അധികം ഭാരം താങ്ങാനുള്ള ശേഷി ബോണറ്റിനില്ല, ഇവ വയ്ക്കരുത്
Mail This Article
കാറുകളുടെ രൂപത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് ബോണറ്റിന്. അതുകൊണ്ടുതന്നെ അന്നും ഇന്നും പുറത്തിറങ്ങുന്ന കാറുകളുടെ ബോണറ്റ് സുന്ദരമാക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. അതേസമയം ബോണറ്റുകള്‍ ഭാരമേറിയ വസ്തുക്കളെ താങ്ങാന്‍ ശേഷിയുള്ളവയാവില്ലെന്നതും ഓര്‍മ്മ വേണം. ബോണറ്റിന് മുകളില്‍ കയറിയിരിക്കുന്നതും ഭാരം വെക്കുന്നതുമെല്ലാം യന്ത്രതകരാറുകള്‍ക്ക് പോലും കാരണമാവാറുണ്ട്.
ബോണറ്റിന് മുകളില്‍ ഭാരം വെച്ചാല്‍ ബോണറ്റിന് മാത്രമല്ല എന്‍ജിന് വരെ തകരാറു സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്‍ജിന് സംരക്ഷണം നല്‍കാനുള്ള ആവരണമെന്ന നിലയിലാണ് ബോണറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. അല്ലാതെ ഭാരമുള്ള വസ്തുക്കള്‍ താങ്ങാനല്ല. ഭാരമേറിയ വസ്തുക്കള്‍ ബോണറ്റിന് മുകളില്‍ വെച്ചാല്‍ അത് ബോണറ്റിന്റെ ലോക്കിനേയും തകരാറിലാക്കിയേക്കും. ബോണറ്റിനു മേല്‍ അമിത ഭാരം എത്തിയാല്‍ അത് റേഡിയേറ്റര്‍ അടക്കമുള്ള ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ബാധിച്ചേക്കാം. ഇതും പിന്നീട് എന്‍ജിന്‍ പ്രശ്‌നങ്ങളിലേക്കു നയിക്കും.
കാറിന്റെ സൗന്ദര്യത്തില്‍ മാത്രമല്ല എന്‍ജിനേയും മറ്റു സുപ്രധാന ഭാഗങ്ങളേയും സംരക്ഷിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്ന കാര്‍ ഭാഗമാണ് ബോണറ്റ്. എളുപ്പത്തില്‍ എന്‍ജിനിലേക്കും മറ്റു പ്രധാന ഭാഗങ്ങളിലേക്കും വെള്ളവും പൊടിയുമൊന്നും എത്താതെ സംരക്ഷിക്കുന്നത് ബോണറ്റ് എന്ന ആവരണമാണ്. അതിന്റെ മുകളില്‍ ഭാരംവെച്ചാല്‍ ബോണറ്റിനും മറ്റു കാര്‍ ഭാഗങ്ങള്‍ക്കുമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വലിയ ചിലവു വരാനുമിടയുണ്ട്. അതുകൊണ്ട് കുട്ടികളെ പോലും ബോണറ്റില്‍ ഇരുത്തി കളിപ്പിക്കുന്ന രീതി ഒഴിവാക്കുന്നതാണ് നല്ലത്.
വാഹനത്തിന്റെ സൗന്ദര്യത്തില്‍ നിര്‍ണായക ഭാഗമായതിനാല്‍ കാര്‍ നിര്‍മാതാക്കള്‍ ബോണറ്റിന്റെ രൂപകല്‍പനയിലും നിര്‍മാണത്തിലും സവിശേഷ ശ്രദ്ധ ചെലുത്താറുണ്ട്. കാഴ്ച്ചയില്‍ കരുത്തു തോന്നിപ്പിക്കുമെങ്കിലും അത്രയേറെ കരുത്തുള്ള വസ്തുക്കള്‍ കൊണ്ടല്ല സാധാരണ ബോണറ്റ് നിര്‍മിക്കുക. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്നത് കാറിനെ അനാവശ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കാനും സഹായിക്കും.
ചിലരെങ്കിലും കാറിന്റെ ബോണറ്റ് മോഡിഫൈ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. വാഹനത്തിന് വ്യത്യസ്ത ലുക്ക് നല്‍കാനായി ചെയ്യുന്ന ഇത്തരം മോഡിഫിക്കേഷനുകള്‍ വലിയ തിരിച്ചടിയാവാനും സാധ്യത ഏറെയാണ്. വാഹനത്തിനുള്ളിലെ യാത്രികരുടെ സുരക്ഷയേയും ഇത് ബാധിക്കും. മുന്‍ഭാഗം ഇടിച്ചുള്ള അപകടങ്ങളുടെ സമയത്ത് കാറിന്റെ ബോണറ്റാണ് വലിയ തോതില്‍ ആഘാതത്തെ സ്വീകരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രികരുടെ സുരക്ഷയെ നേരിട്ട് ബാധിക്കാന്‍ ബോണറ്റ് മോഡിഫിക്കേഷനുകള്‍ കാരണമാവാറുണ്ട്.