കേരളത്തിൽ ആവശ്യക്കാരേറെയുള്ള കോഴ്സുകളിലൊന്ന്; 150 സീറ്റുകളിലേക്കായി എണ്ണായിരത്തോളം അപേക്ഷകർ

Mail This Article
‘എനിക്ക് ടീച്ചറായാൽ കൊള്ളാം...’ എന്നു പ്ലസ്ടുവിൽ പഠിക്കുമ്പോഴേ തോന്നിയിട്ടുണ്ടോ..? എങ്കിൽ ഐടിഇപി നിങ്ങൾക്കുള്ള ഒരു തകർപ്പൻ കോഴ്സാണ്. പഠിക്കുന്നതിനൊപ്പം പഠിപ്പിക്കാനും കൂടെ പഠിക്കുന്ന പരിപാടിയാണ് ഇന്റഗ്രേറ്റഡ് ടീച്ചേഴ്സ് എജ്യുക്കേഷൻ പ്രോഗ്രാം (ഐടിഇപി). തുടങ്ങിയിട്ട് ഒരു കൊല്ലമേ ആയിട്ടുള്ളൂവെങ്കിലും കേരളത്തിൽ ഏറ്റവും ആവശ്യക്കാരുള്ള കോഴ്സുകളിലൊന്നായി ഇതു മാറിക്കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഡിസൈൻ ചെയ്യപ്പെട്ട ഐടിഇപി ഇപ്പോഴും അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്. കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിലും കാലിക്കറ്റ് എൻഐടിയിലുമാണ് കേരളത്തിലുള്ള സീറ്റുകൾ. 150 സീറ്റുകളിലേക്കായി എണ്ണായിരത്തോളം അപേക്ഷകരാണ് പെരിയയിൽ മാത്രമെത്തുന്നത്.
പ്ലസ്ടു കഴിഞ്ഞവർക്കും മുൻപ് അധ്യാപക പരിശീലന കോഴ്സുകൾ ചെയ്ത് പഠിപ്പിക്കാൻ ആരംഭിക്കാമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതോടെ ആ സാധ്യതകൾ അടയും. അധ്യാപനത്തിന്റെ അടിസ്ഥാന യോഗ്യത ഡിഗ്രി ആകും. ആ നിർദേശത്തിന്റെ ഭാഗമായാണ് ഐടിഇപി നിർദേശിച്ചിരിക്കുന്നത്. അധ്യാപന അഭിരുചികളുള്ളവരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്താനാണു പ്രോഗ്രാം ലക്ഷ്യമിടുന്നത്. ചെറിയ പ്രായത്തിൽ തന്നെ കഴിവുകളെ കണ്ടെത്താനാകുമെന്നും ഇത് അധ്യാപനത്തിന്റെ ഗുണമേന്മ വർധിപ്പിക്കുമെന്നും കേരള കേന്ദ്ര സർവകലാശാലയിലെ അക്കാദമിക് ഡീൻ പ്രഫ. അമൃത് ജി.കുമാർ പറയുന്നു.
കോഴ്സിന്റെ ഘടന
ഡിഗ്രിയും അതിനൊപ്പം ബിഎഡും ചേർന്നതാണ് കോഴ്സിന്റെ ഘടന. ഫിസിക്സ് (25), സുവോളജി (25), ഇംഗ്ലിഷ് (25), ഇക്കണോമിക്സ് (25), കൊമേഴ്സ് (50) എന്നിവയാണ് പെരിയയിൽ ഐടിഇപിക്കൊപ്പം ലഭ്യമാകുന്ന ഡിഗ്രികൾ. കാലിക്കറ്റ് എൻഐടിയിൽ ഫിസിക്സിന് 50 സീറ്റാണുള്ളത്. ഓരോ സബ്ജക്ടും പഠിക്കുന്നതിനൊപ്പം അവയെങ്ങനെ പഠിപ്പിക്കാമെന്ന പരിശീലനവും ലഭ്യമാക്കും. ഉദാഹരണത്തിന്, ഒരു ചതുരത്തിന്റെ ചുറ്റളവ് എങ്ങനെ കണക്കാക്കാമെന്ന് പഠിക്കുന്നതിനൊപ്പം ആ ആശയം എങ്ങനെ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാമെന്നും പരിശീലിപ്പിക്കും. ഇത് ആശയത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിലേക്ക് വിദ്യാർഥികളെ നയിക്കും. ബിഎഡിന്റെ ഭാഗമായ അധ്യാപന പരിശീലനവും ഇതിനോടൊപ്പം ലഭ്യമാക്കുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ രണ്ട് ഡിഗ്രികൾ ലഭ്യമാക്കുന്നുവെന്ന ഗുണവും കോഴ്സിനുണ്ട്. ക്രെഡിറ്റ് സ്കോർ പ്രധാന സബ്ജക്ടിനും ടീച്ചേഴ്സ് ട്രെയ്നിങ്ങിനും തുല്യമായി ലഭിക്കുന്ന തരത്തിലാണ് ക്രെഡിറ്റ് സ്കീം രൂപപ്പെടുത്തിയിരിക്കുന്നത്. ഐടിഇപിക്ക് ശേഷം രണ്ട് ഡിഗ്രികളിലും ഉന്നത പഠനത്തിന് പോകുന്നതിന് അതുകൊണ്ടുതന്നെ ഒരു തടസ്സവുമില്ല.
ഇന്ന് പഠിക്കും നാളെ പഠിപ്പിക്കും
‘ഒരെത്തുംപിടിയും കിട്ടാതെ 2 വർഷം മുൻപ് ക്ലാസിൽ പകച്ചുനിന്ന വിഷയത്തിൽ ഞാനിന്ന് ക്ലാസെടുക്കുന്നു. അന്നത്തെ അധ്യാപകന്റെ സ്ഥാനത്ത് താൻ നിൽക്കുന്നു. ഇത്രയും കാലം പരീക്ഷയെഴുതിയ ഞാൻ ചോദ്യങ്ങൾ തയാറാക്കി പരീക്ഷ നടത്തുന്നു. വലിയ അഭിമാനം തോന്നുന്ന അനുഭവങ്ങളാണ് ഇതൊക്കെ’– ഐടിഇപിയുടെ ഭാഗമായി സമീപത്തെ സ്കൂളിൽ ക്ലാസെടുത്ത് തിരികെ വന്ന കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പറഞ്ഞ വാക്കുകളാണിത്. മറ്റ് കോഴ്സുകൾ ചെയ്യുന്നവർ തൊഴിൽ മേഖലയിലേക്ക് കടക്കാൻ 23–25 വയസ്സുവരെ കാത്തിരിക്കുമ്പോൾ 20 വയസ്സിനുള്ളിൽ പ്രാക്ടിക്കലായി ക്ലാസുകളെടുക്കാൻ ഐടിഇപി അവസരമൊരുക്കും. പെരിയയിൽ രണ്ടാം വർഷം മുതൽതന്നെ സമീപത്തെ സ്കൂളുകളിലും ക്ലാസുകൾ എടുക്കുന്നതിനായി വിദ്യാർഥികളെ അയക്കുന്നുണ്ട്. 2 കോഴ്സുകളെ ചേർത്തു വയ്ക്കുകയല്ല, പ്രത്യേക സിലബസിലാണ് പഠനം. പഠിച്ചുപോകുന്നതിനപ്പുറം അവർ ചെയ്യേണ്ടത് എന്തെല്ലാം എന്ന നിർദേശവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിമിതികളെ തിരിച്ചറിയാനും പരിഹരിക്കാനും മറ്റ് കരിയർ സാധ്യതകളിലേക്ക് എളുപ്പത്തിൽ തിരിയാനും ഈ പ്രാക്ടിക്കൽ സെക്‌ഷനുകളിലൂടെ അവസരം ലഭിക്കുമെന്ന് വിദ്യാർഥികളും പറയുന്നു.
ലെവൽ മുഖ്യം
കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്ക് എല്ലാ ക്ലാസിലും പഠിപ്പിക്കാനാകില്ല എന്നതാണ് വസ്തുത. പുതിയ വിദ്യാഭ്യാസ നയം നാല് സ്റ്റേജുകളായി പ്രാഥമിക വിദ്യാഭ്യാസത്തെ തിരിച്ചിട്ടുണ്ട്. 2ാംക്ലാസ് വരെ ഫൗണ്ടേഷൻ, 5ാം ക്ലാസ് വരെ പ്രിപ്പറേറ്ററി, 8ാം ക്ലാസ് വരെ അപ്പർ പ്രൈമറി, 12ാം ക്ലാസ് വരെ ഹയർ സെക്കൻഡറിയുമായാണ് വിഭാവനം ചെയ്യുന്നത്. ഓരോ സ്ഥാപനത്തിന് ലഭിച്ചിരിക്കുന്ന കോഴ്സുകൾക്കും ഈ സ്റ്റേജുകൾ ബാധകമാണ്. അതായത് കാസർകോട് ലഭിച്ചിരിക്കുന്ന ഐടിഇപി പ്രോഗ്രാമിന്റെ ലെവൽ എന്നത് പ്രിപ്പറേറ്ററി ആണെങ്കിൽ ആ കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്ക് 3,4,5 ക്ലാസുകളിൽ മാത്രമേ പഠിപ്പിക്കാനാകൂ. ഉയർന്ന ക്ലാസുകളിൽ പഠിപ്പിക്കണമെങ്കിൽ എൻസിടിഇ നൽകുന്ന ബ്രിജ് കോഴ്സുകൾ ചെയ്യേണ്ടതായി വരും. 2027ന് പുറത്തിറങ്ങുന്ന ഐടിഇപി ആദ്യ ബാച്ചിന് ശേഷമായിരിക്കും അത്തരം കോഴ്സുകൾ ആരംഭിക്കുന്നത്.
എങ്ങനെ ചേരാം?
എൻഐടി അടക്കമുള്ള മറ്റ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും ഐടിഇപി ഉള്ളതിനാലാണ് സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം നടത്താത്തത്. കേരളത്തിൽ തന്നെ പഠിക്കണമെന്ന് വാശി പിടിക്കാനാകില്ല. എന്നാൽ പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങളും പ്രധാന സബ്ജക്ടും ദേശീയ പ്രവേശനപ്പരീക്ഷയായ എൻസിഇടിക്ക് അപേക്ഷിക്കുമ്പോൾ തന്നെ തീരുമാനിക്കണം. പ്ലസ്ടു ജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും ഇതിന് അപേക്ഷിക്കാം. പരീക്ഷയിൽ പങ്കെടുക്കാൻ പ്രായപരിധി ഇല്ലെങ്കിലും സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ യോഗ്യത തീരുമാനിക്കാം. അതുകൊണ്ടുതന്നെ അപേക്ഷിക്കുന്നതിനു മുൻപുതന്നെ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് കോഴ്സ് മാനദണ്ഡങ്ങൾ മനസിലാക്കേണ്ടതുണ്ട്. ദേശീയതലത്തിൽ രൂപീകരിക്കപ്പെട്ടിരിക്കുന്ന 5 അംഗ മോണിറ്ററിങ് കമ്മിറ്റി നൽകുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് മറ്റ് സ്ഥാപനങ്ങൾക്ക് ഐടിഇപി കോഴ്സുകൾ ആരംഭിക്കാനാകൂ. 2027ൽ ആണ് ഐടിഇപിയുടെ ആദ്യബാച്ച് പുറത്തിറങ്ങുക.