നവകേരള ആഡംബര ബെൻസ്, നിറം ബ്രൗൺ; വില 1.05 കോടി രൂപ

Mail This Article
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് ബസിന് ചോക്ലേറ്റ് ബ്രൗൺ നിറം. കോൺട്രാക്ട‌് കാര്യേജ് ബസുകൾക്കു വെള്ള നിറമേ പാടുള്ളൂവെങ്കിലും ഗതാഗതവകുപ്പിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ബ്രൗൺ നിറം തിരഞ്ഞെടുത്തത്.
ഭാരത് ബെൻസ് ഷാസി
ഭാരത് ബെൻസിന്റെ 1624 ഷാസിയിലാണ് ബസിന്റെ നിർമാണം. 12 മീറ്റർ നീളമുള്ള ബെൻസ് ഷാസി ബസുകളും കാരവാനുകളും നിർമിക്കാൻ ഉപയോഗിക്കാറുണ്ട്. ഏകദേശം 44 ലക്ഷം രൂപയാണ് ഈ ഷാസിയുടെ വില. ബെൻസിന്റെ ഒഎം926 എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 7200 സിസി കപ്പാസിറ്റിയുള്ള ആറു സിലിണ്ടർ എൻജിന് 240 എച്ച്പി പവറും 850 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡാണ് ഗിയർബോക്സ്. ഫുള്ളി എയർസസ്പെൻഷനാണ് ബസിന്.
ചെലവ് 1.05 കോടി
ബസിനായി 1.05 കോടിയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബാക്കി തുക ബോഡി നിർമാണത്തിനും മറ്റു സൗകര്യങ്ങൾക്കും. കർണാടകയിലെ എസ്.എം.കണ്ണപ്പ എന്ന പ്രകാശ് ഓട്ടമൊബീൽസാണു ബസിന്റെ ബോഡി നിർമിച്ചത്. കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് നിർമിക്കുന്നതും പ്രകാശ് തന്നെ.

മുഖ്യമന്ത്രിയുടെ സീറ്റ്
ഏറ്റവും മുന്നിൽ എങ്ങോട്ടും തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റ്. ഡ്രൈവറുടെ സൈഡിലായി പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ടാകും.
കാരവൻ മാതൃകയിൽ സൗകര്യങ്ങൾ
11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോ വേവ് അവ്ൻ, ആഹാരം കഴിക്കാൻ പ്രത്യേക സ്‌ഥലം, വാഷ് ബെയ്‌സിൽ, വിശ്രമിക്കാനുള്ള സ്ഥലം, രണ്ട് എൻട്രി ഡോറുകൾ എന്നിവ ബസിലുണ്ടാകും.

ബസിൽ ആരൊക്കെ?
ബസിൽ 25 സീറ്റുകളാണുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും. മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ മറ്റു 2 സഹായികൾക്കു കെഎസ്ആർടിസി പരിശീലനം കൊടുത്തിട്ടുണ്ട്. ഡ്രൈവർമാരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിച്ചു.
യാത്ര കഴിഞ്ഞാൽ വാടകയ്ക്ക്
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് പിന്നീടു സ്വകാര്യ ടൂർ പോകുന്നതിനുൾപ്പെടെ വാടകയ്ക്ക് കൊടുക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങൾ ഉള്ളതിനാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ആദ്യമായാണ് കെഎസ്ആർടിസി ബെൻസ് ബസ് ഇറക്കുന്നത്. ബെൻസിനെക്കാൾ വിലയുള്ള വോൾവോ ബസ് കെഎസ്ആർടിസിക്കുണ്ട്.
നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിന് പുറമേ ബെൻസിന്റെ 2 വണ്ടികൾക്കു കൂടി കെഎസ്ആർടിസി കരാർ നൽകി. ബജറ്റ് ടൂറിസത്തിനും സ്വകാര്യവ്യക്തികൾക്കുൾപ്പെടെ ആവശ്യങ്ങൾക്ക് വാടകയ്ക്കു നൽകുന്നതിനുമാണിത്. ഒരെണ്ണം ബെൻസിന്റെ സ്ലീപ്പറും മൂന്നാമത്തേത് ബെൻസിന്റെ സീറ്റർ ടൈപ്പുമാണ്.