കൃഷിയിടത്തിൽ കാട്ടാന കടന്നാൽ പടയിളകും; ഏത് കൊമ്പനും വീഴും ഈ ‘തേനീച്ചവേലി’ കെണിയിൽ
Mail This Article
വയനാട്ടിലെ കൃഷിക്കാർക്ക് വിളവെടുക്കും വരെ ടെൻഷനാണ്. കാട്ടാനശല്യം രൂക്ഷമായതിനാൽ എപ്പോൾ വേണമെങ്കിലും കൃഷി നശിക്കാം എന്ന ചിന്തയാണ്. മുടക്കിയ പണമെങ്കിലും കിട്ടിയാൽ മതിയെന്ന രീതിയിലേക്ക് കൃഷിക്കാർ മാറിക്കഴിഞ്ഞു. കാട്ടാനയെ ഓടിക്കാൻ പടക്കം പൊട്ടിക്കുകയും കിടങ്ങുകൾ ഉണ്ടാക്കുകയും വൈദ്യുതി വേലികൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് കടക്കുകയാണ്.
എന്നാൽ ആനകളെ തുരത്താൻ മറ്റൊരു മാർഗം പരീക്ഷിച്ച് വിജയകരമാക്കിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനും കർഷകസമര നേതാവുമായ പി.ടി. ജോൺ. വനാതിർത്തിയിൽ വൈദ്യുതവേലിക്കു പകരം തേനീച്ചവേലിയാണ് അദ്ദേഹം പരീക്ഷിച്ചത്. കുറുവ ദ്വീപിനടുത്തെ പാക്കത്തിലാണ് ജോണിന്റെ കൃഷിയിടം. വേലിയിൽ 25 തേനീച്ച പെട്ടികളാണ് സ്ഥാപിച്ചിരിക്കുന്നത്. കാട്ടാന വേലിയിൽ തട്ടിയാൽ തേനീച്ചകൾ ഇളകും. സമീപപ്രദേശങ്ങളിലെല്ലാം ആനകൾ ഇറങ്ങുന്നുണ്ടെങ്കിലും ഇവിടേക്ക് ഇപ്പോൾ വരുന്നില്ലെന്നും ഇതൊരു വിജയകരമായ മോഡൽ ആണെന്നും ജോൺ പറഞ്ഞു.
ഇതുസംബന്ധിച്ച് ഗവേഷണവും സാങ്കേതിക സഹായവും ഒരുക്കിയത് കൊച്ചിയിലെ ഡിസൈൻ സ്റ്റുഡിയോയായ ബബിൾ റാപ് ആണ്. ഒരു പെട്ടിക്ക് രണ്ടായിരം രൂപവരെ മാത്രമാണ് ചെലവുണ്ടാകുന്നതെന്ന് ഡയറക്ടർമാരിലൊരാളായ ജാക്സൺ വ്യക്തമാക്കി. ജോണിന്റെ കൃഷിയിടം ആനത്താരയിലാണുള്ളത്. ഏകദേശം 500 മീറ്റർ നീളത്തിലാണ് വേലി തയാറാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ കൃഷിക്കാർക്ക് ലാഭം മാത്രമേയുള്ളൂ. ഒന്ന് കൃഷിയിടത്തെ സംരക്ഷിക്കാം. പിന്നെ എല്ലാ സീസണിലും തേൻ കൂടി ലഭിക്കുന്നുണ്ട്. പല പുഷ്പങ്ങളിൽ നിന്നെടുക്കുന്ന തേനാണ്. ശുദ്ധമായ തേനാണിത്. വനത്തിന്റെ സ്വാഭാവികത നിലനിർത്താനും തേനീച്ചകൾ സഹായിക്കുന്നുണ്ടെന്ന് ജാക്സണ്‍ പറഞ്ഞു.