ആദ്യ ഇന്റർവ്യൂവിലെ പരാജയത്തിലുണ്ടായ വാശിയാണ് ഓസ്കർ പുരസ്കാര ജേതാവാക്കിയത്: റസൂൽ പൂക്കുട്ടി
Mail This Article
കോതമംഗലം∙ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റർവ്യൂവിലെ പരാജയത്തിലുണ്ടായ വാശിയാണു തന്നെ ഓസ്കർ പുരസ്കാര ജേതാവാക്കിയതെന്നു റസൂൽ പൂക്കുട്ടി. പരാജയം ഒന്നിന്റെയും അവസാനമല്ലെന്നു മനസ്സിലാക്കി വിദ്യാർഥികൾ പ്രവർത്തിക്കണം. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള ഇന്റർ സ്കൂൾ കൾചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുമായി റസൂൽ പൂക്കുട്ടി സംവാദവും നടത്തി.
യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷനായി. ചെയർമാൻ മാത്യൂസ് മാർ അപ്രേം, കോളജിലെ പൂർവവിദ്യാർഥിയായ സംവിധായകൻ കെ.എം.കമൽ, എംഎ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, മരിയ സിജു എന്നിവർ പ്രസംഗിച്ചു. റസൂൽ പൂക്കുട്ടിയെയും കെ.എം.കമലിനെയും ഡോ. വിന്നി വർഗീസ് ആദരിച്ചു. ഡിസംബർ 2 വരെയുള്ള കൾചറൽ ഫെസ്റ്റിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നു വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ആദ്യ ദിവസം മൈം മത്സരത്തിൽ ചങ്ങനാശേരി ക്രിസ്തുജ്യോതി എച്ച്എസ്എസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ്, വൈറ്റില ടോക്–എച്ച് പബ്ലിക് സ്കൂൾ എന്നിവർ 1 മുതൽ 3 വരെ സ്ഥാനം നേടി.