ഒന്നാം ക്ലാസ് എൻട്രൻസ് ബാലപീഡനം, എട്ടാം ക്ലാസ് വരെ നിർബന്ധിത ഫീസ് വേണ്ട: മന്ത്രി

Mail This Article
തിരുവനന്തപുരം ∙ 1 മുതൽ 8 വരെ ക്ലാസുകളിൽ നിർബന്ധിത ഫീസോ പിരിവുകളോ നടത്തരുതെന്നും 9, 10 ക്ലാസുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാത്ത ഫീസോ പണപ്പിരിവോ പാടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. സ്‌കൂൾ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ഉദ്ഘാടനം 18ന് നടത്തും. ഇതിനായി 37.80 ലക്ഷം രൂപ നീക്കിവച്ചു. കഴിഞ്ഞ വർഷം 1,3,5,7,9 ക്ലാസുകളിലെ 177 പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ച് വിതരണം ചെയ്തിരുന്നു. ഈ വർഷം 2,4,6,8,10 ക്ലാസുകളിലെ 205 പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. 10–ാം ക്ലാസിലെ പുസ്തകങ്ങൾ മാർച്ച് അവസാനവും ബാക്കി ക്ലാസുകളിൽ മേയ് ആദ്യ വാരവും നൽകും. 11, 12 ക്ലാസിലെ പുസ്തക പരിഷ്‌കരണം 2025 ഡിസംബറിൽ പൂർത്തീകരിക്കും. പ്രീപ്രൈമറി ക്ലാസുകളിലെ പുതിയ പുസ്തകങ്ങൾ അടുത്ത അധ്യയനവർഷം നിലവിൽ വരും.
ഒന്നാം ക്ലാസ് എൻട്രൻസ് ബാലപീഡനം
ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയും ഇന്റർവ്യൂവും നടത്തുന്നത് ബാലപീഡനമാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് സംസ്ഥാന സർക്കാർ 5 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത്. സ്കൂളുകളിലെ വൻ ഫീസും പിരിവുകളും അത് ഉപയോഗിച്ച് അധ്യാപകർക്കു സമ്മാനങ്ങൾ നൽകുന്നതും അംഗീകരിക്കില്ല. ചില സ്കൂളുകളിൽ 10–ാം ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് മുൻപു തന്നെ പ്ലസ് വൺ പ്രവേശനം നടത്തുന്നതും അനുവദിക്കില്ല. പൊതുജനം അടക്കം എല്ലാവരുടെയും പരാതി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.