ADVERTISEMENT

കഴിഞ്ഞ പതിനഞ്ചു വർഷത്തെ പരിശ്രമത്തിന് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിങ്ങലാക്കുട ക്രൈസ്റ്റ് കോളജിലെ കെമിസ്ട്രി വിഭാഗം മേധാവി ഡോ.വി.ടി.ജോയി. ഇന്ന് വാഹനങ്ങളിലും മൊബൈൽ ഫോണുകളിലുമടക്കം വ്യാപകമായി ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററിക്കു പകരം താരതമ്യേന വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ സിങ്ക് അധിഷ്ഠിത ബാറ്ററിയാണ് ഡോ.വി.ടി. ജോയിയും ഗവേഷണ വിദ്യാർഥികളായ ഡെയ്ഫി ഡേവിസ്, ലയ മേരി എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്തത്. 

സാധാരണ സിങ്ക് ബാറ്ററികളുടെ അപാകതയായി കണ്ടുവരുന്ന ഡെൻഡ്രൈറ്റ് എന്ന പ്രശ്നം പരിഹരിച്ചുകൊണ്ടാണ് ജോയിയും സംഘവും ഇത് തയാറാക്കിയിരിക്കുന്നത്. ഇതിന് അമേരിക്കൻ പേറ്റന്റും ലഭിച്ചു.  അമേരിക്കയിലെ ഗോൾഡൻ ഗേറ്റ് ബാറ്ററി എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്.  ലിഥിയം അയോൺ ബാറ്ററികൾക്ക് കാര്യക്ഷമതയും കൂടുതൽ കാലം നിലനിൽക്കുമെന്ന ഗുണവുമുള്ളതിനാലാണ് ഈ ബാറ്ററി വ്യാപകമായി ഉപയോഗിച്ചു വരുന്നത്. എന്നാൽ സിങ്ക്ബാറ്ററിയിലെ പ്രധാന അപാകത പരിഹരിച്ച് ജോയിയും സംഘവും പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയതോടെ ഇലക്ട്രിക് വാഹനവിപണി ഉൾപ്പെടെയുള്ള മേഖലയ്ക്കു വലിയ ഗുണംചെയ്യും.

v-t-joy-daify
ഡോ. വി.ടി ജോയിയും ഗവേഷക വിദ്യാർഥിയായ ഡെയ്സി‌ ഡേവിസും സിങ്ക് ബാറ്ററി പ്രവർത്തിപ്പിക്കുന്നു.

എങ്ങനെ കുറയ്ക്കാം അന്തരീക്ഷ മലിനീകരണം ?

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ എന്തുചെയ്യാം എന്ന ചിന്തയാണ് ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്നു ജോയി പറയുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജത്തിന് വരുംകാലങ്ങളിൽ പ്രാധാന്യ മേറുമെന്നതും അതിനൊരു കാരണമായി. ഉയർന്ന വില, തീപിടിക്കാനുള്ള സാധ്യത, ലഭ്യതക്കുറവ് എന്നിവ ലിഥിയം അയോൺ ബാറ്ററികളുടെ പരിമിതികളാണ്. ലിഥിയം അയോൺ ബാറ്ററികളെ അപേക്ഷിച്ച് 30 മുതൽ 40 ശതമാനം വരെ വിലക്കുറവാണ് സിങ്ക് അധിഷ്ഠിത ബാറ്ററികൾക്ക്. മൊബൈൽഫോണിലടക്കം ഉപയോഗിക്കാവുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത സിങ്ക് അധിഷ്ഠിത ബാറ്ററി കമ്പനികൾ ഉപയോഗപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് ചെറിയവിലയിൽ ഉപകരണങ്ങൾ സ്വന്തമാക്കാനാകും. 

mary-anto
ഗവേഷക വിദ്യാർഥിയായ ലയ മേരി ആന്റോ.

സിങ്ക് ബാറ്ററികളുടെ പ്രധാന പ്രശ്നം, ബാറ്ററി ചാർജ് ചെയ്യുമ്പോൾ സിങ്ക് ലോഹം ഒരു പോലെയല്ല പ്ലേറ്റുകളിൽ പറ്റിപ്പിടിക്കുന്നത്. ഡെൻഡ്രൈറ്റ് എന്നു വിളിക്കുന്ന പ്രതലം ബാറ്ററിക്കുള്ളിൽ രൂപപ്പെടുന്നത് വെല്ലുവിളിയായി. ഇത് ഷോർട്സർകീട്ടിന് കാരണമാവുകയും ചെയ്തിരുന്നു. ഈ പരിമിതിക്ക് പരിഹാരമായി സിങ്ക് പ്ലേറ്റ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഡോ.വി.ടി. ജോയിയുടെ സംഘം  വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതിക വിദ്യയിൽ നിർമിച്ച ബാറ്ററികൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമ്പോൾ റോയൽറ്റി ലഭിക്കുന്ന തരത്തിൽ അമേരിക്കൻ കമ്പനിയുമായി ഒപ്പുവച്ചിട്ടുണ്ട്. ഇതിനകം ഒട്ടേറെ പ്രമുഖ കമ്പനികൾ ജോയിയെ സമീപിച്ചിട്ടുണ്ട്.

Content Summary:

Revolutionary Zinc Battery Technology Solves Environmental & Cost Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com