ADVERTISEMENT

ദുബായ് ∙ എണ്ണപ്പലഹാരമില്ലാതെ മലയാളികൾക്ക് മാത്രമല്ല, ഇപ്പോൾ ഇതര സംസ്ഥാനക്കാർക്കും നോമ്പുതുറയില്ല. അന്യ രാജ്യക്കാർക്ക് പോലും നോമ്പുതുറയ്ക്ക് മലയാളികളുടെ 'എണ്ണക്കടി'വേണം. മലയാളികൾ ചുട്ടെടുക്കുന്ന കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ മാത്രം സവിശേഷതയായ സ്വാദേറിയ പലാഹരങ്ങൾ പ്രവാസികളുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഇഫ്താർ വിഭവമായിരിക്കുന്നു. കുടുംബസമേതം വന്നാണ് പലരും വിഭവങ്ങൾ വാങ്ങിക്കുന്നത്. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ മലയാളികളും പാക്കിസ്ഥാനികളും ബംഗ്ലാദേശികളും നടത്തുന്ന കഫ്തീരിയ, റസ്റ്ററൻറുകള്‍ക്ക് മുൻപിലാണ് പതിവുപോലെ റമസാൻ നോമ്പുതുറ വിഭങ്ങൾ നിരന്നത്. 

എല്ലാ രാജ്യക്കാരും മിക്ക നോമ്പുതുറ വിഭവങ്ങളും രുചിച്ച് നോക്കുന്നുണ്ടെങ്കിലും ദേശഭേദമില്ലാതെ രുചിമുകുളങ്ങളെ ഉണർത്തുന്ന വിവിധതരം സമൂസ തന്നെയാണ് ഇപ്പോഴും താരം. ചിക്കൻ, മട്ടൻ, കീമ, വെജിറ്റബിൾ സമൂസ തുടങ്ങി ഇത്തിരി വലിപ്പമുള്ള പഞ്ചാബി സമൂസ വരെ എങ്ങും അണിനിരക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷ്യ ഇനമായ കട്‌ലറ്റും മലയാളികളുടെ സ്വന്തം കുഞ്ഞിപ്പത്തിരിയും ഇതര ദേശക്കാർക്കും ഇഷ്ടവിഭവം തന്നെ. ചിക്കൻറോൾ, ഇറച്ചിപ്പത്തിരി, കുഞ്ഞിപ്പത്തൽ, മീൻ പത്തൽ, മുട്ടപ്പത്തൽ, ഇറച്ചിയട, ഇലയട, മധുരയട, മീനട, ചെമ്മീനട, ഉഴുന്നുവട, ഉള്ളിവട, പഴംപൊരി, പഴംനിറച്ചത്, പഴം വിളയിച്ചത്, ഉരുളക്കിഴങ്ങ്, മുളക് ബാജി, കായ ബാജി, പഴംപൊരി, ഉന്നക്കായ, നെയ്യപ്പം, വട്ടയപ്പം, കല്ലുമ്മക്കായ, സുഗിയൻ, മസാലബോണ്ട, സ്വീറ്റ് ബോണ്ട, പഴംനിറച്ചത്, വിവിധ തരം കട് ലറ്റുകൾ, ഇലാഞ്ചി, തരിക്കഞ്ഞി  തുടങ്ങി അമ്പതിലേറെ വിഭവങ്ങൾ മലയാളി റസ്റ്ററൻ്റിന്റെ വിൽപനമേശയിൽ നിരന്നിരിക്കുന്നു. ചില റസ്റ്ററൻ്റുകൾ തങ്ങളുടേതായ സ്പെഷ്യൽ െഎറ്റംസും തയാറാക്കുന്നു– അമ്മായിയട, കപ്പ കോഴിക്കാൽ, കിളിക്കൂട്, പഴം വിളയിച്ചത് തുടങ്ങിയവ ഇതിൽ ചിലതാണ്. ഉന്നക്കായ, പക്കുവട, പഴംപൊരി, ഇറച്ചിപ്പത്തിരി തുടങ്ങിയ വിഭവങ്ങളാണ് ആളുകൾക്ക് ഏറെ ഇഷ്ടമെന്ന് റസ്റ്റ് അധികൃതർ പറയുന്നു. ചിലിയിടങ്ങളിൽ കിഴി ബിരിയാണി, പൊള്ളിച്ച ബിരിയാണി എന്നിവയ്ക്കും ഒരുപാട് പേരെത്തുന്നുണ്ട്.

പലഹാരങ്ങൾക്ക് ഒരെണ്ണത്തിന് രണ്ട് മുതൽ മൂന്ന് ദിർഹമാണ് വില. കോവിഡിന് മുൻപ് വരെ മിക്കതിനും ഒരു ദിർഹമായിരുന്നു. മുൻകൂട്ടി പറഞ്ഞ് എല്ലാ ദിവസവും എണ്ണപ്പലഹാരങ്ങൾ വാങ്ങിക്കുന്നവരുമുണ്ട്. സ്വദേശികളെയും ഫിലിപ്പീൻസുകാരെയും കൂടാതെ, ദെയ്റയിലും കരാമയിലുമൊക്കെ റഷ്യക്കാർ വരെ നിത്യവും ഇൗ സ്വാദ് തേടിയെത്തുന്നു. പലഹാരങ്ങൾ വാങ്ങാൻ കോവിഡിന് മുൻപുണ്ടായിരുന്ന തിരക്ക് ഇപ്രാവശ്യം തിരിച്ചുവന്നതായി മുഹൈസിന നാലിലെ ലുലു വില്ലേജ് ചായക്കട റസ്റ്ററൻ്റ് അധികൃതർ പറഞ്ഞു. ഉച്ച കഴിയുമ്പോഴേ വിഭവങ്ങൾ തയ്യാറാകും. അത് റസ്റ്ററന്റിന് മുന്നിൽ അണിനിരത്തേണ്ടതേയുള്ളൂ, ആവശ്യക്കാരെത്തിത്തുടങ്ങും. നോമ്പുതുറ സമയമാകുമ്പോഴും എല്ലാം അപ്രത്യക്ഷമായിരിക്കും.

∙ മലയാളികൾക്കും പ്രിയങ്കരം ഈ പാക് വിഭവങ്ങൾ                                                       
പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളുടെ വിഭവങ്ങൾക്ക് ഏതാണ്ട് ഒരേ സ്വഭാവമാണ്. പക്കുവട, ഹാലുകീമ, ചപ്പൽ കബാബ്, കച്ചോരി, ഹാലു ചിപ്സ്, ദയ് വട തുടങ്ങി പ്രത്യേക വിഭവങ്ങളായ ഫെനി, കജല, ഫലുദ എന്നിവയും ഇവിടെ ഇടംപിടിക്കുന്നു. സേമിയ മധുരം ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് ഫെനി. മൈദയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന കജലയ്ക്കും ഇഷ്ടക്കാരേറെ. തൈര്, കടല, പക്കുവട എന്നിവ ചേർ‌ത്തുള്ള പ്രത്യേക വിഭവമായ ദയ് വട, പ്രത്യേകതരം ഫലുദ, ജിലേബി എന്നിവയും പ്രിയങ്കരം തന്നെ. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാർക്കൊപ്പം സ്വദേശികളും ഫിലിപ്പീനികളും ഇൗ വിഭവങ്ങളുടെ ആരാധകരാണ്. ഒട്ടേറെ മലയാളി കുടുംബങ്ങൾ പതിവായി ഇൗ വിഭവങ്ങൾ വാങ്ങിക്കുന്നു. നോമ്പില്ലാത്തവർക്കും ഒരുമാസം വൈകിട്ടത്തെ ചായക്കുള്ള കടികളാണിവ. 

∙ ആ സമൃദ്ധകാലം തിരിച്ചുവരുന്നു
റമസാനില്‍ അസർ നമസ്കാരം കഴിഞ്ഞാൽപ്പിന്നെ ദുബായുടെയും ഷാർജയുടെയും തെരുവോരങ്ങൾ ഇഫ്താർ വി‌ഭവങ്ങളാൽ സമൃദ്ധമാകുന്ന ഒരു കാലമുണ്ടായിരുന്നു. നോമ്പുകാർക്കും അല്ലാത്തവർക്കും മനംകുളിർക്കുന്ന കാഴ്ചകൂടിയായിരുന്നു അത്. ആരോഗ്യസുരക്ഷയെ കരുതി ദുബായിൽ ഏറെ വർഷങ്ങൾക്ക് മുൻപ് ഇത്തരം തെരുവോര വിൽപന നിർത്തലാക്കിയപ്പോൾ പിന്നീ‌ട് ഷാർജയിൽ ഭക്ഷ്യോത്പന്നങ്ങൾ കണ്ണാടിക്കൂട്ടിനുള്ളിൽ വച്ച് വിൽക്കണം തുടങ്ങിയ ആരോഗ്യസുരക്ഷാ നിബന്ധനകളോടെ തുടർന്നുപോന്നു. എന്നാൽ, കോവിഡിന് ശേഷം തെരുവിലെ വിൽപന പൂർണമായും നിലച്ചെങ്കിലും റസ്റ്ററന്‍റിന് അകത്തളങ്ങളിലും ഇടനാഴികളിലും വച്ച് വിൽപന നടത്തുന്നതിന് തടസ്സമുണ്ടായില്ല.

∙ ആരോഗ്യ സുരക്ഷ കർശനം
ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ അടച്ചുവച്ചും കണ്ണാടിക്കൂട്ടിനുള്ളിൽ വൃത്തി വെടിപ്പോടെയും മാത്രമാണ് വിഭവങ്ങൾ നിരത്തേണ്ടത്. ഇതിനായി പ്രത്യേക അനുമതിയും വാങ്ങിക്കണം. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ വന്ന് കാര്യങ്ങൾ പരിശോധിക്കും. നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യും. നേരത്തെ ദുബായിൽ റമസാനിലെ തെരുവോര കച്ചവടം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിരോധിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com