എഎഫ്‌സി ഏഷ്യൻ കപ്പ്; കാൽപന്താവേശം നിറച്ച് സബൂഗും കുടുംബവും
Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യമെങ്ങും കളിയാവേശം പകർന്ന് ഔദ്യോഗിക കായിക ചിഹ്നങ്ങളായ സബൂഗും കുടുംബവും. ഒപ്പം ട്രോഫി പര്യടനവും ഉഷാർ. സബൂഗും കുടുംബാംഗങ്ങളായ ഫ്രെഹ, തിംബിക്, സ്‌ക്രിതി, ത്രനേഹ് എന്നിവരാണ് ആരാധകരെ ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്ത് രാജ്യമെങ്ങും കാൽപന്തുകളിയാവേശം നിറയ്ക്കുന്നത്. ഖത്തറിന്റെ പരിസ്ഥിതി, പ്രദേശങ്ങൾ, സംസ്‌കാരം, പൈതൃകം എന്നിവയെയെല്ലാം പ്രതിഫലിപ്പിക്കുന്ന ഡെസേർട്ട് റോഡന്റ് എന്നറിയപ്പെടുന്ന ജെർബോകളാണ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ.
സന്ദർശകർക്ക് കൗതുകവും വിസ്മയവുമാണ് സബൂഗും കുടുംബങ്ങളും. ട്രോഫിക്കും സബൂഗിനും കുടുംബാംഗങ്ങൾക്കുമൊപ്പം സെൽഫിയെടുക്കാനും വിഡിയോ ചിത്രീകരിക്കാനും വലിയ തിരക്കാണ്. ദോഹ തുറമുഖം തുടങ്ങി സുപ്രധാന കേന്ദ്രങ്ങളിലെല്ലാം സബൂഗും കുടുംബവും ട്രോഫിയും പര്യടനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സൂഖ് വാഖിഫിലെ അഹമ്മദ് സ്‌ക്വയറിലും പേൾ ഖത്തറിലുമെത്തിയ ട്രോഫിക്കും ഭാഗ്യ ചിഹ്നങ്ങൾക്കും വലിയ സ്വീകരണമാണ് ലഭിച്ചത്.
ടൂർണമെന്റ് ട്രോഫിയും സബൂഗിനെയും കുടുംബത്തെയും ഇന്ന് വെസ്റ്റ് വാക്ക്, 11ന് സിറ്റി സെന്റർ ദോഹ, 12ന് ദോഹ ഫെസ്റ്റിവൽ സിറ്റി, 13ന് അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദി എന്നിവിടങ്ങളിൽ വൈകിട്ട് 4നും രാത്രി 8നും ഇടയിൽ ചെന്നാൽ കാണാനാകും.
പരിശീലന തിരക്കിൽ ടീമുകൾ
മിന്നും പ്രകടനത്തിനുള്ള അവസാനവട്ട പരിശീലനത്തിരക്കിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഫുട്ബോൾ ടീമുകൾ. 24 ടീമുകളാണ് എഎഫ്‌സി ഏഷ്യൻ കപ്പിൽ മത്സരിക്കുന്നത്. ഒട്ടുമിക്ക ടീമുകളും ദോഹയിലെത്തി. ടീമുകൾക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കിർഗിസ്ഥാൻ, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ ടീമുകളാണ് എത്തിയത്.
പരിശീലനത്തിന് പുറമേ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ സൗഹൃദ മത്സരങ്ങളും നടക്കുന്നുണ്ട്. നിലവിലെ ചാംപ്യന്മാരായ അൽ അന്നാബിയുടെ പരിശീലനം ആസ്പയർ അക്കാദമിയിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ ടീമും പരിശീലനത്തിരക്കിലാണ്. ഗ്രൂപ്പ് ബിയിൽ ഇടം നേടിയ ഇന്ത്യയുടെ ആദ്യ മത്സരം 13ന് ഓസ്‌ട്രേലിയയോടാണ്.