അമ്മയെന്നു കരുതി സിംഹത്തിന്റെ നേർക്ക് നടന്നടുത്ത് ഇമ്പാലക്കുഞ്ഞ്; പിന്നീട് സംഭവിച്ചത്?
Mail This Article
കാടകങ്ങളിലെ കാഴ്ചകൾ പലതും വിസ്മയിപ്പിക്കുന്നവയാണ്. അവയെല്ലാം മനസ്സിനെ സന്തോഷിപ്പിക്കുന്നതാവണമെന്നില്ല. ചില കാഴ്ചകൾ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുന്നവയുമായിരിക്കും. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അപകടം മുന്നിലുണ്ടെന്നറിയാതെ അമ്മയെന്നു കരുതി ഉറങ്ങുന്ന സിംഹത്തിനരികിലേക്ക് നടന്നടുക്കുന്ന ഇമ്പാലക്കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ നൊമ്പരക്കാഴ്ചയാകുന്നത്.
സിംബാബ്‌വെയിലെ മാനാ പൂൾസ് വന്യജീവി സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഇവിടം സന്ദർശിക്കാനെത്തിയ സിൽവി ഫൈലേറ്റാസ് ആണ് ഈ ചിത്രങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. പുലർച്ചെ സഫാരിക്കിറങ്ങിയപ്പോൾ തന്നെ സിൽവിയും സംഘവും രണ്ട് ആൺ സിംഹങ്ങൾ കിടന്നുറങ്ങുന്നത് കണ്ടിരുന്നു. തലേന്ന് വലിയ ഇമ്പാലയെ വേട്ടയാടി ഭക്ഷിച്ചതിന്റെ ആലസ്യത്തിലായിരുന്നു സിംഹങ്ങൾ. അവയുടെ ചിത്രങ്ങൾ പകർത്തി മടങ്ങാൻ തുടങ്ങുമ്പോഴാണ് വിനോദസഞ്ചാരികളുടെ സംഘം മറ്റൊരു നടുക്കുന്ന കാഴ്ച കണ്ടത്.
ഇമ്പാലകളുടെ സംഘത്തിൽ നിന്ന് ഒറ്റപ്പെട്ട ഇമ്പാലക്കുഞ്ഞ് ഉറങ്ങിക്കിടക്കുന്ന സിംഹത്തിനരികിലേക്ക് മെല്ലെ നടന്നടുക്കുന്ന കാഴ്ച സിൽവിയെയും കൂട്ടരെയും ഭയപ്പെടുത്തി. അമ്മയെന്നു കരുതിയാണ് ഇമ്പാലക്കുഞ്ഞ് സിംഹത്തിനരികിലേക്ക് പോയത്. തൊട്ടടുത്തെത്തി മണത്തു നോക്കിയതും അപകടം തിരിച്ചറിഞ്ഞ കുഞ്ഞ് രക്ഷപ്പെടാൻ വിഫലശ്രമം നടത്തി. എന്നാൽ തന്റെ അടുത്തേക്കെത്തിയ ഇമ്പാലക്കുഞ്ഞിനെ അതിനു മുൻപേതന്നെ സിംഹം കണ്ടിരുന്നു.
മെല്ലെ തലപൊക്കി നോക്കിയ സിംഹം ഇത്രയും ചെറിയ ഇരയെ ഒഴിവാക്കുമെന്നായിരുന്നു സഞ്ചാരികൾ കരുതിയത്. എന്നാൽ അവരുടെ പ്രതീക്ഷയെ തകിടം മറിച്ച് ഒറ്റച്ചാട്ടത്തിന് ഇമ്പാലക്കുഞ്ഞിനെ പിടികൂടി ഭക്ഷണമാക്കുകയായിരുന്നു.
English Summary: Innocent Baby Impala Walks Up To Lion – Wrong Move