1000 കി.മീ സ്പീഡ്; ചൈനയിലെ ഹൈപര്‍ലൂപ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയം
Mail This Article
കരയിലെ ഏറ്റവും വേഗമുള്ള ഗതാഗത സൗകര്യമൊരുക്കാന്‍ ചൈന തയാറെടുക്കുന്നു. അതിനായി അതിവേഗ ഹൈപ്പര്‍ലൂപ് ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടന്നുവെന്ന് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഷാന്‍ഹായ് പ്രവിശ്യയിലെ ഡാട്ടോങില്‍ നിര്‍മിച്ച പരീക്ഷണ ഹൈപര്‍ലൂപ് കുഴലിലൂടെയാണ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം. മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുകയെന്നതാണ് ചൈനീസ് അതിവേഗ ട്രെയിനിന്റെ അന്തിമ ലക്ഷ്യം.
പ്രഖ്യാപിച്ചതുപോലെ പദ്ധതി പ്രാവര്‍ത്തികമാക്കാനായാല്‍ കരയിലെ ഏറ്റവും വേഗമുള്ള ഗതാഗത സംവിധാനമായി ഇത് മാറും. പ്രതിരോധ കരാര്‍ കമ്പനിയായ ചൈന എയറോസ്‌പേസ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍(CASIC) ആണ് ഈ പദ്ധതിയുടെ പരീക്ഷണവും നിര്‍മാണവും നടത്തുന്നത്. നിലവില്‍ ആകെ രണ്ട് കിലോമീറ്റര്‍ മാത്രം നീളത്തിലാണ് ഹൈപ്പര്‍ലൂപ് കുഴല്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 60 കിലോമീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ലോകത്തെ ഇന്ന് നിലവിലെ ഏറ്റവും ബൃഹത്തായ അതിവേഗ റെയില്‍ ശൃംഖലയുള്ളത് ചൈനയിലാണ്. ചൈനയില്‍ 42,000 കിലോമീറ്ററിലേറെ നീളത്തില്‍ അതിവേഗ റെയില്‍ പാതയുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അതിവേഗ ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 400 കിലോമീറ്ററാക്കി ഉയര്‍ത്താന്‍ ചൈനീസ് അധികൃതര്‍ക്ക് പദ്ധതിയുണ്ട്. അതിന്റെ കൂടെയാണ് ഹൈപ്പര്‍ലൂപ് സാങ്കേതികവിദ്യയില്‍ ചൈന വലിയ തോതില്‍ നിക്ഷേപിക്കുന്നത്.
2022 ഒക്ടോബറില്‍ ചൈനയിലെ നോര്‍ത്ത് സര്‍വകലാശാലയിലെ ഗവേഷകര്‍ ഹൈപര്‍ലൂപിന് സമാനമായ ട്രെയിന്‍ സംവിധാനത്തിലൂടെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. ചൈന എയറോസ്‌പേസ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. ഒക്ടോബറില്‍ നടത്തിയ പരീക്ഷണത്തില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിലെ ട്രെയിന്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 60 കിലോമീറ്റര്‍ നീളമുള്ള പരീക്ഷണ ട്രാക്ക് മൂന്നു ഘട്ടങ്ങളിലായി നിര്‍മിക്കുന്നത്. ഈ ഹൈപ്പര്‍ലൂപ് പാത പൂര്‍ത്തിയായാല്‍ മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാവുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രതീക്ഷ.
2012ല്‍ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ആദ്യമായി ഹൈപ്പര്‍ലൂപ് എന്ന ഗതാഗത ആശയം പരസ്യമായി പങ്കുവച്ചത്. പിന്നീട് വിര്‍ജിന്‍ ഗാലക്ടിക് സ്ഥാപകനായ റിച്ചാര്‍ഡ് ബ്രാന്‍സണും ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന പേരില്‍ സ്വന്തം ഹൈപ്പര്‍ലൂപ്പ് കമ്പനി സ്ഥാപിച്ചു. എന്നാല്‍ പിന്നീട് മസ്‌കിന്റെ ദ ബോറിങ് കമ്പനിക്കും ബ്രാന്‍സണിന്റെ ഹൈപ്പര്‍ലൂപ്പ് വണ്ണിനും സാങ്കേതികവും സാമ്പത്തികവുമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഇതേ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ചൈന.
English Summary: China's new hyperloop train completes first test Runs Successfully