മുഖം മിനുക്കിയെത്തി... ഹോണ്ടയുടെ കുരങ്ങനും സിംഹക്കുട്ടിയും

Mail This Article
യൂറോപ്യൻ വിപണിയിൽ കുരങ്ങനെയും സിംഹക്കുട്ടിയെയും തുറന്നുവിട്ടു ഹോണ്ട. ലോകത്താകമാനം ഒട്ടേറെ ആരാധകർ ഉള്ള ‘മങ്കി’ എന്ന മിനിബൈക്കിന്റെയും ‘സുപ്പർ കബ്’ എന്ന അണ്ടർബോൺ ടൈപ്പ് ബൈക്കിന്റെയും പുതിയ മോഡലുകൾ (2022) ഹോണ്ട പുറത്തിറക്കി.

മിനിബൈക്ക് എന്നാൽ ചെറുവഴികളിലൂടെ മാത്രം ഓടിക്കാൻ അനുമതിയുള്ള, ചെറുചക്രങ്ങളും ബോഡിയുമുള്ള ഇരുചക്ര വാഹനങ്ങളാണ്. വിനോദോപാധി എന്ന നിലയിൽ ബൈക്ക് റൈഡിങ് നടത്തുന്നവരെ ലക്ഷ്യമിട്ടു പുറത്തിറക്കിയിരുന്ന ഇവയുടെ വിപണിക്ക് 2000ത്തിന്റെ ആദ്യ സമയത്തു തന്നെ തിരശ്ശീല വീണിരുന്നു. എന്നിട്ടും ഹോണ്ട അവരുടെ ഇസഡ്50എം എന്ന മോഡൽ 2017 വരെ വിപണിയിൽ നിന്നു പിൻവലിച്ചില്ല. വളരെ ചെറിയ എൻജിനുകൾക്കു മലിനീകരണ നിയന്ത്രണ ഉപാധികൾ ഘടിപ്പിക്കാൻ പ്രയാസമാണെന്നു വിലയിരുത്തി 2017 ഓഗസ്റ്റിൽ ഇവ പിൻവലിച്ചെങ്കിലും 2018 ഏപ്രിലോടെ പുതിയ എൻജിനും സാങ്കേതിക സംവിധാനങ്ങളുമായി മങ്കി പുനരവതരിച്ചു. യഥാർഥത്തിൽ ‘മങ്കി’ എന്നാൽ ഈ ബൈക്കുകൾ ഉൾപ്പെടുന്ന വിഭാഗത്തിന്റെ ചെല്ലപ്പേരാണ്. ബൈക്കുകൾ ചെറുത് ആയതിനാൽ അതിൽ ഇരിക്കുമ്പോൾ കുരങ്ങുകളുടെ ഇരിപ്പിനോട് സാമ്യം തോന്നുമെന്ന് ഏതോ രസികൻ കണ്ടെത്തിയതിന്റെ ബാക്കിപത്രമാണ് ഈ ചെല്ലപ്പേര്. ഇത്രയും ജനകീയമായ പേരുള്ളപ്പേൾ മറ്റൊന്നു തപ്പി കഷ്ടപ്പെടേണ്ട എന്നു കരുതിയിട്ടോയെന്തോ ഹോണ്ട ‘മങ്കി’യെ ഇങ്ങെടുക്കുകയായിരുന്നു. പുനരവതരണ വേളയിലാണു ‘മങ്കി’ ഒരു ബാഡ്ജ് ആയി മാറിയത്.

അണ്ടർബോൺ ടൈപ്പ് എന്നൊന്നും പറഞ്ഞാൽ ആർക്കും വലുതായി പിടി കിട്ടില്ലെങ്കിലും ‘ബജാജ് എം80 പോലത്തെ ബൈക്ക്’ എന്നു പറഞ്ഞാൽ മനസ്സിലാക്കാൻ കഴിവുള്ളവരാണ് ഗീയറുള്ള ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് എടുത്ത ഭൂരിപക്ഷം മലയാളികളും. നമ്മൾ മീൻവണ്ടി എന്നും പലഹാര വണ്ടിയെന്നും പാൽ വണ്ടിയെന്നുമൊക്കെ പറഞ്ഞു കളിയാക്കാറുള്ള എം80 മാത്രമല്ല, ക്ലച്ചില്ലാതെ ഗീയർ ഇടുന്ന ‘ടെക്നിക്’ കൊണ്ട് അതിശയിപ്പിച്ച ഹീറോ ഹോണ്ട സ്ട്രീറ്റും ഒരു അണ്ടർബോൺ ടൈപ്പ് ബൈക്കാണ്. വണ്ടിയുടെ അൽപം പൊങ്ങി നിൽക്കുന്ന പ്ലാറ്റ്ഫോമിനു മുകളിലൂടെ കാലെടുത്തു വച്ചു കയറേണ്ടതിനാൽ ‘സ്റ്റെപ്ത്രൂ’ എന്നൊരു പേരും ഇവയ്ക്കുണ്ട്.

ഇത്തരം ബൈക്കുകൾ ജനകീയമാകാൻ കാരണക്കാരനായ അവതാരമാണ് ഹോണ്ടയുടെ സൂപ്പർ കബ് അഥവാ ‘കബ്’. 1958ൽ ഹോണ്ട പുറത്തിറക്കിയ ‘കബ്’ അന്നു മുതൽ ഫോർ സ്ട്രോക്ക് എൻജിനാണ് ഉപയോഗിച്ചിരുന്നത് (ഇന്ത്യയിൽ, സൂപ്പർ കബിന്റെ കൊച്ചനുജൻ എന്നു വിളിക്കാവുന്ന സ്ട്രീറ്റിനെക്കാൾ ജനകീയമായിരുന്ന എം80 കുറെ ഏറെ നാൾ ടു സ്ട്രോക്ക് എൻജിൻ ആണ് ഉപയോഗിച്ചിരുന്നതെങ്കിലും അവസാനകാലത്ത് ഫോർ സ്ട്രോക്കിലേക്കു മാറി). യൂറോപ്പിലെ ലൈറ്റ് വെയിറ്റ് മോട്ടർസൈക്കിൾ, മൊപ്പെഡ് എന്നീ ആശയങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഹോണ്ട ഇരുചക്രവാഹന കമ്പനി സ്ഥാപകരായിരുന്ന സോയിച്ചിറോ ഹോണ്ടയും ടക്കിയോ ഫ്യൂജിസാവയും അണ്ടർബോൺ ടൈപ്പ് ബൈക്കിന്റെ വികസത്തിലേക്കു കടന്നത്. കാലക്രമേണ ‘അണ്ടർബോൺ’ എന്നത് ഇത്തരം ബൈക്കുകളുടെ കൂട്ടത്തിന്റെ പേരു മാത്രമല്ല ഒരു രൂപകൽപനാ സിദ്ധാന്തം പോലുമായി മാറി. പല പുതിയ മാക്സി സ്കൂട്ടറുകളും സ്റ്റെപ്ത്രൂ ആയി പുറത്തിറങ്ങുന്നത് ഇതിന് ഉദാഹരണമാണ്.

പുതിയ മങ്കിയും സൂപ്പർ കബും
അമേരിക്കയിലെ ഹോണ്ടയുടെ മിന്നും താരമായ ഗ്രോം എന്ന ബൈക്കിന്റെ 125 സിസി എൻജിൻ വച്ചാണു (9.2 ബിഎച്ച്പി) പുതിയ ‘മങ്കി’ വരുന്നത്. എൻജിന്റെ ശബ്ദം ആകർഷകമാക്കാനുള്ള ചില പൊടിക്കൈകൾ കൂടി ഇത്തവണ നടത്തിയിട്ടുണ്ട്. 4 ഗീയറുകൾക്കു പകരം പുത്തൻ മങ്കിയിൽ 5 ഗീയർ ആയി. സ്റ്റീൽ ഫ്രെയിമിൽ തീർത്ത മങ്കിയുടെ മുന്നിൽ അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ രണ്ടു സ്റ്റേജ് സ്പ്രിങ്ങുകളുമാണു സസ്പെൻഷൻ വിഭാഗം കൈകാര്യം ചെയ്യുന്നത്. മുൻകാലങ്ങളിൽ ഇത്രയും മികച്ച സംവിധാനങ്ങളൊന്നും മിനിബൈക്കുകളിൽ വന്നിരുന്നില്ല. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ ആണെങ്കിലും എബിഎസ് നൽകിയിരിക്കുന്നത് റൈഡർക്കു ധൈര്യം പകരും. മുൻപ് 10 ഇഞ്ച് ടയറുകളിലായിരുന്നു മിനി ബൈക്കുകൾ ഓടിയിരുന്നതെങ്കിൽ ‘ന്യൂജെൻ’ മങ്കിക്ക് 12 ഇഞ്ചാണു വീൽ മുന്നിലും പിന്നിലും. പുതിയതിന്റെ ടയറുകൾ ബ്ലോക്ക് പാറ്റേണിലുള്ളതാണ്. കുറച്ചുകൂടി പൗരുഷം കൂടി. 104 കിലോയാണു ഭാരം. മൈലേജ് ലീറ്ററിന് 65 കിലോമീറ്ററിന് അടുത്ത്.

ലൈറ്റുകളെല്ലാം എൽഇഡിയും മീറ്റർ ഡിജിറ്റലും ഒക്കെയാണെങ്കിലും ഇതു രണ്ടും മാറ്റി നിർത്തിയാൽ അസ്സൽ ‘റെട്രോ’ ചുള്ളനാണു മങ്കി. ഈ ഹോണ്ടയോടാണോ ഇന്ത്യയിലെ ‘റെട്രോ പുലികൾ’ വെല്ലുവിളി നടത്തുന്നതെന്നു തോന്നിയാൽ കുറ്റം പറയാനാകില്ല, ആരെയും കുറച്ചു കാണുന്നില്ലെങ്കിൽ കൂടി. മിന്നുന്ന നീല, വാഴപ്പഴത്തിന്റെ മഞ്ഞ, രത്ന ചുവപ്പ് എന്നീ നിറങ്ങളിലാണ് ഈ ‘കുഞ്ഞൻ’ ലഭ്യമാകുക. 4700 ഡോളറിന് അടുത്താണ് മങ്കിയുടെ വില. ഇന്ത്യയിൽ മൂന്നേമുക്കാൽ ലക്ഷത്തിനടുത്ത്... അത്രയും ‘റെട്രോ’ നമ്മൾ താങ്ങൂല അല്ലേ?
സൂപ്പർ കബിന്റെ മുത്തച്ഛൻമാരുടെ എല്ലാ ‘റെട്രോ’ ചാരുതയും ഉൾക്കൊണ്ടാണ് പുതിയ ‘കുട്ടി’യുടെയും വരവ്. ഗ്രോമിന്റെ എൻജിൻ തന്നെയാണിതിനും. എന്നാൽ എൻജിൻ സൗണ്ടിനും പവർ ഔട്പുട്ടിനും നേരിയ വ്യത്യാസമുണ്ട്. ‘മങ്കി’യുടെ അത്ര കടുപ്പമില്ലാത്ത എക്സ്ഹോസ്റ്റ് നോട്ട് ആണെങ്കിലും ശക്തിയിൽ ദശാംശക്കണക്കിൽ നേരിയ വർധനയുണ്ട് കബിന്. മങ്കിയും സൂപ്പർ കബും യൂറോ 5 മലിനീകരണ നിയന്ത്രണ നിലവാരം (ഇന്ത്യയിലെ ബിഎസ് 6 നിലവാരം പോലെ) പാലിക്കുന്ന ബൈക്കുകൾ ആണ്. സൂപ്പർ കബിനും മീറ്ററുകൾ എല്ലാം ഡിജിറ്റലും ലൈറ്റുകൾ എൽഇഡിയുമാണ്. പക്ഷേ ഇതൊന്നും വേഗം മനസ്സിലാകില്ല, ഇവിടെയും. രൂപകൽപനയിൽ അത്രയും കണിശ്ശത പാലിച്ചിരിക്കുന്നു. 17 ഇഞ്ച് ഡൈകാസ്റ്റ് അലുമിനിയം അലോയ് വീലുകൾ മാത്രമാണ് ‘ഇതു പുതിയ വണ്ടിയാണേ...’ എന്നു ദൂരക്കാഴ്ചയിൽ തോന്നിക്കുന്ന ഘടകം. ഇന്ധനക്ഷമത വർധിപ്പിക്കാനുള്ള ചെറിയ മിനുക്കുപണികളും സാങ്കേതിക വിഭാഗം ചെയ്തിട്ടുണ്ട്. കാലങ്ങളായി സൂപ്പർ കബിൽ നിന്നു മാറാത്ത ഒന്നുണ്ട്, അത് ഇതിലും കുറച്ചു മികവു കൂട്ടി തുടരുന്നു: സെമി ഓട്ടമാറ്റിക് ട്രാൻസ്മിഷൻ. ബ്രേക്കുകൾ ഡ്രമ്മുകൾ ആണ്. ഷോക്ക് അബ്സോർബറുകളും പുതിയ രീതിക്കുള്ളതു തന്നെ. നിലവിൽ ഒരു നിറമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് (നമ്മുടെ ആക്ടീവ 6ജി ഒക്കെ ഈ നിറത്തിൽ ഇന്ത്യയിൽ വാങ്ങാൻ കിട്ടും). വില 5000 ഡോളർ, അഥവാ 4 ലക്ഷത്തിനു സമീപത്ത്.

പിറ്റ്സ്റ്റോപ് – മങ്കിക്കും സൂപ്പർ കബിനും കരുത്തു പകരുന്ന എൻജിന്റെ യഥാർഥ ‘ഉടമ’യായ ഹോണ്ട ഗ്രോമിന്റെ പുതിയ മോഡൽ ഹോണ്ട ഒരാഴ്ച മുൻപ് അവതരിപ്പിച്ചിരുന്നു. ഈ ഗ്രോം എന്നൊന്നും കേട്ട് ‘ഇയാളെന്തോന്നാ ഈ പറയുന്നത്’ എന്നു വിചാരിക്കേണ്ട. നാലഞ്ചു വർഷങ്ങൾക്കു മുൻപ് ‘വിചിത്ര ലൂക്ക്’ ഉള്ള ‘ഹോണ്ട നവി’ എന്നൊരു ബൈക്ക് ഇന്ത്യയിൽ ഇറങ്ങിയത് ഓർമയുണ്ടോ? ‘നവി’യുടെ രൂപകൽപന ഗ്രോമിനെ അടിസ്ഥാനപ്പെടുത്തിയാണു നടത്തിയത്. എൻജിനും സാങ്കേതിക ഘടകങ്ങൾ ഭൂരിഭാഗവും ആക്ടീവയുടേതു തന്നെയാണു കടം കൊണ്ടിരുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ ‘വിചിത്ര ലൂക്ക്’ ഇഷ്ടപ്പെടുന്നവർ കുറവായതുകൊണ്ട് നവി ഒരിക്കലും ചൂടപ്പം പോലെ വിറ്റു പോയില്ല. ബിഎസ് 3ൽ നിന്നു പൂർണമായി ബിഎസ് 4 മലിനീകരണ നിയന്ത്രണ ചട്ടത്തിലേക്കു രാജ്യം ചുവടു വച്ച അന്നു നവി അന്ത്യശ്വാസം വലിച്ചു.
English SummaryL New Honda Monkey and Super Cub In European Market