25 വര്‍ഷം പൂര്‍ത്തിയാക്കി വാഗണ്‍ ആര്‍; ഇന്നും ആളുകളുടെ ഇഷ്ട വാഹനം
Mail This Article
1999 ഡിസംബര്‍ 18നാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. തുടക്കം മുതല്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവച്ച വാഗണ്‍ ആര്‍ ഇപ്പോഴിതാ 25 വര്‍ഷവും പൂര്‍ത്തിയാക്കിയിരിക്കുന്നു. വെറുതേയങ്ങ് 25 വര്‍ഷം പൂര്‍ത്തിയാക്കുകയല്ല കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും(2022, 2023, 2024) തുടര്‍ച്ചയായി ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന നേട്ടവും സ്വന്തമാക്കിയാണ് വാഗണ്‍ ആര്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്.
നിലവില്‍ മൂന്നാം തലമുറ വാഗണ്‍ ആറാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതുവരെ 32 ലക്ഷം വാഗണ്‍ ആറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുവെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ജപ്പാനിലെ പ്രസിദ്ധമായ കെയ് കാര്‍ ഇന്ത്യയിലെത്തിയപ്പോഴും ജനപ്രീതി കൈവിട്ടില്ലെന്നാണ് ഇതില്‍ നിന്നും തെളിയുന്നത്. ടോള്‍ ബോയ് ഡിസൈനും താരതമ്യേന വിശാലമായ ഇന്റീരിയറുമുള്ള വാഗണ്‍ ആര്‍ ഇന്നും ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറുടമകള്‍ക്കിടയിലെ പ്രിയ മോഡലാണ്.
വാഗണ്‍ ആറിന്റെ ആദ്യ തലമുറ 1999 മുതല്‍ 2009 വരെയാണ് പുറത്തിറക്കിയത്. ചെറുകാറുകളില്‍ വിശാലമായ സൗകര്യങ്ങളുമായെത്തിയ ഹ്യുണ്ടേയ് സാന്‍ട്രോയുടെ എതിരാളിയായാണ് മാരുതി സുസുക്കി വാഗണ്‍ ആറിനെ പുറത്തിറക്കിയത്. 67എച്ച്പി, 1.1 ലീറ്റര്‍ എഫ്10ഡി പെട്രോള്‍ എന്‍ജിന്‍. 2003ല്‍ ആദ്യമായി മുഖം മിനുക്കിയെത്തി. 2006ല്‍ രണ്ടാമത്തെ ഫേസ് ലിഫ്റ്റ് മോഡല്‍ പുറത്തിറങ്ങി.
ആദ്യ തലമുറ വാഗണ്‍ ആറില്‍ രണ്ടാം നിരയില്‍ 50:50 സ്പ്ലിറ്റ് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഈമോഡല്‍ 4 സീറ്ററായാണ് മാരുതി സുസുക്കി പോലും രജിസ്റ്റര്‍ ചെയ്തതും. ഇന്ന് സ്ഥല സൗകര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന വാഗണ്‍ ആറിന്റെ ആദ്യ തലമുറയിലെ ഈ സൗകര്യക്കുറവിനെതിരെ വലിയതോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തു. തെറ്റു തിരിച്ചറിഞ്ഞ് രണ്ടാം നിരയില്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന രീതിയിലേക്ക് സീറ്റിങ് മാറ്റിയതോടെ വാഗണ്‍ ആറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രണ്ടാം തലമുറ വാഗണ്‍ ആര്‍ 2010 മുതല്‍ 2018 വരെയാണ് പുറത്തിറങ്ങിയിരുന്നത്. പുതിയ പ്ലാറ്റ്‌ഫോമിനൊപ്പം എബിഎസും എയര്‍ബാഗും പോലുള്ള സുരക്ഷാ ഫീച്ചറുകളും ഇത്തവണ വാഗണ്‍ ആറിലേക്കെത്തി. 68എച്ച്പി, 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ കെ10ബി എന്‍ജിനായിരുന്നു കരുത്ത്. വാഗണ്‍ ആറില്‍ സിഎന്‍ജി വകഭേദം എത്തിയത് രണ്ടാം തലമുറയിലായിരുന്നു.
കൂടുതല്‍ ഫീച്ചറുകളോടെ 2013ല്‍ രണ്ടാം തലമുറയുടെ ആദ്യ ഫേസ് ലിഫ്റ്റ് പുറത്തിറങ്ങി. പുതിയ സ്ട്രിന്‍ഗ്രേ വകഭേദം 2014ല്‍ മാരുതി സുസുക്കി പുറത്തിറക്കി. അന്ന് സെഗ്മെന്റില്‍ തന്നെ ആദ്യമായി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍ വാഗണ്‍ ആറിന് ലഭിച്ചത് ഈ വകഭേദം വഴിയായിരുന്നു. വാഗണ്‍ ആറിന്റെ പ്രീമിയം വകഭേദമായാണ് സ്ട്രിന്‍ഗ്രേയെ മാരുതി സുസുക്കി അവതരിപ്പിച്ചത്.
മൂന്നാം തലമുറ വാഗണ്‍ ആര്‍ 2019ല്‍ പുറത്തിറങ്ങി. ഹെര്‍ട്ടെക് പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിയ ഈ വാഗണ്‍ ആറിന് വലിപ്പവും സൗകര്യങ്ങളും ഫീച്ചറുകളും കൂടുതലായിരുന്നു. മൂന്നാം തലമുറയിലേക്കെത്തിയപ്പോഴേക്കും ജാപ്പനീസ് മോഡലില്‍ നിന്നും തനി ഇന്ത്യന്‍ മോഡലായി വാഗണ്‍ ആര്‍ മാറി. രണ്ട് എന്‍ജിന്‍ വഭേദങ്ങള്‍ ആദ്യമായെത്തിയതും മൂന്നാം തലമുറയില്‍. കെ10ബി 1.0ലീറ്റര്‍ പെട്രോള്‍ എന്‍ജിനും കെ12എം 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും. 1.0 ലീറ്റര്‍ എന്‍ജിനില്‍ സിഎന്‍ജി ഓപ്ഷനും ലഭ്യമാണ്.
2022 ഫെബ്രുവരിയിലാണ് അവസാനമായി വാഗണ്‍ ആറിന് അപ്‌ഡേഷന്‍ ലഭിച്ചത്. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ എന്‍ജിനില്‍ വരുത്തിയ മാറ്റങ്ങളായിരുന്നു അത്. ചെറിയ രീതിയില്‍ രൂപമാറ്റവും ലഭിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് വാഗണ്‍ ആറിന്റെ വില്‍പന 10 ലക്ഷം കടന്നെന്ന് മാരുതി സുസുക്കി അറിയിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സിഎന്‍ജിന്‍ മോഡല്‍ വാഗണ്‍ ആറിന്റേതാണെന്നും(6.6 ലക്ഷം രൂപ) മാരുതി സുസുക്കി അവകാശപ്പെടുന്നു.