പുതിയ രൂപത്തിൽ എംജി ഹെക്ടർ, അറിയേണ്ടതെല്ലാം
Mail This Article
2019ല്‍ ഹെക്ടറുമായാണ് എംജി ഇന്ത്യയിലേക്ക് എത്തുന്നത്. അന്നു മുതല്‍ എംജിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഹെക്ടര്‍. പിന്നീട് രണ്ടാം തലമുറ ക്രേറ്റ, ഗ്രാൻഡ് വിറ്റാര, അര്‍ബന്‍ ക്രൂസര്‍ ഹൈറൈയ്ഡര്‍, മൂന്നു നിരകളുള്ള എസ്‌യുവികളായ എക്‌സ്‌യുവി 700, സഫാരി എന്നിവയും ഹെക്ടറിന്റെ എതിരാളികളായെത്തി. ഇപ്പോഴിതാ 2023 തുടക്കത്തില്‍ തന്നെ മുഖം മിനുക്കി എത്തുകയാണ് എംജി ഹെക്ടര്‍.
ഉള്ളിലും പുറത്തും പുതുമകളോടെ എത്തുന്ന ഹെക്ടര്‍ പ്ലസിന്റേയും ഹെക്ടറിന്റേയും വില വിവരം ജനുവരി 11ന് ഓട്ടോ എക്‌സ്‌പോ 2023ല്‍ പുറത്തുവിടും. ഒറ്റനോട്ടത്തില്‍ ഹെക്ടറിന്റെ മുന്‍ ഭാഗത്തെ ഗ്രില്ലുകളാണ് ശ്രദ്ധയില്‍പെടുക. ഡയമണ്ട് ആകൃതിയില്‍ മുകളില്‍ നിന്നും താഴേക്കു വരും തോറും വലിപ്പം കുറഞ്ഞു വരുന്ന രീതിയിലുള്ള ഗ്രില്ലുകളാണ് പുതിയ ഹെക്ടറിലുള്ളത്.
ഡിസൈന്‍
ഇന്ത്യന്‍ വിപണിയിലെത്തിയ സ്പ്ലിറ്റ് ഹെഡ്‌ലാംപുള്ള മോഡലുകളില്‍ ആദ്യത്തേതാണ് ഹെക്ടര്‍. മുകള്‍ ഭാഗത്തെ എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾക്ക് മാറ്റമില്ല. എന്നാല്‍ മുന്നിലെ ബംപറിന്റെ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ അലോയ് വീലിന്റെ രൂപകല്‍പനയില്‍ അടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ടെയില്‍ ലാംപുകള്‍ കണക്ടു ചെയ്തിട്ടുണ്ടെങ്കിലും ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ല. എംജി ബാഡ്ജ് മുന്നില്‍ ഗ്രില്ലിന്റെ നടുവില്‍ ഏറ്റവും മുകള്‍ ഭാഗത്തായും പിന്നില്‍ രജിസ്‌ട്രേഷന്‍ പ്ലേറ്റിന് മുകളില്‍ നടുവിലായും സജ്ജീകരിച്ചിരിക്കുന്നു. പിന്‍ ബംപറിലും ഡിസൈനില്‍ മാറ്റങ്ങളുണ്ട്. പുതുതായി അവതരിപ്പിച്ച ഡ്യൂണ്‍ ബ്രൗണ്‍ അടക്കം ഏഴ് നിറങ്ങളില്‍ ഹെക്ടര്‍ ലഭ്യമാണ്.
ഫീച്ചറുകള്‍
ഉള്‍ഭാഗത്ത് ആദ്യം ശ്രദ്ധില്‍ പെടുക പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. ഹെക്ടര്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ മോഡലില്‍ 14 ഇഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്. ഇതേ ക്ലാസില്‍ ഏറ്റവും വലിയ ടച്ച് സ്‌ക്രീനാണിത്. ഫുള്‍ എച്ച്ഡിയാണെന്നതും പുതിയ ടച്ച്‌സ്‌ക്രീനിന്റെ മേന്മയാണ്. പനോരമിക് സണ്‍റൂഫ്, അകത്തേയും പുറത്തേയും ലൈറ്റുകളുടെ നിയന്ത്രണം, ലോക്ക് സെറ്റിങ്‌സ്, ടെയില്‍ഗേറ്റ് ഓപ്പണ്‍- ക്ലോസ്, വയര്‍ലസ് ഫോണ്‍ ചാര്‍ജിങ്, ടയര്‍പ്രഷര്‍ മോണിറ്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടച്ച്‌സ്‌ക്രീനില്‍ വിരല്‍ തുമ്പില്‍ ലഭ്യമാണ്. അസ്റ്റര്‍ എസ്‌യുവില്‍ എംജി അവതരിപ്പിച്ച വോയ്‌സ് കമാന്റുകളിലൂടെ കാറിന്റെ ഫീച്ചറുകളെ നിയന്ത്രിക്കാനാവുന്ന സൗകര്യം പുതിയ എംജി ഹെക്ടറിലും ലഭ്യമാണ്. സണ്‍റൂഫ് തുറക്കാനും അടക്കാനും കാറിലെ താപനില നിയന്ത്രിക്കാനുമൊക്കെ ഇനി ശബ്ദം ധാരാളം മതിയാകും. പുതിയ എംജി ഹെക്ടറില്‍ 360 ഡിഗ്രി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ ത്രിഡി മോഡിലേക്കും മാറ്റാനാവും.
സുരക്ഷ
അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, അപകട മുന്നറിയിപ്പ് സംവിധാനം, ലൈന്‍ തെറ്റാതെ പോകാന്‍ സഹായിക്കുന്ന സംവിധാനം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയെല്ലാമുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്(ADAS) പുതിയ എംജി ഹെക്ടറിലുള്ളത്. നാല് അടിയിലും കൂടുതല്‍ അകലത്തിലുള്ള കാല്‍നടയാത്രക്കാരെ തിരിച്ചറിയാനും സംവിധാനമുണ്ട്. ട്രാഫിക് ജാം അസിസ്റ്റ് എന്ന പേരില്‍ പുതിയ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കില്‍ എളുപ്പം പോകാന്‍ ഇത് ഡ്രൈവറെ സഹായിക്കും. ബ്ലൂടൂത്ത് വഴി വാഹനം തുറക്കാനും അടക്കാനും സാധിക്കും. ഈ ഫീച്ചര്‍ കുറച്ച് സമയത്തേക്ക് സുഹൃത്തുക്കള്‍ക്കും മറ്റും പങ്കുവെക്കാനും സാധിക്കും. കപ്‌ഹോള്‍ഡറിന്റെ ഡിസൈനില്‍ മാറ്റങ്ങളുണ്ട്. ഇലക്ട്രിക് പാര്‍ക്കിങ് ബട്ടണ്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.
കരുത്ത്
പുറംമോഡിയിലല്ലാതെ ഉള്‍ക്കരുത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റ് എന്നീ ഗിയര്‍ബോക്‌സും 1.5 ലിറ്റര്‍ പെട്രോള്‍ എൻജിനുമാണ് പുതിയ എംജി ഹെക്ടറിനുമുള്ളത്. 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്‌സ് പുതിയ മോഡലിനില്ല. ഡീസല്‍ മോഡലില്‍ 2.0 ലിറ്ററിന്റെ 170 എച്ച്പി ശേഷിയുള്ള എൻജിന്‍ തന്നെയാണുള്ളത്. ഹാരിയര്‍, സഫാരി, കോപാസ് എന്നിവക്ക് സമാനമായ എൻജിനാണ് എംജി ഹെക്ടറിനുമുള്ളത്. മുന്‍പത്തേതു പോലെ സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സാണ് ഡീസല്‍ മോഡലിനുള്ളത്. ഓട്ടോ എക്‌സ്‌പോ 2023ല്‍ വില വിവരങ്ങള്‍ പരസ്യമാക്കിയതിനു ശേഷം മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് മുഖം മിനുക്കിയെത്തുന്ന പുത്തന്‍ എംജി ഹെക്ടര്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
English Summary: Know More About MG Hector