അന്ന് ബോളിവുഡ് താരം, ഇന്ന് രോഗം തളർത്തി യുഎഇയിൽ; ഫർഹാദ് ഖാൻ ജീവിത കഥ പറയുന്നു
Mail This Article
ദുബായ് ∙ ഡൽഹിയില്‍ തിയറ്റർ കലാകാരനായി തുടക്കം. പിന്നീട് ബോളിവുഡിലും സീരിയലുകളിലും തിരക്കുള്ള അഭിനേതാവ്. തുടർന്ന് യുഎഇയിലേയ്ക്ക്. ആദ്യം ആരോഗ്യപ്രശ്നത്തെ തുടർന്ന് ജോലി നഷ്ടം. പിന്നെ പ്രഹരമായി മഹാമാരി. എങ്കിലും, ഡൽഹി ദിൽഷാദ് കോളനി സ്വദേശി ഫർഹാദ് ഖാൻ പൊയ്പോയ വസന്തകാലത്തിന്റെ മധുരസ്മരണകളിലാണ് ജീവിക്കുന്നത്. ഹിന്ദി നടന്മാർക്കുള്ള ആകാര സൗന്ദര്യവും കനത്ത ശബ്ദവുമുള്ള 58 കാരൻ ഭാഗ്യം കൂടിയുണ്ടായിരുന്നെങ്കിൽ ഇന്നു ഹിന്ദി സിനിമാ– സീരിയൽ രംഗത്ത് തിളങ്ങി നിൽക്കേണ്ടിയിരുന്നു. മുഹൈസിന നാലിലെ റസ്റ്ററന്റിന് മുന്നിലിരുന്ന് ഇദ്ദേഹം സംഭവ ബഹുലമായ തന്റെ ജീവിത കഥ പറയുന്നു.
1985–86 കാലഘട്ടത്തിലാണ് ഫർഹാദ് ഖാൻ ഡൽഹിയിലെ ശ്രീറാം സെന്റർ ഫോർ ആർട് ആൻഡ് കൾചറിൽ നിന്ന് ഡിപ്ലോമ നേടിയത്. കുറേ കാലം നാടക രംഗത്ത് പ്രവർത്തിച്ചു. ഒട്ടേറെ പ്രമുഖരുടെ കൂടെ നിരവധി നാടകങ്ങളിൽ വേഷമിട്ടു. അന്നത്തെ സഹപ്രവർത്തകരില്‍ സൂപ്പർതാരം ഷാരൂഖ് ഖാൻ, ആശിഷ് വിദ്യാർഥി എന്നിവരടക്കം പലരും സിനിമയിലെത്തി ശ്രദ്ധേയരായി. ഫർഹാദ് ഖാനും ബോളിവുഡിൽ ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു, മുംബൈയിലേയ്ക്ക് വണ്ടികയറി.
1987ൽ ജാക്കി ഷ്റോഫ്–ഫറാ എന്നിവരെ നായികാ നായകന്മാരാക്കി ബാപ്പു സംവിധാനം ചെയ്ത ദിൽ ജലാ എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. ചെറിയ കഥാപാത്രമായിരുന്നെങ്കിലും അത് മറ്റു ചിത്രങ്ങളിലേയ്ക്കുള്ള വഴിതെളിയിച്ചു. അടുത്ത വർഷം ജൻജാൽ എന്ന ചിത്രത്തിലും അപ്രധാനമല്ലാത്ത വേഷം കിട്ടി. വിജയ് അറോറ, ജീത് ഉപേന്ദ്ര, ഉൗർമിളാ മഠോണ്ഡ്കർ എന്നിവരായിരുന്നു പ്രധാന നടീനടന്മാർ.
അമിതാഭ് ബച്ചൻ, രജിനീകാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, മുകുൽ എസ്.ആനന്ദ് സംവിധാനം ചെയ്ത ഹം എന്ന ഹിറ്റ് ചിത്രത്തിലും അഭിനയിക്കാൻ സാധിച്ചു. ഹമ്മിലെ റോൾ ചെറുതായിരുന്നെങ്കിലും മറ്റു ചിത്രങ്ങളിലേയ്ക്ക് ഇത് അവസരത്തിന്റെ വാതിൽ തുറന്നു. തുടർന്ന് ലൈറ്റ്സ് ഒാഫ്, ഹംലോഗ് തുടങ്ങിയ ചിത്രങ്ങൾ.
ഇതിന് ശേഷമാണ് 1988 ൽ യുഎഇയിലേയ്ക്ക് ഒരു ദൗത്യവുമായി വരേണ്ടി വന്നത്. ദുബായിലെ പ്രമുഖ ബാങ്കിൽ ഡെപ്യുട്ടി മാനേജരായി കുറേ കാലം ജോലി ചെയ്തു. ഇതിനിടയ്ക്ക് സീരിയലിൽ അവസരം ലഭിച്ചു. ദുബായിൽ ചിത്രീകരിച്ച ഫാറൂഖ് മസുദി സംവിധാനം ചെയ്ത ദസ്താനായിരുന്നു ആദ്യ സീരിയൽ. നാടക കാലത്ത് കൂടെയുണ്ടായിരുന്ന ആശിഷ് വിദ്യാർഥിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടർന്ന് കൂടുതൽ അവസരം ലഭിച്ചപ്പോൾ അവധിയെടുത്ത് മുംബൈയിൽ ചെന്ന് അഭിനയിച്ചിരുന്നു.
ബാങ്കുദ്യോഗവും സീരിയൽ അഭിനയവുമായി ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോഴാണ് കോവിഡ്19 വ്യാപിച്ചത്. സീരിയൽ അഭിനയം മുടങ്ങിയെങ്കിലും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോവുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളോടുമൊപ്പം മുഹൈസിന നാലിലാണ് താമസം. ഇൗ വർഷം ഫെബ്രുവരിയിലാണ് ആരോഗ്യപ്രശ്നമുണ്ടായത്. ഇതേ തുടർന്ന് ബാങ്ക് ജോലി ചെയ്യാൻ കഴിയാതെയായി. വിശ്രമത്തിലാണെങ്കിലും നല്ലവരായ തൊഴിലധികൃതർ കൃത്യമായി ശമ്പളമെത്തിക്കുന്നതാണ് ആശ്വാസം.
‘മഹാമാരി ഒഴിയും. എന്റെ ആരോഗ്യ പ്രശ്നവും ഇല്ലാതാകും. വീണ്ടും സിനിമാ സീരിയൽ തിരക്കുകളിലേയ്ക്ക് എത്തപ്പെടും. ജീവിതം തിളക്കമുള്ളതാകും’– തന്റെയും അമിതാഭ് ബച്ചൻ അടക്കമുള്ളവരുടെയും പ്രശസ്ത സംഭാഷണ ശകലങ്ങൾ ക്യാമറയ്ക്ക് മുന്നിലെന്ന പോലെ ഉരുവിട്ടു നടക്കുന്ന ഫർഹാദ് ഖാന് തികഞ്ഞ ശുഭാപ്തി വിശ്വാസം.
English Summary: farhad khan indian actor now in uae life story