ഇന്ത്യാ പ്രവേശം വൈകിക്കാൻ ചൈനീസ് വാഹന നിർമാതാക്കളായ ഹൈമ
Mail This Article
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചൈനീസ് വാഹന നിർമാതാക്കളായ ഹൈമ ഓട്ടമൊബീലിന്റെ ഇന്ത്യ പ്രവേശനവും വൈകിയേക്കും. ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി കമ്പനി കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പങ്കെടുത്തിരുന്നു. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച വെല്ലുവിളിയെ തുടർന്നു ചൈനീസ് നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സ് മഹാരാഷ്ട്രയിലെ തലേഗാവിലുള്ള നിർമാണശാലയിലെ നിക്ഷേപം മരവിപ്പിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ചാങ്ങൻ ഓട്ടമൊബീലാവട്ടെ ഇന്ത്യയിലേക്കുള്ള വരവ് ഒരു വർഷത്തോളം വൈകിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡൽഹി ആസ്ഥാനമായ ബേഡ് ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബേഡ് ഇലക്ട്രിക്കുമായി സഹകരിച്ചായിരുന്നു ഹൈമ ഓട്ടമൊബീൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഹൈമ ഓട്ടമൊബീൽസിന്റെ വൈദ്യുത വാഹന നിർമാണ വിഭാഗമായ ഹൈമ ന്യൂ എനർജിയുമായി സഹകരിക്കാനായിരുന്നു ബേഡ് ഇലക്ട്രിക്കിന്റെ പദ്ധതി. 10 ലക്ഷം രൂപയ്ക്കു വിൽപ്പനയ്ക്കെത്തുന്ന ഹാച്ച്ബാക്ക് 2022ൽ അരങ്ങേറുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ചൈനയ്ക്കു പിന്നാലെ ഇന്ത്യയിലും ‘കോവിഡ് 19’ പടർന്നു പിടിച്ചതോടെ പദ്ധതി തികച്ചും മന്ദഗതിയിലായിട്ടുണ്ട്. ഇതോടൊപ്പം അതിർത്തി മേഖലകളിലെ ഇന്ത്യ — ചൈന സംഘർഷാവസ്ഥയും സംയുക്ത സംരംഭത്തിനു മേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ ചൈനാവിരുദ്ധ വികാരം ശക്തമാവുകയാണ്; ചൈനീസ് ഉൽപന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനവും കരുത്താർജിക്കുന്നുണ്ട്.
ബേഡ് ഇലക്ട്രിക് –ഹൈമ സംയുക്ത സംരംഭത്തിന്റെ വൈദ്യുത വാഹനം നിലവിൽ രൂപകൽപ്പനാ ഘട്ടത്തിലാണ്. ഇന്ത്യ – ചൈന ബന്ധത്തിലെ പുരോഗതി വിലയിരുത്തി അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാനാണു പങ്കാളികളുടെ തീരുമാനം.
English Summary: Haima India Entry Delay