ഒരു തിരിച്ചുവരവാണ്. ഒപ്പം ഛായാഗ്രാഹകൻ ആഷിക്ക് അബുവിന്റെ അവിസ്മരണീയ അരങ്ങേറ്റവും. ഇതിലേതാണ് മുന്നിൽ നിൽക്കുന്നതെന്നു ചോദിച്ചാൽ രണ്ടും ഒന്നിനൊന്ന് മികച്ചതെന്നേ പറയാൻ പറ്റൂ. ഇൗ സിനിമയുടെ ആത്മാവ് തന്നെ ഇതു രണ്ടുമാണ്. ശ്യാം പുഷ്ക്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവരുടെ തിരക്കഥയും ഡയലോഗും ശക്തമാണ്. റെക്സ് വിജയന്റെ പാട്ടുകൾ മികവു പുലർത്തിയപ്പോൾ പശ്ചാത്തല സംഗീതം പല സീനുകളെയും മറ്റൊരു തലത്തിലേക്കെത്തിച്ചു.

റൈഫിൾ ക്ലബ് ഒരു തിയറ്റർ വാച്ച് സിനിമയാണ്. വലിയ സ്ക്രീനിൽ മികച്ച ശബ്ദസന്നാഹങ്ങളുടെ അകമ്പടിയോടെ കണ്ടാസ്വദിക്കേണ്ട ചിത്രം. ഒടിടിയിൽ കണ്ടാൽ പ്രേക്ഷകന് ഒരുപക്ഷേ അതിന്റെ മുഴുവൻ ഫീലും കിട്ടണമെന്നില്ല. മികച്ച മെയ്‌ക്കിങ്ങും മിന്നും പ്രകടനങ്ങളുമുള്ള ചിത്രം കാണികളെ നിരാശരാക്കില്ല.

English Summary:

Rifle Club Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com