ലോകത്ത് 3500ലധികം പാമ്പിനങ്ങൾ; ഏറ്റവും കൂടുതൽ ആനക്കോണ്ടകളുടെ നാട്ടിൽ, ഇന്ത്യയിൽ എത്ര?
Mail This Article
ലോകത്ത് ഏകദേശം 3500 സ്പീഷീസുകളിലുള്ള പാമ്പുകളുണ്ടെന്ന് വേൾഡ് പോപ്പുലേഷൻ റിവ്യു റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 600 എണ്ണമാണ് വിഷമുള്ളത്. ഇതിൽതന്നെ 200 എണ്ണത്തിനാണ് മനുഷ്യർക്ക് ഗുരുതര ആഘാതമുണ്ടാക്കാനോ കൊല്ലാനോ കഴിവുള്ളത്.
പാമ്പുകളുടെ കൃത്യമായ എണ്ണമെടുക്കുക പാടുള്ള കാര്യമാണ്. ആനക്കോണ്ടയുടെയും മറ്റും ആവാസവ്യവസ്ഥയായ ബ്രസീലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പാമ്പിനങ്ങൾ ഉള്ള രാജ്യമെന്നു കണക്കാക്കപ്പെടുന്നു. ഏകദേശം നാനൂറോളം സ്പീഷീസുകളിലുള്ള പാമ്പുകൾ ഇവിടെയുണ്ടെന്നാണു കണക്ക്. ആമസോൺ മഴക്കാടുകളുടെ സാന്നിധ്യമാണ് പാമ്പുകൾക്ക് അനുകൂലമായ ആവാസവ്യവസ്ഥ ബ്രസീലിൽ ഒരുക്കുന്നത്. വിഷരഹിതമായ വമ്പൻ പാമ്പുകളിൽ ഏറ്റവും പ്രശസ്തമായി ബ്രസീലിൽ ഉള്ളത് ആനക്കോണ്ട തന്നെയാണ്. ബോവ കോൺസ്ട്രിക്ടർ, എമറാൾഡ് ഗ്രീൻ ബോവ തുടങ്ങിയ വിഷരഹിത പാമ്പുകളും ബ്രസീലിലെ മഴക്കാടുകളിലുണ്ട്.
വിഷമുള്ള പാമ്പുകളും ബ്രസീലിൽ ധാരാളമുണ്ട്. ഫെർഡി ലാൻഡ്, കോറൽ സ്നേക് തുടങ്ങിയവ ഉദാഹരണം. ബ്രസീൽ കഴിഞ്ഞാൽ മെക്സിക്കോയിലാണ് ഏറ്റവും കൂടുതൽ പാമ്പുകളുള്ളത്. 380 ഇനങ്ങൾ. റാറ്റിൽ സ്നേക്, വിവിധ അണലികൾ, കോറൽ സ്നേക്, കടൽപ്പാമ്പുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മൂന്നാം സ്ഥാനത്ത് ഇന്തൊനീഷ്യയാണ്. 376 തരം പാമ്പുകൾ ഇവിടെയുണ്ട്.
നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 305 തരം പാമ്പുകൾ ഇന്ത്യയിലുണ്ട്.ലോകത്ത് ഒരു വർഷം 54 ലക്ഷം പേർക്ക് പാമ്പകടിയേൽക്കുന്നെന്നാണ് കണക്ക്. ഇതിൽ പകുതിയോളം പേർക്ക് വിഷബാധയേൽക്കുന്നു. 81000 മുതൽ 138000 ആളുകൾ പ്രതിവർഷം പാമ്പുകടിയേറ്റു മരിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പാമ്പുകടിയേൽക്കുന്ന രാജ്യം ഇന്ത്യയാണ്.
ലോകത്ത് പ്രതിവർഷം പാമ്പുകടിയേറ്റു മരിക്കുന്ന പകുതിയോളം ആളുകൾ ഇന്ത്യക്കാരാണ്. ഇന്ത്യയിൽ പാമ്പുകടികളുടെ 90 ശതമാനവും സംഭവിക്കുന്നത് 4 പാമ്പിനങ്ങളിൽ നിന്നാണ്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, അണലി എന്നിവയാണ് ഇവ. ബിഗ് 4 എന്നാണ് ഈ പാമ്പിനങ്ങൾ ചേർത്ത് അറിയപ്പെടുന്നത്. ഇതിൽ തന്നെ ചേനത്തണ്ടനാണ് ഏറ്റവും കൂടുതൽ കടികൾക്കു കാരണമാകുന്നത്.
ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടികൾ നടക്കുന്ന രാജ്യം ഇന്തൊനീഷ്യയാണ്. മൂന്നാം സ്ഥാനത്ത് ആഫ്രിക്കൻ രാജ്യമായ നൈജീരിയ. നാലാം സ്ഥാനത്ത് നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലദേശുമാണ്. ന്യൂസീലൻഡ്, ഐസ്‌ലൻഡ്, ഗ്രീൻലാൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും അന്റാർട്ടിക്കയിലുമൊന്നും പാമ്പുകളില്ല.