പുതിയ ബുള്ളറ്റോ അതോ 250 സിസി ഹിമാലയനോ: എൻഫീൽഡിന്റെ പുതിയ ബൈക്ക് ഏത് ?

Mail This Article
അടുത്ത മാസം അവസാനം പുതിയ ബൈക്ക് പുറത്തിറക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. ബൈക്കിന്റെ പേരോ കൂടുതൽ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലെങ്കിലും ജെ1ഡി എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച ബൈക്ക് അടുത്ത മാസം അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
നിലവിലെ ബൈക്കുകളെക്കാൾ എൻജിൻ ശേഷി കുറഞ്ഞ 250 സിസി ബൈക്കുകൾ പുറത്തിറക്കി വിപണി വിഹിതം വർധിപ്പിക്കാനാണ് റോയൽ എൻഫീൽഡ് ശ്രമിക്കുന്നത് എന്ന് നേരത്ത വാർത്തകളുണ്ടായിരുന്നു. ഇതിനായി ഷേർപ്പ, ഹണ്ടർ, ഫ്ലൈയിങ് ഫ്ലീ, റോഡ്സ്റ്റർ എന്നീ പേരുകളും കമ്പനി റജിസ്റ്റർ ചെയ്തിട്ടുണ്ട്. തണ്ടർബേഡിന്റെ പകരക്കാരനോ അല്ലെങ്കിൽ ഹിമാലയന്റെ എൻജിൻ സിസി കുറഞ്ഞ ബൈക്കോ ആയിരിക്കും ഉടൻ പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ലൈനപ്പിലെ വാഹനങ്ങളുടെ ബിഎസ് 6 നിലവാരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയതിനു ശേഷമായിരിക്കും പുതിയ ചെറു ബുള്ളറ്റ് പുറത്തിറങ്ങുക. ഹണ്ടർ എന്ന പേര് പുതിയതാണെങ്കിലും ഷേർപ്പ എന്ന പേരിൽ 1960 കളിൽ റോയൽ എൻഫീൽഡ് 173 സിസി ബൈക്ക് പുറത്തിറക്കിയിട്ടുണ്ട്.
1950 കളിലും 60കളിലും യുകെ വിപണിയിൽ റോയൽ എൻഫീൽഡിന് 250 സിസി ബൈക്കുകളുണ്ടായിരുന്നു. മിനി ബുള്ളറ്റ് എന്ന പേരിൽ ഇന്ത്യൻ നിരത്തുകളിലുമുണ്ടായിരുന്നു ഈ 250 സിസി ബൈക്ക്. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകൾക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്. ഒരു ലക്ഷം രൂപ മുതലായിരിക്കും ബൈക്കുകളുടെ വില.