ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; കനത്ത മഴ, ജാഗ്രതയോടെ ഒമാന്‍

Mail This Article
മസ്‌കത്ത് ∙ ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പലയിടങ്ങളിലും വെള്ളം കയറി. സുരക്ഷാ വിഭാഗങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ ആളുകളെ ഒഴിപ്പിച്ചു. തലസ്ഥാനത്ത് ഉള്‍പ്പടെ കനത്ത മഴ തുടരുകയാണ്.

സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം നിലകൊള്ളുന്നത്. കാറ്റിന് മണിക്കൂറില്‍ 116 കിലോമീറ്റര്‍ വേഗതയാണുള്ളത്. വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി ഗവര്‍ണറേറ്റുകളില്‍ 45 മുതല്‍ 60 നോട്ട് വരെ വേഗതയില്‍ കാറ്റടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മസ്‌കത്തിലേക്കുള്ളതുമായ വിമാന സര്‍വീസുകള്‍ പുതിയ അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് വന്ന വിമാനം സലാലയില്‍ ഇറക്കി. ബൗഷര്‍ - ആമിറാത്ത് റോഡ് ഉള്‍പ്പടെ വിവിധ റോഡുകള്‍ അടച്ചു.

പൊതുനിരത്തുകളുടെ ഉപയോഗം കുറക്കണമെന്ന് ദേശീയ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. വിവിധ ഇടങ്ങളിലായി 45 ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചു. 736 വിദേശികളെയും 2734 സ്വദേശികളെയും ഷെല്‍ട്ടറുകളിലേക്ക് മാറ്റി. അല്‍ നഹ്ദ ആശുപത്രി ഒഴിപ്പിച്ചു. രോഗികളെ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.

മസ്‌കത്തിലെ ആമിറാത്ത് വിലായത്തില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പെട്ട് ഒരു കുട്ടി മരണപ്പെട്ടതായി ഒമാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. വാദികള്‍ മിറഞ്ഞൊഴുകി. നിരവധി പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.