എക്സ് ത്രീ എമ്മുമായി ബി എം ഡബ്ല്യു; വില 99.90 ലക്ഷം

Mail This Article
ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ പ്രകടനക്ഷമതയേറിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എക്സ് ത്രീ എം’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. 99.90 ലക്ഷം രൂപയാണ് ‘എക്സ് ത്രീ എമ്മി’ന്റെ ഇന്ത്യയിലെ ഷോറൂം വില. ഹോമൊലൊഗേഷൻ നടപടിക്രമങ്ങൾ ഒഴിവാക്കി, വിദേശ നിർമിത കാറുകളുടെ 2,500 യൂണിറ്റ് വരെ ഇന്ത്യയിൽ ഇറക്കുമതി ചെയ്തു വിൽക്കാമെന്ന പുതിയ വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണു ബി എം ഡബ്ല്യു ‘എക്സ് ത്രീ എം’ അവതരിപ്പിച്ചിരിക്കുന്നത്. ‘ആർ എസ്’ ശ്രേണിയിലൂടെ ഔഡിക്കും ‘എ എം ജി’ ശ്രേണിയിലൂടെ മെഴ്സീഡിസ് ബെൻസിനുമുള്ള മുൻതൂക്കത്തെ ഈ ‘എം’ ശ്രേണിയിലൂടെ നേരിടാനാണ് ബി എം ഡബ്ല്യുവിന്റെ നീക്കം.
കാറിനു കരുത്തേകുന്നത് മൂന്നു ലീറ്റർ, ആറു സിലിണ്ടർ, ഇൻലൈൻ, ട്വിൻ പവർ ടർബോ പെട്രോൾ എൻജിനാണ്; 480 ബി എച്ച് പി വരെ കരുത്തും 600 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു വെറും 4.2 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്ന ‘എക്സ് ത്രീ എമ്മി’ന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവ് ലോജിക് സഹിതമുള്ള എട്ടു സ്പീഡ് എം സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷനോടെ എത്തുന്ന കാറിൽ ബി എം ഡബ്ല്യുവിന്റെ പുത്തൻ ആവിഷ്കാരമായ എം എക്സ് ഡ്രൈവ് ഓൾ വീൽ ഡ്രൈവ് സംവിധാനവും ലഭ്യമാണ്. പിൻ ചക്രങ്ങൾക്കു പരിഗണന നൽകുന്ന എം എക്സ് ഡ്രൈവിൽ പ്രകടനം മെച്ചപ്പെടുത്താനായി നാലു ഡ്രൈവിങ് മോഡുകളും ലഭ്യമാക്കിയിട്ടുണ്ട്.
‘എം’ ശ്രേണിക്ക് ആവശ്യമായ സവിശേഷ സസ്പെൻഷനോടെയാണ് ഈ ‘എം ത്രി’യുടെ വരവ്; മുന്നിൽ ഇറട്ട ജോയിന്റ് സ്പ്രിങ് സ്ട്രട്ട് ആക്സിലും പിന്നിൽ ഫൈവ് ലിങ്കുമാണു സസ്പെൻഷൻ. വ്യത്യസ്ത അനുപാതങ്ങളുള്ള സെർവൊട്രൊണിക് സ്റ്റീയറിങ്ങും കരുത്തേറിയ എം കോംപൗണ്ട് ബ്രേക്കുകളും കാറിലുണ്ട്. കാഴ്ചയിൽ സാധാരണ ‘എക്സ് ത്രീ’ പോലെ തോന്നിക്കുമെങ്കിലും ‘എം’ പതിപ്പിന്റെ മുന്നിലെ കിഡ്നി ഗ്രില്ലിൽ ഇരട്ട കറുപ്പ് ബാറുകൾ ഇടംപിടിക്കുന്നു; മുൻ ഫ്ളാങ്കിലെ എയർ ഫ്ലാങ്കുകളിലേക്ക് സംയോജിപ്പിച്ച വിധത്തിലാണ് കാറിലെ സിഗ്നേച്ചർ ‘എം’ ഗില്ലുകളുടെ ഘടന. വായു പ്രതിരോധം കുറയ്ക്കാനായി ഔട്ടർ റിയർവ്യൂ മിററുകളുടെ രൂപകൽപ്പനയും പരിഷ്കരിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ 20 ഇഞ്ച് അലോയ് വീലുകളാണു കാറിലുള്ളത്.
സാധാരണ ‘എക്സ് ത്രീ’ക്കു സമാനമായ സ്ഥലസൗകര്യവും ആഡംബരങ്ങളുമൊക്കെ ‘എം’ പതിപ്പിലുമുണ്ട്. വെർനസ്ക അപ്ഹോൾസ്ട്രി, ആംബിയന്റ് ലൈറ്റിങ്, ‘എം’ ശ്രേണിക്ക് അനുയോജ്യമായ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പരിഷ്കരിച്ച രൂപകൽപ്പനയുള്ള ‘എം’ ഗീയർ സെലക്ടർ ലീവർ, വലിപ്പമേറിയ പനോരമിക് സൺറൂഫ് എന്നിവയെല്ലാം കാറിലുണ്ട്. പിൻസീറ്റ് 40:20:40 എന്ന അനുപാതത്തിൽ വിഭജിച്ച് ബൂട്ടിലെ സംഭരണ ശേഷി 1,600 ലീറ്ററായി വരെ ഉയർത്താനാവും. 12.3 ഇഞ്ച് മൾട്ടി ഫംക്ഷൻ ഡിസ്പ്ലേ, ഐ ഡ്രൈവ് ടച് കൺട്രോളർ, ബി എം ഡബ്ല്യു ജെസ്റ്റർ കൺട്രോൾ, ടെലിഫോണി - വയർലെസ് ചാർജിങ് സഹിതം ബി എം ഡബ്ല്യു വെർച്വൽ അസിസ്റ്റന്റ് എന്നിവയൊക്കെ ഈ കാറിലുണ്ട്.
മികച്ച സുരക്ഷയ്ക്കായി മുന്നിലും പാർശ്വത്തിലും മുകളിലും എയർബാഗ്, ഡൈനമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിങ് ബ്രേക്ക് കൺട്രോൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയൊക്കെയുണ്ട്. അഡാപ്റ്റീവ് എൽ ഇ ഡി ഹെഡ്ലൈറ്റ്, ഹൈ ബീം അസിസ്റ്റന്റ്, പാർക്കിങ് അസിസ്റ്റന്റ്, ഹെഡ് അപ് ഡിസ്പ്ലേ തുടങ്ങിയവും എക്സ് ത്രീ എമ്മിലുണ്ട്.
English Summary: BMW X3 Launched In India