ഒരു പൊതിയിൽനിന്നു ചോറുണ്ട് അഞ്ചു കൂട്ടുകാർ; ക്യാംപസ് സൗഹൃദക്കാഴ്ച പകർത്തി അധ്യാപകൻ
Mail This Article
എന്തിനും ഏതിനും പുതുതലമുറയെ സംശയിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് തൃശൂർ സെന്റ് തോമസ് കോളജിലെ അസി. പ്രഫസർ ഡോ. ഡെയ്സൻ പാണേങ്ങാടൻ ക്യാംപസ് സൗഹൃദത്തിന്റെ നേരിനെക്കുറിച്ച് വാചാലനാകുന്നത്. സൗഹൃദത്തിന്റെ തീവ്രത പ്രകടിപ്പിക്കാനായി പഴയ തലമുറ പറഞ്ഞു പഴകിയ ഒരു ക്ലീഷേ ഡയലോഗിൽ നിന്നാണ് പുതിയ ക്യാംപസ് തനിക്കായി കാത്തു വച്ച സുന്ദരൻ ഫ്രെയിമിന്റെ കഥ അദ്ദേഹം പറയുന്നത്.
ഞങ്ങൾ ഒരിലയിൽ ഉണ്ട് ഒരു പായയിൽ ഉറങ്ങിയവരാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ ഈ പുതിയ കാലത്തും അതങ്ങനെതന്നെയാണെന്ന് കാട്ടിത്തരുന്ന ഒരു ചിത്രമാണ് അദ്ദേഹം സ്വന്തം ക്യാംപസിൽനിന്നു പകർത്തിയത്. ചിത്രത്തെക്കുറിച്ചും ക്യാംപസ് സൗഹൃദത്തെക്കുറിച്ചും ഡോ. ഡെയ്സൻ പാണേങ്ങാടൻ എഴുതിയതിങ്ങനെ:
‘‘ഇന്നുച്ചയ്ക്ക് എന്റെ ക്യാംപസിലെ ഗാന്ധിസ്മൃതിയിൽനിന്നു പകർത്തിയ ചിത്രമാണിത്. വലിയൊരു ഇലയിൽ പൊതിഞ്ഞു കൊണ്ടു വന്ന ചോറും വിഭവങ്ങളും അഞ്ചു സുഹൃത്തുക്കൾ പങ്കിട്ടു കഴിക്കുന്നു. നല്ല സൗഹൃദങ്ങൾ അങ്ങനെയാണ്. വലിയൊരു കാന്തിക വലയം പോലെ നമ്മെ ആകർഷിച്ചു കൊണ്ടിരിക്കും. സന്തോഷവും സങ്കടവുമൊക്കെ പങ്കിടാൻ നല്ല സൗഹൃദങ്ങൾ ഇന്നിന്റെ അനിവാര്യത കൂടിയാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നു കൂടിയാണ് നല്ല സൗഹൃദങ്ങൾ.
സുഹൃത്തുക്കൾ, നമ്മുടെ ജീവിതത്തിൽ നമുക്കേറെ പ്രിയപ്പെട്ടവരും പ്രധാനപ്പെട്ടവരുമാണെന്ന കാര്യം പറയാതെ വയ്യ. അവരെ വാക്കുകളുടെ ആലങ്കാരികമായ പരിമിതികൾക്കുള്ളിൽനിന്ന് വിവരിക്കാനും സാധിക്കില്ല. അത്രമേൽ പ്രാമുഖ്യമുള്ള, വൈകാരികതയുള്ള, നമ്മെ നാമാക്കി മാറ്റുന്ന ബന്ധങ്ങളാണ് നല്ല സൗഹൃദങ്ങൾ. ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കാൻ അവർക്കേ സാധിക്കൂ. ഉള്ളുതുറന്ന് സംസാരിക്കാനും പൊട്ടിച്ചിരിക്കാനും ദേഷ്യപ്പെടാനും നമുക്കു പറ്റുന്നത് സുഹൃത്തുക്കളോടു മാത്രമായിരിക്കും. പലപ്പോഴും നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളാണ് നല്ല സൗഹൃദങ്ങളെന്ന് നിസ്സംശയം പറയാം.
ജീവിതത്തിലെ മോശം കാലഘട്ടങ്ങളിൽ നമ്മെ ആശ്വസിപ്പിക്കാനും കൂടെ നിൽക്കാനും ഉണ്ടാകുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ. നമ്മുടെ തീരുമാനങ്ങളിലും കഴിവിലും നമുക്കു തന്നെ സംശയം തോന്നുമ്പോൾ നമുക്ക് ക്രിയാത്മക നിർദ്ദേശം തരുന്നവരും നമ്മുടെ കഴിവിൽ പൂർണ വിശ്വാസമുള്ളവരുമായിരിക്കും അവർ. നമ്മുടെ ലക്ഷ്യം എത്ര തന്നെ കഠിനമായാലും നമ്മളെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യം നേടും വരെ നമ്മുടെ കൂടെ നിൽക്കുകയും ചെയ്യുന്ന അവർ നമുക്കെപ്പോഴും ഒരു കംഫർട്ട് സോൺ പ്രദാനം ചെയ്യും.
നമുക്ക് നാമായിരിക്കാൻ സാധിക്കുന്ന ഇടങ്ങളാണ് സുഹൃത്തുക്കൾ മാത്രം ഉള്ളയിടങ്ങൾ. നിങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെ നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കി നിങ്ങളെ സ്നേഹിക്കുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ. വേഷങ്ങളോ സാഹചര്യങ്ങളോ അല്ല അവർക്കു മുന്നിലെ അളവുകോൽ. നമ്മുടെ ദൗർബല്യങ്ങളും കുറവുകളും ഭൂതകാലവും എല്ലാം അറിഞ്ഞ് നമ്മളെ സ്നേഹിക്കുന്നവരായതിനാൽ അവിടെ നമുക്ക് പൊയ്മുഖം ആവശ്യമില്ല.
അത്തരം കാമ്പുള്ള സൗഹൃദങ്ങളുടെ ഇടങ്ങളാണ് ക്യാംപസുകൾ. അതൊരു വൈകാരികതയാണ്. സ്നേഹവും സമർപ്പണവും ത്യാഗവും വിമർശനവും നിർദ്ദേശങ്ങളും ഒത്തു ചേരുന്ന വൈകാരികത. ആ വൈകാരികത അനുഭവവേദ്യമാകുന്നതിനുള്ള നന്മ, ക്യാംപസിലും തുടർന്നുള്ള ജീവിതത്തിലും മുഴുവൻ വിദ്യാർഥിസുഹൃത്തുകൾക്കുമുണ്ടാകട്ടെ’’.