1500 വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് 2 മണിക്കൂർ കൊണ്ടൊരുക്കിയത് 66 ഹ്രസ്വ ചിത്രങ്ങൾ
Mail This Article
കാഞ്ഞിരപ്പള്ളി ∙ സംഘകലയുടെ വസന്തമൊരുക്കി സെന്റ് ഡൊമിനിക്സിലെ വിദ്യാർഥികൾ. 66 ഹ്രസ്വ ചിത്രങ്ങൾക്കാണു കലാലയമുറ്റത്ത് ജീവൻവച്ചത്. 1500 വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് 2 മണിക്കൂർ കൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയത്.
സുന്ദരകാണ്ഡം എന്ന പരിപാടിയിലൂടെ തയാറാക്കിയ ചിത്രങ്ങളുടെ കഥ,തിരക്കഥ,സംവിധാനം,ഛായാഗ്രഹണം,അഭിനയം എന്നിവയെല്ലാം വിദ്യാർഥികൾതന്നെ നിർവഹിച്ചു. ജീവിതത്തിന്റെ സൗന്ദര്യവും യൗവനത്തിന്റെ സാധ്യതകളും എന്ന വിഷയത്തിലാണു ചിത്രങ്ങൾ ഒരുക്കിയത്.
കല, പ്രണയം, ലഹരി, ആത്മഹത്യ, പരിസ്ഥിതി വിഷയങ്ങളാണ് ഏറെയും പ്രമേയമാക്കിയത്. മൊബൈൽ ഫോൺ മുതൽ പ്രഫഷനൽ ക്യാമറ വരെ ഉപയോഗിച്ചാണു ചിത്രീകരണം. ചലച്ചിത്ര പ്രവർത്തകൻ ബിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളജിലെ പൂർവ വിദ്യാർഥി അന്തരിച്ച സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ പേരിൽ ആരംഭിച്ച ചലച്ചിത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
2015ൽ തുടങ്ങിയ പങ്കാളിത്ത പഠന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണു ചലച്ചിത്ര ചിത്രീകരണമെന്നും ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ മത്സരാടിസ്ഥാനത്തിലാണു സുന്ദരകാണ്ഡം സംഘടിപ്പിച്ചതെന്നും പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ് പറഞ്ഞു. ഫാ.മനോജ് പാലക്കുടി, പ്രഫ.ബിനോ പി.ജോസ്, ആസ്റ്റിൽ ടോം, അനോവിൽ ഷാജി, എം.എസ്.അനുശ്രീ, ഭാഗ്യലക്ഷ്മി രാജ്, സോണി ജോസഫ്, നെൽസൺ കുര്യാക്കോസ്, പ്രതീഷ് ഏബ്രഹാം, സ്റ്റെഫി തോമസ് എന്നിവർ നേതൃത്വം നൽകി.