ADVERTISEMENT

അന്റാർട്ടിക്കയിൽ പിരമിഡ് രൂപത്തിലുള്ള മല കണ്ടെത്തിയെന്ന് പറഞ്ഞു പ്രചരിച്ച ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി. ഇത്രയും വിദൂരമായ സ്ഥലത്ത് ഒരു പിരമിഡ‍് ഘടനയുണ്ടാകുന്നത് മനുഷ്യസാധ്യമല്ലെന്നും ഈ പിരമിഡ് മല നിർമിച്ചത് അന്യഗ്രഹജീവികളാണെന്നും അഭ്യൂഹമുയർന്നു. എന്നാൽ ഇതിൽ അസ്വാഭാവികമായി യാതൊന്നുമില്ലെന്നും ഇതു പ്രകൃതിപരമായ ഘടനകളാണെന്നും പറഞ്ഞ് ചില വിദഗ്ധരും രംഗത്തെത്തി.

അന്റാർട്ടിക്കയിലെ എൽസ്‌വർത്ത് മലനിരകളിൽ നിന്നുള്ള ഉപഗ്രഹചിത്രങ്ങളിലാണ് ഈ പിരമിഡ് ഘടന. അന്റാർട്ടിക്കയിലെ ഏറ്റവും പൊക്കമുള്ള പർവതനിരകളായ എൽസ്‌വർത്ത് 1935ൽ ആണ് കണ്ടെത്തിയത്. ഇവിടത്തെ ഹിമാനികളുടെ പ്രവർത്തനം കാരണമാകാം പിരമിഡ് ഘടനയുള്ള പർവതങ്ങൾ ഉടലെടുത്തതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

∙പിരമിഡ് ഈജിപ്തിൽ മാത്രമല്ല

പിരമിഡ് എന്നു കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് ഈജിപ്തിലെ പിരമിഡുകളാണ്. ആദിമ ഈജിപ്തിലെ കരുത്തരായ ഭരണാധികാരികളായ ഫറവോമാരുടെ മൃതിയറകൾ സ്ഥിതി ചെയ്ത പിരമിഡുകൾ ഈജിപ്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. ഈജിപ്തിലെ പിരമിഡുകളെ അന്യഗ്രഹജീവികളുമായി കൂട്ടിയിണക്കാനായുള്ള ഗൂഢവാദങ്ങൾ അടുത്തകാലത്ത് ഉണ്ടായിരുന്നു. ലോകത്തെ പ്രധാന ധനികൻമാരിലൊരാളായ ഇലോൺ മസ്കും ഇത്തരമൊരു വാദമുയർത്തിയത് മുൻപ് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. പിരമിഡുകൾ പോലുള്ള ഇത്ര ബൃഹത്തായ സൃഷ്ടികൾ നിർമിക്കാൻ അന്നത്തെ കാലത്തെ മനുഷ്യർക്ക് പാടായിരുന്നെന്നും മനുഷ്യരല്ല മറിച്ച് അക്കാലത്ത് ഭൂമിയിലെത്തിയ അന്യഗ്രഹജീവികളാണ് ഇവ നിർമിച്ചതെന്നുമാണ് ഗൂഢവാദസിദ്ധാന്തക്കാർ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇത്തരം വാദങ്ങളെ ഈജിപ്ത് ശക്തമായി എതിർത്തിട്ടുണ്ട്.

ഈജിപ്തിൽ മാത്രമല്ല പിരമിഡുകളുള്ളത്. മൊറോക്കോയിലും ചൈനയിലും ലാറ്റിനമേരിക്കയിലുമൊക്കെ പിരമിഡുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിരമിഡുമായി ആകൃതിയുള്ള ചില മലകളും പർവതങ്ങളുമൊക്കെ ലോകത്ത് പലയിടത്തും കണ്ടിട്ടുണ്ട്.

pyramid-2
എൽസ്‌വർത്ത് മലനിര, ആകാശദൃശ്യം. (Photo: Twitter/@MccarthyRoth)

ഇത്തരം മലകളിൽ വളരെ പ്രശസ്തമാണ് ഇന്തൊനീഷ്യയിലെ സദാഹുരിപ് എന്ന പർവതം. ഗരുട് പർവതം എന്നും ഇതറിയപ്പെടുന്നു. പടിഞ്ഞാറൻ ജാവയിലെ ഗരുടിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളിൽ കൃത്രിമ നിർമിതമായ ഒരു പിരമിഡ് ഘടനയുണ്ടെന്ന വിശ്വാസം ചിലർക്കിടയിൽ ശക്തമാണ്. ഇതു നിർമിച്ചത് അന്യഗ്രഹജീവികളാണെന്നും ചിലർ വാദിക്കുന്നു.സദാഹുരിപ് പർവതം ഇന്തൊനീഷ്യയിലെ അത്ര പ്രശസ്തമായ പർവതമൊന്നുമല്ല. മെരാപി തുടങ്ങിയ പർവതങ്ങളുടെ പ്രശസ്തി ഇതിനില്ല. സമീപകാലത്താണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു തുടങ്ങിയത്.നാട്ടുകാർ ഈ പർവതത്തിന്റെ പ്രതലങ്ങളിൽ കൃഷി നടത്താറുണ്ട്. പർവതത്തിനുള്ളിൽ നിധി ഒളിച്ചിരിപ്പുണ്ടെന്നും ചിലർ വിശ്വസിക്കുന്നു. 

Read Also: ഈ വേലത്തരം എന്നോട് വേണ്ട; കാടിറങ്ങാതിരിക്കാൻ കെട്ടിയ ഇലക്ട്രിക് പോസ്റ്റ് ചവിട്ടികൂട്ടി കൊമ്പൻ–വിഡിയോ

ഇന്തൊനീഷ്യൻ ടൂറിസം വകുപ്പാണ് ഈ പർവതത്തിന്റെ വിവരങ്ങൾ പുറത്തെത്തിക്കാൻ ഉത്സാഹിച്ചത്. പ്രത്യേകതകളുള്ള ഘടന ഉള്ളതിനാൽ ധാരാളം സഞ്ചാരികൾ ഈ പർവതം കാണാനും എത്തിയിരുന്നു. തുടർന്ന് ഉയർന്ന അഭ്യൂഹങ്ങൾ കാരണം 2012ൽ ഒരു പഠനസംഘത്തെ സർക്കാർ നിയോഗിച്ചു. കുറച്ചുകാലം അവർ പഠനം നടത്തി. എന്നാൽ പ്രദേശവാസികൾ തങ്ങളുടെ കൃഷി നശിക്കുന്നെന്ന് എതിർപ്പ് ഉന്നയിച്ചതിനാൽ പിന്നീട് പഠനം നടന്നില്ല.

ചില ഗൂഢവാദവിശ്വാസികൾ, സദാഹുരിപ് ലോകത്തെ ആദ്യ പിരമിഡാണെന്നൊക്കെ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും തെളിവില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

Content Highlights: Antarctica | Mountain | Pyramid 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com