പൊട്ടക്കുളത്തിൽ, മുതുകിൽ ‘കൂൺ’ മുളച്ചനിലയിൽ കുഞ്ഞൻ തവള! അദ്ഭുതക്കാഴ്ച പശ്ചിമഘട്ടത്തിൽ
Mail This Article
ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ പരീക്ഷണ, നിരീക്ഷണങ്ങൾക്കായി പോയ ഒരു കൂട്ടം ശാസ്ത്രജ്ഞർ വിചിത്രമായ ഒരു കാഴ്ച കണ്ട് അമ്പരന്നു. അവിടെ അവർ ഒരുകൂട്ടം തവളകളെ കണ്ടു. അവയിലൊന്നിന്റെ മുതുകിൽ ഒരു കൂൺ മുളച്ചിരിക്കുന്നു! പശ്ചിമഘട്ട താഴ്‌വരകളിൽ തവളകൾ, ഉരഗജീവികൾ എന്നിവയുടെ നിരീക്ഷണത്തിനായി പോയ ശാസ്ത്രജ്ഞരാണ് അവിടെയുള്ള ഒരു പൊട്ടക്കുളത്തില്‍ ഈ കാഴ്ച കണ്ടത്.
നാൽപതോളം തവളകൾ ആ കുളത്തിലുണ്ടായിരുന്നു. അതിലൊന്നിനാണ് ഈ അവസ്ഥയുണ്ടായിരുന്നത്. പ്രകൃതിശാസ്ത്രജ്ഞരായ ചിന്മയ് മലിയേ, വൈ.ടി. ലോഹിത് എന്നിവരാണ് ഈ തവളയെ കണ്ടെത്തിയത്. ഇവർ ഈ തവളയുടെ ചിത്രവുമെടുത്തു. ജീവനുള്ള ഒരു തവളയുടെ മുതുകിൽനിന്ന് കൂൺ മുളച്ചുനിൽക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് അവർ പറയുന്നു.
റാവുസ് ഇന്റർമീഡിയറ്റ് ഗോൾഡൻ ബാക്ക്ഡ് ഫ്രോഗ്‌സ് എന്ന വിഭാഗത്തിൽപെടുന്ന ചെറിയ തവളകളാണ് കുളത്തിലുണ്ടായിരുന്നത്. ഒരു തള്ളവിരലിന്റെ അത്രയൊക്കെ മാത്രം വലുപ്പമുള്ള ഇത്തരം തവളകളെ പശ്ചിമഘട്ടത്തിൽ ധാരാളമായി കാണാം. ഇവ ഇവിടത്തെ തദ്ദേശീയ ജീവികളുമാണ്. എന്നാൽ തവളയെ പിടിക്കാനോ കൂടുതൽ പരീക്ഷണങ്ങൾക്കു വിധേയമാക്കാനോ ശാസ്ത്രജ്ഞർ മുതിർന്നില്ല. അവർ അതിനെ ശല്യപ്പെടുത്താതെ കുളത്തിൽ തന്നെ വിട്ടു.
ലോഹിത്, തവളയുടെ ചിത്രങ്ങൾ ഇസമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഏതുതരം കുമിളാണ് തവളയിൽ വളരുന്നതെന്ന് അറിയാനായിരുന്നു ഇത്. മൈസീന എന്ന ജനുസ്സിലുള്ള കൂണായിരിക്കുമെന്ന് ചില ഗവേഷകർ പറയുന്നു. പൊതുവെ ചീയുന്ന ജൈവവസ്തുക്കളിലാണ് ഇവ കാണപ്പെടാറുളളത്. എന്നാൽ ജീവനുള്ള ഒരു തവളയിൽ ഇതു കണ്ടത് അദ്ഭുതകരമാണെന്നും അവർ വിലയിരുത്തുന്നു.
ഫംഗസുകൾ മനുഷ്യരുൾപ്പെടെ പല ജീവികളിലും കാണപ്പെടാറുണ്ട്. എന്നാൽ ഒരു ഫംഗസ് കുമിളായി മാറണമെങ്കിൽ അത് മൈസീലിയ എന്ന ഘടനയുണ്ടാക്കണം. ചെടികളുടെ വേരുകൾ പോലെയുള്ള മൈസീലിയ ജീവിക്കാനാവശ്യമായ പോഷണങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കിയശേഷമേ ഫംഗസിനെ കുമിളാക്കി മാറ്റുകയുള്ളൂ. തവളയുടെ കാര്യത്തിൽ കുമിൾ അതിനെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നു ഗവേഷകർ പറയുന്നു.