യുഎഇയില് ശീതകാലത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്ന് അനുഭവപ്പെട്ടു
Mail This Article
ദുബായ് ∙ യുഎഇയിലെ ഇപ്രാവശ്യത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്ന് (ശനി) അനുഭവപ്പെട്ടു. റാസൽ ഖൈമയിലെ ജബൽ ജെയ്‌സിൽ പുലർച്ചെ 5 ന് താപനില 4.2 ഡിഗ്രി ആയി കുറഞ്ഞു. ജനുവരി 10 ന് അൽ ഐനിൽ അനുഭവപ്പെട്ട 5.3 ഡിഗ്രി സെൽഷ്യസ് റെക്കോർഡാണ് ഇന്ന് തകർന്നത്. ഏഴ് എമിറേറ്റുകളിൽ ആറിലും നേരിയ മഴയും തണുത്ത താപനിലയും ഇൗയാഴ്ച അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വിന്റർ മാർക്കറ്റുകളിലേക്കും ബീച്ചുകളിലേക്കും പോകുന്നതിലൂടെ ആളുകൾ രാജ്യത്തെ തണുത്ത കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നു. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലയായ ജബൽ ജെയ്‌സി(1,934 മീറ്റർ ഉയരം)ലേക്ക് സന്ദർശകർ പ്രവഹിക്കുന്നു. മഞ്ഞ് രൂപപ്പെടാൻ പൂജ്യം ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണെന്നതിനാൽ യുഎഇയിൽ ഇൗ കാഴ്ച അപൂർവമാണ്. എങ്കിലും ജബൽ ജെയ്സിൽ പലയിടത്തും മഞ്ഞുവീഴ്ചയുമുണ്ട്. 2017 ൽ റാസൽ ഖൈമയിലും 2009 ൽ ജെബൽ ജെയ്‌സിലും കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.
ഉപരിതല ന്യൂനമർദം യുഎഇയെ ബാധിക്കുമെന്ന് ഈ ആഴ്ച ആദ്യം ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഈ അവസ്ഥ മേഘങ്ങളുടെ രൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു. ശനിയാഴ്ച താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.
പൊടിയും മണലുമുയര്‍ത്തി വീശുന്ന ശക്തമായ കാറ്റ് കാരണം യുഎഇയിലുടനീളം കഴിഞ്ഞയാഴ്ച മഴ പെയ്തത് ദൂരക്കാഴ്ചയിൽ കുറവുണ്ടാക്കിയിരുന്നു. അതേസമയം, ഇന്നലെ (വെള്ളി) സൗദി അറേബ്യയിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടായി. താപനില പൂജ്യം ഡിഗ്രി വരെ താണു. തബൂക്ക് മേഖലയിലെ പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെട്ടു. ഒമാനിലെ ജബൽ ഷാംസിൽ ഇന്ന് താപനില 3 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.