ADVERTISEMENT

ദുബായ്∙  കുട്ടികൾ സ്കൂളിൽ പോയി തിരിച്ചെത്തുന്നതുവരെ മാതാപിതാക്കൾ ഭയത്തോടെ കാത്തിരിക്കുന്നത് ഒരു യാഥാർഥ്യമായി മാറുകയാണോ?.  സ്കൂൾ ബസുകളിലും അനധികൃത വാഹനങ്ങളിലും കുട്ടികൾ ശ്വാസംമുട്ടി മരിക്കുന്ന വാർത്തകളും, സ്കൂൾ ബസ് അപകടങ്ങളിൽ കുഞ്ഞുജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും ഈ ഭയം വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ഷാർജയിൽ ഏഴ് വയസ്സുള്ള ഒരു കുട്ടിയുടെ ദാരുണ മരണം ഈ ഭയത്തിന് അടിവരയിടുന്നു. അനുമതിയില്ലാത്ത കാർ സർവീസിൽ  സ്കൂളിൽ എത്തിയ കുട്ടി ഇറങ്ങിയോ എന്ന് ഉറപ്പാക്കാതെ വനിതാ ഡ്രൈവർ വാഹനം പാർക്ക് ചെയ്ത് പോയതാണ് ദുരന്തത്തിന് കാരണം. ഈ അശ്രദ്ധ കാരണം ഒരു ബംഗ്ലാദേശി കുടുംബത്തിന്‍റെ കുഞ്ഞുമകന്‍റെ ജീവൻ നഷ്ടപ്പെട്ടു. യുഎഇയിലെ മാതാപിതാക്കളുടെ ഹൃദയം തകർത്ത സംഭവമായി മാറി ഈ വാർത്ത .

ഈ ദുരന്തത്തിന് ഡ്രൈവറുടെ വീഴ്ച്ചയാണ് പ്രധാന കാരണം എങ്കിലും, കുട്ടിയുടെ മാതാപിതാക്കളുടെ അശ്രദ്ധയും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അനധികൃത വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് പൊലീസും മറ്റു അധികൃതരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും,  അപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദുരന്തവും നമ്മുടെ തെറ്റുകൾ ആവർത്തിക്കുന്നതായിട്ടുള്ള ഓർമ്മപ്പെടുത്തലാണ്.

Image Credit:RTA
Image Credit:RTA

ലോകം കാണാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾ സ്കൂളിലേക്കുള്ള യാത്രയിൽ ഇത്തരത്തിൽ എന്നേക്കുമായി വിടപറയുന്നത് രക്ഷിതാക്കൾക്ക് തീവ്രവേദനയാണ് നൽകുന്നത്. ഓരോ കുഞ്ഞിന്‍റെ അപകടമരണവും  ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത സംഭവങ്ങമായി മാറുന്നു.  ‌

Image Credit:RTA
Image Credit:RTA

∙ ആവർത്തിക്കുന്ന ദുരന്തങ്ങൾ: കണ്ണീരിൽ നനഞ്ഞ ഓർമ്മകൾ
സ്കൂൾ ബസുകളിലും മറ്റ് അപകടങ്ങളിലും പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവർക്ക്, അവരുടെ ഓർമ്മകൾ ഏറ്റവും വേദനാജനകമാണ്. ഈ ദുരന്തങ്ങളിൽ വേദനിക്കുന്ന മലയാളികളും ഏറെയാണ്.

2008 ഏപ്രിൽ:  സ്കൂൾ ബസിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് വയസ്സുകാരൻ ആതിഷ് ഷാബിൻ എന്ന കുട്ടിയുടെ മരണമാണ് യുഎഇയിൽ ആദ്യമായി ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത് സംഭവം. ഒരു രാത്രി മുഴുവൻ സ്കൂൾ ബസിനുള്ളിലായിരുന്ന കുട്ടി ഉറക്കത്തിനിടെയാണ് മരിച്ചതെന്ന് കരുതപ്പെടുന്നു. 
2009 ഏപ്രിൽ: ആതിഷ് ഷാബിൻ മരിച്ച് ഒരു വർഷത്തിന് ശേഷം  നാല് വയസ്സുകാരി എമൻ സീഷാനുദ്ദീൻ അജ്മാനിൽ സ്കൂൾ ബസിനുള്ളിൽ വച്ച് മരിച്ചു.
2011: സ്കൂൾ ബസ് പിന്നോട്ടെടുക്കുമ്പോൾ അടിയിൽപ്പെട്ട് മൂന്ന് വയസ്സുകാരിയുടെ ജീവൻ പൊലിഞ്ഞു.
2014: അബുദാബിയിൽ സമാന സംഭവത്തിൽ മറ്റൊരു 3 വയസ്സുകാരിയും (നിസാഹ ആല) മരിച്ചു.
2019 ജൂൺ: ദുബായിൽ സ്കൂൾ ബസിലാണ് 6 വയസ്സുകാരൻ മുഹമ്മദ് ഫർഹാൻ ഫാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2022 ഫെബ്രുവരി: അജ്മാനിൽ ഉമ്മു അമ്മാർ സ്കൂൾ ബസിൽ  12 വയസ്സുകാരി മരിച്ചു.
ഈ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മരണം യുഎഇയിലെ മാതാപിതാക്കളുടെ ഹൃദയത്തിൽ വിങ്ങലായി തുടരുകയാണ്. 

∙ ഓർമ്മയിൽ നോവായ നിഷ്കളങ്ക മുഖങ്ങൾ
മലയാളി കുടുംബത്തിലെ മുഹമ്മദ് ഫർഹാൻ ഫൈസൽ, ദുബായ് അൽഖൂസിലെ അൽ മനാർ ഇസ്​ലാക് സെന്‍ററിലെ  വിദ്യാർഥിയായിരുന്നു. 2019 ജൂൺ 23 ന്, രാവിലെ 8 മണിക്ക്, വിദ്യാർഥികളെ കൊണ്ട് ബസ് സെന്‍ററിൽ എത്തി. മറ്റു കുട്ടികൾ എല്ലാം ഇറങ്ങിയെങ്കിലും, , ഫർഹാൻ ബസിൽ തന്നെയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം കുട്ടികളെ തിരികെ കൊണ്ടുപോകാനായി ഡ്രൈവർ എത്തിയപ്പോഴാണ് നടുക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. ഫർഹാൻ ബസിനുള്ളിലെ കനത്ത ചൂടിൽ (48 ഡിഗ്രി സെൽഷ്യസ്)  ശ്വാസം മുട്ടി ലോകത്തോട് വിടപറഞ്ഞു.  ഈ ദുരന്തം ഫർഹാന്‍റെ കുടുംബത്തെയും സമൂഹത്തെയും ഞെട്ടിച്ചു. ബർ ദുബായ് പൊലീസ് ഡ്രൈവറെയും ബസ് സൂപ്പർവൈസറെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഫർഹാൻ സഞ്ചരിച്ചിരുന്നത് സ്കൂൾ ബസല്ലെന്ന് കണ്ടെത്തി.

അബുദാബിയിലെ അൽ വൊറൂദ് അക്കാദമി പ്രൈവറ്റ് സ്കൂൾ വിദ്യാർഥിനിയായിരുന്നു മൂന്ന് വയസ്സുകാരി നിസാഹ ആല. 2014 ൽ, സ്കൂൾ ബസ് ഡ്രൈവറുടെയും സൂപ്പർവൈസറുടെയും അശ്രദ്ധ മൂലം, ഈ പിഞ്ചുജീവൻ സ്കൂൾ ബസിനുള്ളിൽ വച്ച് പൊലിഞ്ഞത്. ഈ ദുരന്തം നിസാഹയുടെ കുടുംബത്തെയും സമൂഹത്തെയും ഞെട്ടിച്ചു. ഡ്രൈവറും സൂപ്പർവൈസറും അശ്രദ്ധയ്ക്ക് 3 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് കോടതി വിധിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്ററും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒന്നര ലക്ഷം ദിർഹം പിഴയടക്കാനും സ്കൂൾ അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു.

പതിവു പോലെ ക്ലാസ് കഴിഞ്ഞ് തിരിച്ച് എത്തിയ അജ്മാൻ ഉമ്മു റമൂൽ സ്കൂളിലെ വിദ്യാർഥിയായ 12 വയസ്സുകാരിയുടെ മരണം ഡ്രൈവറുടെ അശ്രദ്ധ കാരണമായിരുന്നു. കുട്ടി സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ ശേഷം വാഹനം കുട്ടിയെ ഇടിക്കുകയും ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു. യുഎഇയെ ഞെട്ടിച്ച ഈ സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിലായി. ബസിൽ സൂപ്പർവൈസറില്ലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. നിയമങ്ങൾ  കർശനമാക്കിയിട്ടും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഷാർജയിൽ കഴിഞ്ഞ ദിവസം നടന്ന ഏഴ് വയസ്സുകാരന്‍റെ മരണം സൂചിപ്പിക്കുന്നത്. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂൾ അധികൃതരും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.

∙ കുട്ടികൾ വീട്ടിൽ തിരിച്ചുവരുന്നതുവരെ ആശങ്ക
രാവിലെ മക്കളെ സ്കൂളിലെ യാത്രയാക്കുന്നത് മുതൽ അവർ തിരിച്ചുവരുന്നതുവരെ അവരുടെ സുരക്ഷയെക്കുറിച്ച് വല്ലാത്ത ആശങ്കയാണ്–  ദുബായ്, ഖിസൈസിൽ താമസിക്കുന്ന കോഴിക്കോട്ടുകാരിയായ വീട്ടമ്മയുടെയാണ് ഈ വാക്കുകൾ. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്കും ബസ് ജീവനക്കാർക്കും ഉത്തരവാദിത്തമുണ്ടെങ്കിലും, രക്ഷിതാക്കൾ തന്നെയാണ് യഥാർഥത്തിൽ അവരുടെ കുട്ടികളുടെ സുരക്ഷയ്ക്ക് ഉത്തരവാദികൾ എന്ന് ഷാർജ അൽ നഹ് ദയിൽ താമസിക്കുന്ന രക്ഷിതാവ് സർഫറാസ് പറയുന്നു. സ്കൂൾ ബസുകളിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ഇത് കുട്ടികൾക്ക് സംഭവിക്കുന്ന അപകട മരണങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

∙ നിയമങ്ങൾ കർശനം
സ്കൂൾ ബസുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇയിൽ കർശനമായ നിയമങ്ങൾ നിലവിലുണ്ട്. 2017ൽ, ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ സ്വൈപ് കാർഡ് ആക്‌സസ്, മോഷൻ സെൻസറുകൾ, സ്കൂൾ ബസ് അലാറങ്ങൾ എന്നിവ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി. 2014-ൽ ഒരു വിദ്യാർഥിനി സ്കൂൾ ബസിൽ കുടുങ്ങി മരിച്ചതിനെ തുടർന്ന് കടുത്ത ചൂടിൽ വാഹനങ്ങളിൽ കുട്ടികളെ ഉപേക്ഷിക്കുന്നത് തടയാനാണ് ഈ നടപടി സ്വീകരിച്ചത്.

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 2,345 സ്കൂൾ ബസുകളിൽ ഉപകരണങ്ങൾ സ്ഥാപിക്കുകയും അതേ വർഷം നവംബറിൽ സംവിധാനം നടപ്പിലാക്കുകയും ചെയ്തു. ദുബായ്, വടക്കൻ എമിറേറ്റുകളിലെ 383 സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഒരു ലക്ഷം വിദ്യാർഥികൾക്ക് സേവനം നൽകുന്ന എല്ലാ സ്കൂൾ ബസുകളിലും ഈ സംവിധാനം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ഗതാഗത മന്ത്രാലയവും ചേർന്ന സംയുക്ത സമിതി വ്യക്തമാക്കി.

ഓരോ ദിവസവും യുഎഇയിൽ ലക്ഷക്കണക്കിന് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കായി ബസുകളിൽ കയറ്റി അയക്കുന്നത്. രാജ്യത്തുടനീളമുള്ള 786 സ്കൂളുകളിലായി 236,637 വിദ്യാർഥികൾ പ്രതിദിനം 4,736 എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് ബസുകളിൽ യാത്ര ചെയ്യുന്നു. ഇത് എല്ലാ പൊതു സ്കൂളുകളിലേക്കും ചില സ്വകാര്യ സ്കൂളുകളിലേക്കുമുള്ള യാത്രാ സൗകര്യം നൽകുന്നു. ഈ സേവനം നടത്താൻ 5,336 ഡ്രൈവർമാരും 5,509 സൂപ്പർവൈസർമാരും ഉണ്ട്. 2024-ലെ ആദ്യ മൂന്ന് മാസങ്ങളിൽ എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടിന്‍റെ സുരക്ഷാ റെക്കോർഡ് മികച്ചതായിരുന്നു. ഓരോ 3,21,000 കിലോമീറ്ററിലും ഒരു ചെറിയ അപകടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടിന്‍റെ സ്‌കൂൾ ട്രാൻസ്‌പോർട്ട് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ബിൻ സ്വീഫ് അൽഗൂഫ് ലി പറഞ്ഞു.

ബസുകൾ എല്ലാ സുരക്ഷാ ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് നിരന്തരം ശ്രമിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, അബുദാബിയിൽ സ്കൂൾ ബസ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി അബുദാബി എജ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് നിരവധി നടപടികൾ സ്വീകരിച്ചു.  സ്കൂൾ ബസുകളിൽ കുട്ടികളുടെ കയറുന്നതും ഇറങ്ങുന്നതും കണക്കാക്കുന്ന ഉപകരണം ഘടിപ്പിക്കൽ, പാർക്ക് ചെയ്‌തിരിക്കുന്ന ബസിനുള്ളിൽ ചലനം കണ്ടെത്തുന്ന മോഷൻ സെൻസർ, ആരെങ്കിലും ബസിൽ തുടരുകയാണെങ്കിൽ അലാറം പ്രവർത്തനക്ഷമമാക്കുന്ന സിസ്റ്റം,

ബസിന്‍റെ പിൻഭാഗത്തുള്ള ഒരു ചെക്ക് ബട്ടൺ, ഡ്രൈവർ ഇടനാഴിയിലൂടെ നടന്ന് കുട്ടികളെല്ലാം ഇറങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ തുടങ്ങിയ എല്ലാം സുരക്ഷിത യാത്ര ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്കാരങ്ങളാണ്. ബസിനുള്ളിൽ അകപ്പെട്ട കുട്ടികളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്. . 2014-ൽ, ഒരു സ്കൂൾ ബസിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയ 3 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ദാരുണ മരണം സംഭവിച്ചതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്.

English Summary:

Strong School Bus Safety Measures Need to Keep UAE Children Protected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com