130 എച്ച്: തല തിരിഞ്ഞു പോയ ഒരു ബെൻസ്
Mail This Article
ആഡംബരത്തിന്റെ അവസാനവാക്കായ മെഴ്സിഡീസിന് അധികമാരും അറിയാത്ത ഒരു ജനകീയ മുഖമുണ്ടായിരുന്നു. മെഴ്സിഡീസ് 130 എച്ച്. പീപ്പിൾസ് കാറെന്നു പേരുകേട്ട ഫോക്സ്‌വാഗൻ ബീറ്റിലിനു തൊട്ടുമുമ്പ് ബീറ്റിലിനെ അനുസ്മരിപ്പിക്കുന്ന രൂപ സാദൃശ്യത്തിൽ പിറന്ന കുഞ്ഞു മെഴ്സിഡീസ്. 1931 മുതൽ 39 വരെ നാലായിരത്തിൽത്താഴെ മാത്രം കാറുകൾ. മെഴ്സിഡീസ് ചരിത്രത്തിൽത്തന്നെ ഏറ്റവും കുറച്ച് ഉത്പാദിപ്പിക്കപ്പെട്ട മോഡലുകളിലൊന്ന്. ലോകത്ത് ഇന്ന് നൂറിൽത്താഴെ 130 കാറുകൾ ശേഷിപ്പായുണ്ട്.
എൻജിനു സ്ഥാനചലനം
പരമ്പരാഗത മെഴ്സിഡീസ് കാറുകളിൽ നിന്ന് 130യെ വ്യത്യസ്തമാക്കുന്നത് ബാഡ്ജിങ്ങിലുള്ള എച്ച് തന്നെ. ഹെക്ക് മോട്ടർ എന്നതിന്റെ ചുരുക്കെഴുത്താണ് എച്ച്. എന്നുവച്ചാൽ റിയർ എൻജിൻ. പിന്നിലേക്കു മാറിയ എയർ കൂൾഡ് നാലു സിലണ്ടർ എൻജിൻ മെഴ്സിഡീസിൽ ആദ്യം. എൻജിൻ പിന്നോട്ടു പോയപ്പോൾ മനോഹരമായ മെഴ്സിഡീസ് ഗ്രില്ലും പോയി. എയർ വെൻറുകളില്ലാത്ത മുൻവശത്ത് ബെൻസ് ലോഗോ തെല്ലും ശ്രദ്ധയാകർഷിക്കാതെ നിൽക്കുന്നു. ഈ മോഡലിന് വിൽപനയില്ലാതെ പോയത് മെർക്ക് ഗ്രിൽ ഇല്ലാത്തതുകൊണ്ടായിരുന്നുവെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.
പോർഷെയുടെ കയ്യൊപ്പ്
ലോകപ്രശസ്തമായ ബീറ്റിൽ ഇറങ്ങിയിട്ടില്ല. എന്നാൽ ചെക്ക് നിർമാതാക്കളായ ടട്രയും ഓസ്ട്രിയയിലെ എഡ് മുണ്ട് റുംപ്ലറുടെ ട്രോഫൻ വാഗനും ശ്രദ്ധേയമായ പിൻ എൻജിൻ കാറുകൾ അക്കാലത്ത് കൊണ്ടു വന്നു. ഇതിൽ ട്രോഫൻ വാഗനിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് 130 രൂപകൽപന ചെയ്തത്.
ട്രെൻഡ് സെറ്റർ
അക്കാലത്തെ ‘ട്രെൻഡ്’ ആയിരുന്നു പിൻ എൻജിൻ കാറുകൾ എന്നു വേണം കരുതാൻ. കാരണം ‘ഹിറ്റ്’ ആകാതെപോയ 130 ക്കു പിന്നാലെയെത്തിയ ഫോക്സ് വാഗൻ ബീറ്റിൽ ലോകത്തിലെ എക്കാലത്തെയും ‘സൂപ്പർ ഹിറ്റ്’ ആയിരുന്നു. ശ്രദ്ധേയമായ വസ്തുത ഹിറ്റ്ലറുടെ നിർദ്ദേശത്തിൽ ബീറ്റിൽ സൃഷ്ടിച്ച വിഖ്യാത രൂപകൽപനാ വിദഗ്ധൻ ഫെർഡിനാൻഡ് പോർഷെ 1928 വരെ മെഴ്സിഡീസ് ഡിസൈനറായിരുന്നു. അതായത് 130 യുടെ രൂപകൽപനാ കാലഘട്ടം. പോർഷെയുടെ കരതലങ്ങൾ 130 യെ തലോടിയരുന്നുവെന്നു വ്യക്തം.
പൂർവികൻ 120
ഹാൻസ് നിബെൽ എന്ന ചീഫ് ഡിസൈനറാണ് 130 യുടെ ശിൽപി. 1931 ൽ പൂർവികനായ 120 എച്ച് എന്ന പ്രോട്ടോടൈപ്പ് ഇറങ്ങി. നാലു സീറ്റർ രണ്ടു ഡോർ കാറിന് പിന്നിൽ ഉറപ്പിച്ച നാലു സിലണ്ടർ ബോക്സർ എൻജിൻ. 1200 സി സി, 25 ബി എച്ച് പി എൻജിൻ അക്കാലത്തൊക്കെ ഒരു ചെറുകാറിന് ഉത്തമം. 1934 ബെർലിൻ ഓട്ടോഷോയിൽ 120 യുടെ പരിഷ്കൃത പ്രോട്ടോ ടൈപ്പായ 130 എച്ച് പ്രദർശിപ്പിക്കപ്പെട്ടു.
പുതുമ, പക്ഷെ വിജയം കണ്ടില്ല
1.3 ലീറ്റർ നാലു സിലണ്ടർ സൈഡ് വാൽവ് എൻജിൻ പിന്നിലുറപ്പിച്ച് മൂന്നു സ്പിഡ് ട്രാൻസ്മിഷനുമായിറങ്ങിയ കാറിന് 26 ബി എച്ച് പി ശക്തി. ബീറ്റിലിനെപ്പോലെ എയർ കൂൾഡ് എൻജിനല്ല. വശങ്ങളിലെ വെന്റുകളിലൂടെ വായു കടന്ന് റേഡിയേറ്ററിലെത്തിച്ച് എൻജിൻ തണുപ്പിക്കുന്ന സംവിധാനം. ലീഫ് സ്പ്രിങ്ങുകളിൽ അധിഷ്ഠിതമായ ഇൻഡിപെൻഡൻഡ് മുൻ സസ്പെൻഷൻ സംവിധാനം അത്ര മികച്ചതായിരുന്നില്ല. മോശം ഹാൻഡ്‌ലിങ്. പിന്നിലേക്ക് ഭാരം കേന്ദ്രീകരിച്ചിരുന്നതിനാൽ നിയന്ത്രണം പലപ്പോഴും വിട്ടു പോകുന്നതിനു തൊട്ടടുത്തെത്തും. പിൽക്കാലത്ത് പിന്നിൽ കോയിൽ സ്പ്രിങ് ആക്കിയപ്പോൾ ഹാൻഡ്‌ലിങ് കുറെ മെച്ചപ്പെട്ടു. രണ്ടു ഡോർ 4 സീറ്റർ കാറിന് പരമാവധി വേഗം 92 കിലോമീറ്റർ. രണ്ടു ഡോറുകൾ. വേണ്ടപ്പോൾ ക്യാൻവാസ് ടോപ്പ് ഊരി പിന്നിലേക്ക് മടക്കി വയ്ക്കാം.
കൗതുകം കാഴ്ചയിലുണ്ടായില്ല
ഇപ്പോൾക്കാണുമ്പോൾ കൗതുകം തോന്നുമെങ്കിലും അക്കാലത്ത് ഒരു മെർക്കിനു ചേർന്ന രൂപമായി 130 അംഗീകരിക്കപ്പെട്ടില്ല. കുറച്ചു കരുത്തും സൗകര്യങ്ങളും കൂട്ടി 150 എന്ന മോഡലും പരീക്ഷിക്കപ്പെട്ടു. ടു ഡോർ സ്പോർട്സ് മോഡലിന് 1498 സി സി എൻജിനും 40 ബി എച്ച് പിയുമുണ്ടായിരുന്നു. റോഡ്സ്റ്റെർ എന്ന രീതിയിലിറങ്ങിയ കാറിന് മൂന്നു ഹെഡ് ലാംപുകൾ. മൂന്നാമത്തെ ഹെഡ് ലാംപ് ബംപറിനു തൊട്ടു മുകളിൽ ബോണറ്റിനു താഴെ. ഇതും വിജയിച്ചില്ല.
പിന്നിലെ എൻജിൻ ബീറ്റിലിനു തുണയായി
അവസാന ശ്രമമായി നാലു സിലണ്ടർ 1697 സി സി 170 എച്ച് കൊണ്ടു വന്നെങ്കിലും ഭാഗ്യം കനിഞ്ഞില്ല. പിന്നെയെത്തിയ ലോകയുദ്ധം ഈ സീരീസ് കാറുകളുടെ അന്ത്യം കുറിച്ചു. ബെൻസ് പിന്നെയൊരിക്കലും പിൻ എൻജിനെപ്പറ്റി ചിന്തിച്ചിട്ടില്ല. എന്നാൽ യുദ്ധശേഷം തകർന്നു പോയ ഫാക്ടറികളിലൊന്നിൽ നിന്നു കണ്ടെടുത്ത പ്രോട്ടോടൈപ്പിൽ അധിഷ്ഠിതമായി വാണിജ്യ ഉത്പാദനം ആരംഭിച്ച പിൻ എൻജിൻ ബീറ്റിൽ ഫോക്സ്‌വാഗൻ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായത് വൈരുദ്ധ്യമാണോ?