ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി താൻ ജോലി ചെയ്യുന്ന ദെയ്റ നായിഫിലെ കെട്ടിടത്തിന്റെ മുകൾനിലയിലെ ജനാലയിലൂടെ ഇപ്പോൾ പുറത്തേയ്ക്ക് നോക്കുമ്പോൾ ഇൗ മനുഷ്യന്റെ കൺകോണുകളിൽ നേരിയ നനവ് ഉറഞ്ഞുകൂടും. വാഹനങ്ങൾ പുളഞ്ഞിരുന്ന പാതകൾ എല്ലാം വിജനം. പലറോഡുകളും പൊലീസ് അടച്ചിരിക്കുന്നു. ഇലക്ട്രോണിക്സ് സാധനങ്ങളും കംപ്യൂട്ടർ–മൊബൈൽ ഫോൺ ഉത്പന്നങ്ങളും വിറ്റിരുന്ന കടകളും അടഞ്ഞുകിടക്കുന്നു. കൈവണ്ടികളുന്തി തലങ്ങും വിലങ്ങും പാഞ്ഞിരുന്ന പാക് ഭായിമാരെയും ചാച്ചാമാരെയും കാണാനില്ല. 

അല്ലറ ചില്ലറ പണികളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശി യുവാക്കളും ഉൾവലഞ്ഞിരിക്കുന്നു. ഇടയ്ക്കിടെ നിരത്തുകളിലൂടെ സെയിൽസ്, ഡെലിവറി വാഹനങ്ങളും പൊലീസും പോകുന്നത് കണ്ടാലായി. ഒരു സൈക്കിൾ മണിയൊച്ച കേൾക്കാൻ പോലും കൊതിയാകുന്നു. പ്രിയപ്പെട്ട നായിഫിലേയ്ക്കൊന്നു നോക്കിനിൽക്കെ ഉള്ളിലൊരു തേങ്ങലുയരും. കോവിഡ് 19 എന്ന മഹാമാരി താൻ ഹൃദയത്തോട് ചേർക്കുന്ന നായിഫിലുണ്ടാക്കിയ മാറ്റം നിറകണ്ണുകളോടെ മാത്രമേ അബ്ദുൽ റഹ്മാന് നോക്കിനിൽക്കാനാകൂ.

ഇത് കാസർകോട് മൊഗ്രാൽപുത്തൂർ കല്ലങ്കൈ സ്വദേശി അബ്ദുൽ റഹ്മാൻ. കാസർകോടുകാരുടെയും നായിഫിന്റെയും സ്വന്തം 'അദ്രായിച്ച'. നായിഫ് പാർക്കിനടുത്തെ കെട്ടിടത്തിലെ കാവൽക്കാരൻ. ജോലി തേടിയെത്തുന്ന കാസർകോടുകാർക്ക് മാത്രമല്ല, ഇതര ജില്ലക്കാർക്ക് മുന്നിലും ഇദ്ദേഹത്തിന്റെ കെട്ടിടത്തിന്റെ വാതിൽ തുറക്കപ്പെടും. ജോലിയും കൂലിയുമില്ലാത്ത നിരാശ്രയർക്കും നിരാലംബർക്കും കിടക്കാൻ ഒരിടം. 

adrayicha-4
അബ്ദുൽ റഹ്മാൻ സുഹൃത്തുക്കളോടൊപ്പം.

തീർന്നില്ല, ഒരു നേരമെങ്കിലും ഭക്ഷണം. അത് തനിക്ക് വേണ്ടിയുണ്ടാക്കുന്നതിൽ നിന്ന് പകുത്തുനൽകും. എങ്കിൽ മാത്രമേ അറുപതുകാരന് രാത്രി കിടന്നാൽ ഉറക്കം വരൂ. കാസർകോടുകാർ പലരും നായിഫിൽ അദ്രായിച്ചയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് നാട്ടിൽ നിന്ന് ഉപജീവനം തേടി ദുബായിലെത്തുക. മക്കൾ ആദ്യമായി ദുബായിലേയ്ക്ക് യാത്ര പുറപ്പെടുമ്പോൾ രക്ഷിതാക്കൾ പറയും: എത്തിയ ഉടനെ അദ്രായിച്ചയെ വിളിച്ചോ. തത്കാലം അവിടെ കഴിഞ്ഞുകൂടാം. തന്റെ ചെറിയ മുറിയിലെ ഉള്ള സൗകര്യത്തിൽ ഇദ്ദേഹം മറ്റുള്ളവർക്കും പായവിരിക്കുന്നു.

19–ാം വയസിൽ പ്രവാസി; 41 വർഷം നായിഫിൽ

ജീവിതത്തിന്റെ നല്ലൊരു പങ്കും പ്രവാസിയായ അബ്ദുൽ റഹ്മാൻ 41 വർഷം മുൻപ് 19 മത്തെ വയസിലാണ് ആദ്യമായി യുഎഇയിലെത്തിയത്. കല്ലങ്കൈ എൽപി സ്കൂളിൽ നിന്ന് നാലാം ക്ലാസ് കഴിഞ്ഞ് പഠിത്തം നിർത്തി. പിന്നെ നാട്ടിൽ ചില്ലറ കറക്കം. തുടർന്ന് ജീവിതം പഠിക്കാനും തൊഴിലിന് വേണ്ടിയും, അക്കാലത്തെ മിക്ക കാസർകോടുകാരെയും പോലെ മുംബൈയിലേയ്ക്ക് യാത്ര. മഹഗാനഗരത്തിൽ ചെന്ന് പാസ്പോർട് സംഘടിപ്പിച്ചു. 19–ാം വയസിൽ യുഎഇയിലേയ്ക്ക് വീസ കിട്ടി. സ്വദേശിയുടെ വീട്ടുപണിക്കായിരുന്നു വീസ. നൂർജഹാൻ കപ്പലിൽ കെട്ടിട നിർമാണ തൊഴിലാളികളായ മറ്റു 21 പേരോടൊപ്പം യുഎഇയിലെത്തി നേരെ ചെന്നത് ദെയ്റ നായിഫിലേയ്ക്ക്. 

അന്ന് നായിഫിന് ഇന്നത്തെ മോടിയൊന്നുമില്ല. കെട്ടിടങ്ങൾ കുറവ്, വാഹനങ്ങൾ അപൂർവം. എങ്കിലും സാധാരണക്കാരുടെ താവളമായിരുന്നു അന്നും  തിരക്കേറിയ ഇൗ വ്യാപാരകേന്ദ്രം. ഇവിടുത്തെ ഡൽഹി ഡർബാർ ഹോട്ടലിന് മുകളിലത്തെ സ്വദേശി ബിസിനസുകാരന്റെ വീട്ടിൽ 400 ദിർഹമിന് ആദ്യ ജോലി. സന്തോഷത്തോടെ അതു സ്വീകരിച്ചു. നാലു വർഷത്തിന് ശേഷം നാട്ടിൽ പോയി. അവധിക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ബിസിനസുകാരന്റെ ഒാഫീസിൽ സഹായിയായി രണ്ടു വർഷം ജോലി ചെയ്തു. തുടർന്ന് വീസ റദ്ദാക്കി നാട്ടിൽ പോയി വീണ്ടും വന്നു. നായിഫിലെ തെരുവിൽ കച്ചവടക്കാരനായി. ഒാഡിയോ, വിഡിയോ കസറ്റുകളും മറ്റുമായിരുന്നു പ്രധാനമായും വിറ്റിരുന്നത്. പിന്നീട് അതുപേക്ഷിച്ച് പാക്കിസ്ഥാനിയുടെ കമ്പനിയിൽ പാചകക്കാരനായി. എട്ട് വർഷത്തിന് ശേഷം അതുമുപേക്ഷിച്ചു. 

adrayicha147
ആദ്യകാല സുഹൃത്തും അയൽക്കാരനുമായ അബൂബക്കറിനോടൊപ്പം നായിഫ് പാർക്കിനടുത്ത സങ്കടബെഞ്ചിൽ, അബ്ദുൽ റഹ്മാന്റെ പഴയകാല ചിത്രം.

ഇപ്പോൾ ജോലി ചെയ്യുന്ന, നായിഫ് പാർക്കിന് പിറകുവശത്ത് മാഹി റസ്റ്ററന്റിനോടു ചേർന്നുള്ള കെട്ടിടത്തിലെ നാഥൂറാ (കാവൽക്കാരൻ)യിട്ടായിരുന്നു അടുത്ത നിയമനം. കാവൽക്കാരനാണെങ്കിലും ഉടമയുടെ സ്വാതന്ത്ര്യമാണിവിടെ. കഴിഞ്ഞ 27 വർഷമായി ഒരു മാറ്റവുമില്ലാതെ ജോലി ചെയ്യുന്നു. ഇതിനിടെ വിവാഹം കഴിഞ്ഞു, മക്കൾ പിറന്നു, മക്കളുടെ വിവാഹം കഴിഞ്ഞു. ഒരു പെണ്ണും മൂന്ന് ആൺമക്കളുമാണുള്ളത്. രണ്ടു പേർ ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്നു. ഇത്രയും വർഷത്തിനിടെ അടുത്ത കാലത്ത് ഭാര്യ മൈമൂനയെ ദുബായിലേയ്ക്ക് കൊണ്ടുവന്നു. കുടുംബത്തിന്റെ സന്തോഷമാണ് തന്റെ ജീവിത സമ്പാദ്യമെന്ന് അബ്ദുൽ റഹ്മാൻ പറയുന്നു.

നായിഫിന്റെ ദുഃഖം; അദ്രായിച്ചയുടെയും

കോവിഡ് 19 ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട ദുബായിലെ പ്രദേശങ്ങളിലൊന്നാണ് നായിഫ്. അതുകൊണ്ടു തന്നെ രോഗികളുടെ എണ്ണം കൂടിയപ്പോൾ അധികൃതർ നായിഫിൽ നിയന്ത്രണം ശക്തമാക്കി. ഇതോടെ ഇൗ പ്രദേശത്തെ ആർക്കും പുറത്തിറങ്ങാൻ പറ്റാതായി. ബഹുനില കെട്ടിടത്തെ ചുറ്റിപ്പറ്റിയാണ് അബ്ദുൽ റഹ്മാന്റെ ജീവിതം പണ്ടേ എന്നതിനാൽ അക്കാര്യത്തിൽ യാതൊരു വിരസതയുമില്ല. കൂടെ താമസിക്കുന്നവർ മിക്കവരും നാട്ടുകാരും സുഹൃത്തുക്കളുമാണ്. പക്ഷേ, നിശ്ശബ്ദമായ നായിഫിനെയും ദെയ്റയെയും ഒാർത്ത് സങ്കടമുണ്ട്. 

Naif_Road_In_Deira_-_Dubai
വിജനമായ നായിഫ്.

പ്രയാസങ്ങളുടെ നിലയില്ലാക്കയത്തിൽപ്പെട്ടുപോയ ചില ജീവിതങ്ങൾ കണ്ട് മനസ്സ് വല്ലാതെ വീർപ്പുമുട്ടുമ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ, സുഹൃത്തുക്കളുടെ കൂടെയും ചെന്നിരിക്കാറുള്ള നായിഫ് പാർക്കിനോട് ചേർന്നുള്ള 'സങ്കടബെഞ്ചി'നെ ഒാർത്ത് മനസ്സ് കലങ്ങും. പള്ളികളിൽ നിന്ന് ബാങ്കുവിളിയുയരുമ്പോൾ നിയന്ത്രണമുള്ളത് ഒാർക്കാതെ അംഗശുദ്ധിയെടുത്ത് പ്രാർഥനയ്ക്ക് പോകാനൊരുങ്ങും. 

സ്വാതന്ത്ര്യത്തിന് എത്രമാത്രം വിലയാണെന്ന് ഇപ്പോൾ ശരിക്കും തിരിച്ചറിയുുന്നു. മനുഷ്യനെ കെടടയിട്ടിരിക്കുന്നത് അദൃശ്യനായ ഒരു വൈറസാണ്. ഇതിൽ നിന്ന് പല പാഠങ്ങളും നാം പഠിക്കേണ്ടതുണ്ട്. ആർഭാഡ ജീവിതം നയിക്കാൻ സ്വയം മറന്ന്, സഹജീവികളെ തിരിഞ്ഞുനോക്കാതെ ഒാട്ടപ്പാച്ചിൽ നടത്തുന്നവർക്ക് ഇതിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് ലളിത ജീവിതം നയിക്കുന്ന അബ്ദുൽ റഹ്മാൻ പറയുന്നു. എങ്കിലും എല്ലാം ദൈവനിശ്ചയമാണെന്ന് വിശ്വസിക്കാനാണ് അദ്രായിച്ചായ്ക്ക് ഇഷ്ടം. ഇൗ ദുരിതകാലവും കടന്നുപോകും, നായിഫും ദെയ്റയും വീണ്ടും പഴയ പ്രതാപകാലത്തേയ്ക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ ഇദ്ദേഹം ഒരിക്കലും കൈവിടുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com