ADVERTISEMENT

കോട്ടയം ∙ ചോദ്യം ചെയ്യപ്പെടുന്നതു ജോലി സ്ഥലത്തെ തൊഴിൽ സുരക്ഷയാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും കൊൽക്കത്തയിലെ പിജി ഡോക്ടറുടെ ക്രൂരമായ കൊലപാതകവും നാടാകെ വലിയ ചർച്ചയായി തുടരുമ്പോൾ ഇക്കാര്യത്തിൽ വിദ്യാർഥികൾക്കു പറയാനുള്ളതെന്താണ്? മലയാള മനോരമ കോട്ടയം ബിസിഎം കോളജിൽ നടത്തിയ ചർച്ചയിൽ ഡിഗ്രി– പിജി വിദ്യാർഥികളാണു പങ്കെടുത്തത്. എല്ലാവരും പറയുന്നത് ഒരേ കാര്യം : വെറും റിപ്പോർട്ടുകളല്ല, വേണ്ടത് ശക്തമായ നടപടികൾ.
∙ സ്ത്രീകളുടെ സുരക്ഷ ശ്രദ്ധയിൽക്കൊണ്ടുവരാൻ ബിസിഎം കോളജ് കോട്ടയം നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വർഷം ഇതേ വിഷയം വീണ്ടും ചർച്ച ചെയ്യേണ്ടി വരുന്നു. ഡൽഹി, മണിപ്പുർ, കൊൽക്കത്ത എന്നിങ്ങനെ സ്ഥലപ്പേരുകൾ മാത്രം മാറുന്നു. ക്രൂരത ആവർത്തിക്കുന്നു. അടുത്തത് എവിടെ എന്നാണ് ചോദ്യം.

campus-debate-bcm-college-hema-commission-report-manorama
മലയാള മനോരമ കോട്ടയം ബിസിഎം കോളജിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത വിദ്യാർഥികൾ. ചിത്രം: മനോരമ

∙ സ്ത്രീകൾക്ക് എതിരായ അക്രമങ്ങളെപ്പറ്റി അന്വേഷണം വേഗത്തിലാക്കണം. കുറ്റക്കാർക്ക് എതിരെ കർശനമായ നടപടി വേണം. കൊൽക്കത്തയിലെ അന്വേഷണം ശരിയായ രീതിയിലാണോ? ശിക്ഷ ഉറപ്പെന്ന ബോധം വന്നാൽ പലരും സ്ത്രീയുടെ നേരെ കൈയുയർത്തില്ല. ഒരാൾ പിന്മാറിയാൽ രക്ഷപ്പെടുന്നത് ഒരു പെൺകുട്ടിയാണ്.
∙ മീ ടൂ ക്യാംപെയ്ൻ, എന്തൊരു കോളിളക്കമായിരുന്നു. ഇപ്പോളെന്താണ്? പഴയ കാര്യങ്ങൾ നമ്മൾ വേഗം മറക്കുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ മറവിയിലേക്കു പോകും. അതു സംഭവിക്കരുത്. നടിക്കു നേരെ 2017ലുണ്ടായ ആക്രമണവും മറക്കരുത്.

∙ സിനിമയിലെ നടിമാരെ വെറുതെ ആരാധിച്ചിട്ടു കാര്യമില്ല. ജോലി സ്ഥലത്ത് അവർ നേരിടുന്ന പ്രശ്നങ്ങൾ, മറ്റു ബുദ്ധിമുട്ടുകൾ എന്നിവ ചർച്ച ചെയ്യാത്ത ആരാധന കൊണ്ട് എന്ത് അർഥം!

∙ സിനിമ എല്ലാവരും ശ്രദ്ധിക്കും. യുവതലമുറയെ വേഗം ആകർഷിക്കും. അതിനാൽ സിനിമയുമായി ബന്ധപ്പെട്ട ഏതു സംഭവങ്ങളും സമൂഹത്തിൽ ഇംപാക്ട് ഉണ്ടാക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സെൻസർ ചെയ്യാതെ പുറത്തു വന്നത് നിർദേശങ്ങളാണ്. അതു നടപ്പാക്കണം. റിപ്പോർട്ട് പുറത്തു വരാൻ എടുത്ത അത്രയും സമയം നിർദേശങ്ങൾ നടപ്പാക്കാൻ എടുക്കരുത്! ഈ നിർദേശങ്ങൾ ഏതു തൊഴിൽ മേഖലയ്ക്കും ബാധകമായതാണ്. ഒരിടത്തു നടപ്പായാൽ മറ്റു മേഖലകളിലെ പ്രശ്നങ്ങളും പുറത്തു വരും. പുറത്തു വരട്ടെ.

∙ സ്ത്രീശരീരത്തെ ഒരു ഒബ്ജക്ട് ആക്കാനുള്ള ശ്രമം ഇൻസ്റ്റഗ്രാമിൽ കാണാനുണ്ട്. ഇത് സമൂഹത്തെ വളരെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നു.

ചർച്ചയിൽ പങ്കെടുത്ത വിദ്യാർഥികൾ: ഗംഗ ജയൻ, കെസിയ എലിസബത്ത് ബാബു, മാളവിക ശശിധരൻ, ലക്ഷ്മി സുരേഷ്, ജെ.ആർ.അഹല്യ, ഡോണാ റോയി. അയ്മ തസ്നീം, പി.ആതിര, ജോയാമോൾ ടി.ബേബി, സൂസൻ ജേക്കബ്, സോണിയ പ്രകാശ്, ഗായത്രി ആർ.നായർ, ആദിത്യ കെ.മനോജ്, ഗായത്രി അനിൽ, പി.എസ്.ശ്രുതി, സിസ്റ്റർ ഏയ്ഞ്ചൽ‌ മേരി, റിന്റു മരിയ രാജു, നികിത ചെറിൻ, ലിഖിത വിനോദ്.

English Summary:

Hema Committee Report Ignites Student Debate: Is Enough Being Done for Workplace Safety?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com