ADVERTISEMENT

ഇന്ത്യന്‍ വിപണിക്ക് എസ് യു വികളോടുള്ള പ്രത്യേക ഇഷ്ടം ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്കും വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ടൊയോട്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളില്‍ എസ് യു വികളുടെ ശക്തമായ സാന്നിധ്യമുണ്ട്. അടുത്തവര്‍ഷം ഏറ്റവും കുറഞ്ഞത് മൂന്ന് എസ് യു വികളെങ്കിലും ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിലൊന്ന് വൈദ്യുത കാറാണെന്ന സവിശേഷതയുമുണ്ട്. 

Toyota Fortuner, Representative Image
Toyota Fortuner, Representative Image

ഫോര്‍ച്യൂണര്‍ എംഎച്ച്ഇവി

ഇന്ത്യന്‍ വിപണിയിലെ ടൊയോട്ടയുടെ വിജയിച്ച മോഡലായ ഫോര്‍ച്യൂണറിന് വൈകാതെ അപ്‌ഡേഷന്‍ ലഭിക്കും. തലമുറ മാറ്റമോ ഫേസ്‌ലിഫ്‌റ്റോ അല്ല മറിച്ച് മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍(എംഎച്ച്ഇവി) സൗകര്യമാണ് ഫോര്‍ച്യൂണറില്‍ ടൊയോട്ട അവതരിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളില്‍ ഇതിനകം തന്നെ ഫോര്‍ച്യൂണര്‍ എംഎച്ച്ഇവി ലഭ്യമാണ്. 

48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം വഴി ഫോര്‍ച്യുണര്‍ എംഎച്ച്ഇവിയുടെ പെര്‍ഫോമെന്‍സും ഇന്ധനക്ഷമതയും വര്‍ധിക്കും. പെട്ടെന്ന് വേഗതയെടുക്കേണ്ടി വരുമ്പോള്‍ സഹായിക്കുന്ന ഇതേ സംവിധാനം ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സാധാരണ ഡീസല്‍ വാഹനങ്ങളിലെ പ്രശ്‌നമായ അന്തരീക്ഷ മലിനീകരണമെന്ന പ്രശ്‌നം കുറക്കാനും ഇതുവഴി ഫോര്‍ച്യൂണറിന് സാധിക്കും. 

2.8 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ജിഡി സീരീസ് ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ എംഎച്ച്ഇവിയിലുള്ളത്. ഹൈബ്രിഡിന്റെ വരവോടെ വാഹനത്തിന്റെ കരുത്ത് 201 എച്ച്പിയും ടോര്‍ക്ക് 500എന്‍എമ്മുമായി വര്‍ധിക്കും. ഇന്ധനക്ഷമത ലീറ്ററിന് 13 കീലോമീറ്റര്‍. ഡീസല്‍ എന്‍ജിനുകളില്‍ മാത്രമായിരിക്കും ഹൈബ്രിഡ് വകഭേദം ലഭ്യമാവുക. 

toyota-hyryder-2

ഹൈറൈഡര്‍ 7 സീറ്റര്‍

ഹ്യുണ്ടേയ് എല്‍ക്കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ് യു വി 700, ടാറ്റ സഫാരി എന്നീ വലിയ വാഹനങ്ങളുടെ എതിരാളിയായിട്ടാണ് 7 സീറ്റര്‍ ഹൈറൈഡറിന്റെ വരവ്. സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഹൈറൈഡറിന്റെ അകത്തും പുറത്തും ടൊയോട്ട മാറ്റങ്ങള്‍ കൊണ്ടുവരും. അതേസമയം ഇപ്പോഴത്തെ ഹൈറൈഡറിന്റെ അതേ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും 7 സീറ്ററിന്റേയും കരുത്ത്. നാച്ചുറലി അസ്പയേഡ്, സ്‌ട്രോങ് ഹൈബ്രിഡ് വകഭേദങ്ങളും ഈ പെട്രോള്‍ എന്‍ജിനുണ്ട്. അടുത്തവര്‍ഷം പകുതിയോടെ വില്‍പനക്കെത്തും.

toyota-urban-suv-concept-4

അര്‍ബന്‍ ഇലക്ട്രിക് എസ് യു വി

തുടക്കം മുതല്‍ വൈദ്യുത വാഹനങ്ങളോട് പുറം തിരിഞ്ഞു നിന്നിട്ടുള്ള ടൊയോട്ട ഒടുവില്‍ ഇന്ത്യയില്‍ ആദ്യത്തെ വൈദ്യുത വാഹനം പുറത്തിറക്കാന്‍ പോവുകയാണ്. മാരുതിയുടെ ഇവിഎക്‌സിന്റെ ബാഡ്ജ് എന്‍ജിനീയേഡ് വകഭേദമായിരിക്കും ടൊയോട്ട ഇന്ത്യയിലെത്തിക്കുക. ടോക്യോയില്‍ വെച്ചു നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2025 രണ്ടാം പകുതിയില്‍ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. 

ഒറ്റ ചാര്‍ജില്‍ 550 കീലോമീറ്റര്‍ പോവാനാവുമെന്നതാണ് വാഗ്ദാനം. മാരുതി സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് നിര്‍മിച്ച 27പിഎല്‍ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കുക. 48kWh, 60kWh ബാറ്ററി പാക്കുകള്‍. ഐസിഇ കാറുകളും ഹൈബ്രിഡിനും പുറമേ വൈദ്യുത കാര്‍ കൂടി വരുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

English Summary:

3 New Toyota SUVs Launching Next Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com