ആദ്യം ക്രേറ്റ ഇവി, ഹ്യുണ്ടേയ് എത്തുന്നു 3 ഇലക്ട്രിക് കാറുകളുമായി
Mail This Article
അയോണിക് 5വിന് പുറമേ കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ മോഡല്‍ അടുത്തവര്‍ഷം ജനുവരിയിലെത്തുന്ന ക്രേറ്റ ഇവിയായിരിക്കും. ഇന്ത്യന്‍ ഇവി വിപണിയില്‍ ഹ്യുണ്ടേയുടെ പടക്കുതിരയാവുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ക്രേറ്റ ഇവി. ഇതിനു പിന്നാലെ മൂന്ന് ഇവികള്‍ കൂടി ഹ്യുണ്ടേയ് പുറത്തിറക്കും.
ഇന്ത്യയില്‍ വൈകാതെ നാല് വൈദ്യുത കാര്‍ മോഡലുകള്‍ പുറത്തിറക്കാനാണ് ഹ്യുണ്ടേയുടെ ശ്രമം. ഇതില്‍ ആദ്യ വാഹനമായ ക്രേറ്റ ഇവി ഇന്ത്യയില്‍ വലിയ സ്വീകാര്യത നേടിയ ക്രേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ടാറ്റ കര്‍വ്.ഇവി, ബിവൈഡി ഇമാക്‌സ്7, MG ZS EV എന്നീ ജനകീയ മോഡലുകള്‍ക്കൊപ്പം പുറത്തിറങ്ങാനിരിക്കുന്ന മാരുതി ഇവിഎക്‌സുമായിരിക്കും ക്രേറ്റ ഇവിയുടെ എതിരാളികള്‍. ഇവയോട് മത്സരിക്കാവുന്ന വിലയായിരിക്കും ഹ്യുണ്ടേയ് ക്രേറ്റ ഇവിക്കു നല്‍കുക.
നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മുഖം മിനുക്കിയെത്തിയ ക്രേറ്റയോട് ഡിസൈനില്‍ നിരവധി സാമ്യതകള്‍ ക്രേറ്റ ഇവിക്കും ഉണ്ടാവും. മുന്നിലെ ഗ്രില്ലിലും ലാംപുകളിലും ബംപറുകളിലും വീലുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇവിക്കു വേണ്ടിയുള്ള 3സ്‌പോക്ക് ഡിസൈനിലുള്ള 3 DOTS സ്റ്റീറിങ് വീലും റീജെന്‍ ലേവല്‍ നിയന്ത്രിക്കുന്ന പാഡില്‍ ഷിഫ്റ്ററുകളും ഉള്ളിലുണ്ടാവും. സീറ്റിലും സെന്റര്‍ കണ്‍സോളിലുമെല്ലാം മാറ്റങ്ങളോടെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാവും ഹ്യുണ്ടേയ് ഇവിയുടെ വരവ്.
ക്രേറ്റയുടെ കെ2 പ്ലാറ്റ്‌ഫോമിന്റെ വൈദ്യുത വാഹനത്തിനു വേണ്ടി പരിഷ്‌ക്കരിച്ച പ്ലാറ്റ്‌ഫോമാണ് ക്രേറ്റ ഇവിയില്‍. 45 kWh ബാറ്ററി 450 കീമി റേഞ്ച് നല്‍കും. കോന ഇവിയുടെ ഇലക്ട്രിക് മോട്ടോറായിരിക്കും ക്രേറ്റ ഇവിയില്‍. 138 പിഎസ് കരുത്തും പരമാവധി 255എന്‍എം ടോര്‍ക്കും ക്രേറ്റ ഇവി പുറത്തെടുക്കും.
വൃത്താകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, പിക്‌സല്‍ ഗ്ലാഫിക് ടേണ്‍ സിഗ്നലുകള്‍, ടെയില്‍ ലാംപുകള്‍, ബംപറുകള്‍, 15/17ഇഞ്ച് വീലുകള്‍ എന്നിവയാണ് പുറത്തെ പ്രധാന ഫീച്ചറുകള്‍. ഉള്ളിലേക്കു വന്നാല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, സ്റ്റിയറിങ് വീലിനു പുറകിലെ ഗിയര്‍ നോബ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് പ്രധാനമായിട്ടുണ്ടാവുക.
മറ്റു മോഡലുകള്‍
ക്രേറ്റ ഇവിക്കു പിന്നാലെ ആദ്യമെത്തുന്ന ജനകീയ മോഡലായിരിക്കും മൈക്രോ എസ് യു വിയായ ഇന്‍സ്റ്റര്‍ ഇവി. 2026ലായിരിക്കും ഇന്‍സ്റ്ററിന്റെ വരവ്. ടാറ്റ പഞ്ച് ഇവിയുമായിട്ടായിരിക്കും ഇന്‍സ്റ്റര്‍ ഇവിയുടെ പ്രധാന മത്സരം. ഹ്യുണ്ടേയ് ഇ-ജിഎംപി പ്ലാറ്റ്‌ഫോമിലാണ് ഇന്‍സ്റ്റര്‍ ഇവി നിര്‍മിക്കുക. ഇന്ത്യയില്‍ ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ ഇവികളിലൊന്നാവും ഇന്‍സ്റ്റര്‍ ഇവി.
ഹ്യുണ്ടേയ് കാസ്പറിന്റെ ഇവി വകഭേദമാണ് ഇന്‍സ്റ്റര്‍. ഐസിഇ മോഡലായ കാസ്പറിനേക്കാള്‍ കൂടുതല്‍ വലിപ്പമുള്ള മോഡലായിരിക്കും ഇന്‍സ്റ്റര്‍ ഇവി. ഹാച്ച് ബാക്കുകള്‍ക്കും എസ് യു വികള്‍ക്കും ഇടയിലായിരിക്കും ഇന്‍സ്റ്റര്‍ ഇവിയുടെ സ്ഥാനം. സ്റ്റാന്‍ഡേഡ് റേഞ്ച്(42kWh), എക്‌സ്റ്റെന്‍ഡഡ് റേഞ്ച്(49kWh) എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍. ഉയര്‍ന്ന വകഭേദത്തിന് 355 കീമി റേഞ്ച്(WLTP). 120 kW ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്.
പുതു തലമുറ വെന്യുവിന്റേയും ഗ്രാന്‍ഡ് ഐ10 നിയോസിന്റേയും ഇലക്ട്രിക് വകഭേദങ്ങളും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് എസ് യു വികളായ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV 300 എന്നിവയുമായിട്ടാവും വെന്യു ഇവി മത്സരിക്കുക. ടാറ്റ ടിയാഗോ ഇവിയുമായിട്ടാവും ഗ്രാന്‍ഡ് ഐ10 നിയോസിന്റെ ഇവിയുടെ മത്സരം. ഈ മോഡലുകള്‍ കൂടിയെത്തുന്നതോടെ ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ ഹ്യുണ്ടേയ് കരുത്തു തെളിയിക്കും.