ആക്ടീവ മുതൽ ഓല വരെ... കഴിഞ്ഞ മാസം ഏറ്റവും അധികം വിറ്റ സ്കൂട്ടറുകൾ

Mail This Article
രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള ഇരുചക്രവാഹനങ്ങൾ ബൈക്കുകളാണെങ്കിലും സ്കൂട്ടറുകളും ഒട്ടും പുറകില്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്കൂട്ടർ വിപണിയും തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ മാസം രാജ്യത്ത് വിറ്റ സ്കൂട്ടറുകളിൽ ആദ്യ പത്തു സ്ഥാനക്കാർ ആരൊക്കെയെന്നു നോക്കാം.

ഹോണ്ട ആക്ടീവ (110 & 125)

ഇരുചക്രവാഹന വിൽപനയിൽ ആദ്യ സ്ഥാനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ആക്ടീവയാണ് സ്കൂട്ടർ വിൽപനയിലും ഒന്നാമൻ. കഴിഞ്ഞ മാസം മാത്രം 149407 യൂണിറ്റ് ആക്ടീവകളാണ് നിരത്തിലെത്തിയത്. ഏപ്രിലിലെ വിൽപനയെ അപേക്ഷിച്ച് കുറവാണ് മെയ് മാസത്തെ വിൽപന. ഏപ്രിലിൽ വിറ്റത് 163357 യൂണിറ്റുകളാണ്.

ടിവിഎസ് ജൂപ്പിറ്റർ

വിൽപനയിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ടിവിഎസിന്റെ ജൂപ്പിറ്ററാണ്. ആദ്യ സ്ഥാനക്കാരനായ ആക്ടീവയുടെ പകുതിയിൽ താഴെ വിൽപന മാത്രമേ ജൂപ്പിറ്റർ നേടിയുള്ളു. 59613 യൂണിറ്റാണ് കഴിഞ്ഞ മാസം ടിവിഎസ് വിറ്റത്. ഏപ്രിൽ മാസത്തെ വിൽപന 60957 യൂണിറ്റായിരുന്നു.

സുസുക്കി ആക്സസ്

മൂന്നാം സ്ഥാനം സുസുക്കിയുടെ സ്കൂട്ടറായ ആക്സസിനാണ്. 35709 യൂണിറ്റ് അക്സസുകളാണ് സുസുക്കി മെയ് 2022 ൽ വിറ്റത്. ഏപ്രിൽ മാസത്തെ വിൽപനയെ അപേക്ഷിച്ച് 8.4 ശതമാനം വളർച്ച നേടി ആക്സസ്. ഏപ്രിലെ വിൽപന 32932 യൂണിറ്റായിരുന്നു.
ടിവിഎസ് എൻടോർക്ക്
ടിവിഎസിന്റെ സ്പോർട്ടി സ്കൂട്ടർ എൻടോർക്കാണ് വിൽപനയിൽ നാലാമൻ. ഏപ്രിൽ മാസത്തെ വിൽപനയെ അപേക്ഷിച്ച് 2.9 ശതമാനം വളർച്ച മെയിൽ എൻടോർക്കിനു നേടാനായി. 265005 യൂണിറ്റ് വിൽപന നടന്നു.

ഹോണ്ട ഡിയോ

ഹോണ്ടയുടെ സ്കൂട്ടർ ഡിയോയാണ് വിൽപനയിൽ അഞ്ചാമൻ. 20497 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വിൽപന. 2022 ഏപ്രിലിൽ അത് 16033 യൂണിറ്റായിരുന്നു.
ഹീറോ പ്ലഷർ
ഏറ്റവും അധികം വിൽപനയുള്ള സ്കൂട്ടറുകളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടം പിടിക്കുന്ന ആദ്യ ഹീറോയാണ് പ്ലഷർ. രണ്ട് ട്രിമ്മിൽ വിൽക്കുന്ന പ്ലഷറിന്റെ 18531 യൂണിറ്റുകളാണ് മെയ് മാസം മാത്രം വിറ്റത്. 2022 ഏപ്രിലിലെ വിൽപന 12303 യൂണിറ്റായിരുന്നു.
സുസുക്കി ബർഗ്‌മാൻ
സുസുക്കിയുടെ ചെറു മാക്സി സ്കൂട്ടർ ബർഗ്‌മാനാണ് വിൽപനയിലെ ഏഴാമൻ. 2022 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് വിൽപനയിൽ ഏകദേശം 43 ശതമാനം വളർച്ച നേടി ബർഗ്‌മാൻ. 12990 യൂണിറ്റായിരുന്നു മെയ് മാസത്തെ വിൽപന. ഏപ്രിലിലേത് 9088 യൂണിറ്റ്.
ഹീറോ ഡെസ്റ്റിനി
ഹീറോ ഡെസ്റ്റിനിയുടെ 10892 യൂണിറ്റാണ് കഴിഞ്ഞ മാസം വിറ്റത്. ഏപ്രിൽ 2022 ൽ 8981 യൂണിറ്റായിരുന്നു. വളർച്ച 21.3 ശതമാനം.
ഓല എസ് വണ്‍ പ്രോ
രാജ്യത്തെ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് സ്കൂട്ടറായ ഓല എസ് വൺ പ്രോയും ആദ്യ പത്തിൽ ഇടം പിടിച്ചു. മെയ് മാസത്തെ വിൽപനയിൽ 27.2 ശതമാനം ഇടിവ് നേരിട്ടെങ്കിലും 9247 യൂണിറ്റ് എസ് വൺ പ്രോ സ്കൂട്ടറുകൾ നിരത്തിലെത്തി. ഏപ്രിൽ മാസത്തെ വിൽപന 12702 യൂണിറ്റായിരുന്നു. ഓല വിൽപനക്കണക്കുകൾ പരസ്യമാക്കാറില്ലാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാറിന്റെ റജിസ്ട്രേഷൻ പോർട്ടലായ വാഹനിൽ നിന്ന് എടുത്ത കണക്കുകളാണ് ഇത്. ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകൾ കൂട്ടാതെയാണ് ഇത്. അതുകൂടി ചേർത്താൽ വിൽപന ഇനിയും ഉയരും
സുസുക്കി അവനിസ്
സുസുക്കിയുടെ സ്റ്റൈലൻ സ്കൂട്ടർ അവനിസാണ് വിൽപനയിൽ പത്താം സ്ഥാനത്ത് എത്തിയത്. 2022 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയിൽ 19.4 ശതമാനം ഇടിഞ്ഞ് 8922 യൂണിറ്റായിരുന്നു വിൽപന. ഏപ്രിലെ വിൽപന 11078 യൂണിറ്റ്.
English Summary: India’s top 10 bestselling scooters in May 2022