സൗദിയിൽ ഇനി മുതൽ കെട്ടിട വാടക ഈജാര്‍ പ്ലാറ്റ്‌ഫോം വഴി മാത്രം
Mail This Article
റിയാദ് ∙ കെട്ടിട വാടക ഈജാര്‍ പ്ലാറ്റ്‌ഫോം വഴി തന്നെ നല്‍കണമെന്ന നിബന്ധന പ്രാബല്യത്തില്‍. പുതിയ കരാറുകൾക്കായി ഇലക്ട്രോണിക് രസീത് വൗച്ചറുകൾ നൽകുന്നത് ക്രമേണ നിർത്തുമെന്ന് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും ഇത് അനിവാര്യമാണെന്ന് സൗദി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി വക്താവ് തയ്‌സീര്‍ അല്‍ മുഫറെജ് അറിയിച്ചു.
ഈജാര്‍ പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ ഇതുവരെയായി 80 ലക്ഷത്തിലധികം വാടകക്കരാറുകള്‍ പോര്‍ട്ടല്‍ വഴി പൂര്‍ത്തിയാക്കിയതായാണ് കണക്ക്. ഇതില്‍ 66 ലക്ഷത്തോളം പാര്‍പ്പിട യൂണിറ്റുകളുടെ കരാറുകളാണ്. ബാക്കി 13 ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളും. പ്രതിദിനം ഇരുപതിനായിരത്തോളം കരാറുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഈജാര്‍ പോര്‍ട്ടലിന്റെ സുതാര്യതയും പോര്‍ട്ടലില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസ്യതയും വ്യക്തമാക്കുന്നതാണ് കണക്കുകള്‍.
കരാര്‍ സമയത്ത് അനുബന്ധ കക്ഷികള്‍ നല്‍കുന്ന രേഖകളുടെ വിശ്വാസ്യത അനുബന്ധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതിനും പോര്‍ട്ടല്‍ വഴി സൗകര്യമുണ്ട്. കരാറുകള്‍ നീത്യന്യായ വകുപ്പിനു കീഴിലുള്ള ഓഫീസുകളില്‍ നിന്ന് ഓണ്‍ലൈനായി അറ്റസ്റ്റു ചെയ്യുന്നതിനും വിവിധ ചാനലുകള്‍ വഴി വാടക തുകയടക്കുന്നതിനും ഈജാര്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഘടുക്കളായി പണമടക്കുന്നതിനുമുള്ള സംവിധാനമുള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു.