കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടു; വിവരം ലഭിച്ച് 5 മിനിറ്റുള്ളിൽ യുവതിയെ രക്ഷിച്ച് ദുബായ് പൊലീസ്

Mail This Article
ദുബായ് ∙ മറീന ബീച്ചിലെ കടലിൽ നീന്തുമ്പോൾ അപകടത്തിൽപ്പെട്ട യൂറോപ്യൻ വനിതയെ വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. കടലിൽ നീന്തുന്നതിനിടെ ഒരു യൂറോപ്യൻ വനിത മുങ്ങിയതായി ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് റിപ്പോർട്ട് ലഭിച്ചയുടൻ സ്ഥലത്തെത്തിയ സംഘം യുവതിയെ മരണക്കയത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ മറൈൻ സെക്യൂരിറ്റി ഡിപാർട്ട്‌മെന്റിലെ രണ്ട് ഉദ്യോഗസ്ഥരായ കോർപറൽ അംജദ് മുഹമ്മദ് അൽ ബലൂഷി, കോർപറൽ ഖമീസ് മുഹമ്മദ് അൽ ഐസായ് എന്നിവരെ ആദരിക്കുകയും പ്രശംസാപത്രം നൽകുകയും ചെയ്തു. റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ഡ്യൂട്ടിയിലുള്ള മറൈൻ സെക്യൂരിറ്റി പട്രോളിങ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയും ആംബുലൻസ് എത്തുന്നതുവരെ അടിയന്തര സഹായം നൽകുകയും ചെയ്തുവെന്ന് തുറമുഖ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ. ഹസൻ സുഹൈൽ പറഞ്ഞു. സമൂഹത്തിന് മികച്ച സേവനങ്ങൾ തുടർന്നും നൽകുന്നതിന് എല്ലാ ദുബായ് പൊലീസ് ഉദ്യോഗസ്ഥരെയും പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ അംഗീകാരം ലക്ഷ്യമിടുന്നത്.
∙ നീന്താൻ കഴിവില്ലെങ്കിൽ ആഴത്തിലുള്ള വെള്ളത്തിലിറങ്ങരുത്
ബീച്ചിലും കുളത്തിലും പോകുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നീന്താൻ കഴിവില്ലാത്തവർ ആഴത്തിലുള്ള വെള്ളത്തില്‍ നീന്താൻ ശ്രമിക്കരുത്. കുട്ടികളെ വെള്ളത്തിൽ ഒറ്റയ്ക്ക് വിടാതിരിക്കുക, ലൈഫ് ഗാർഡുള്ള നിയുക്ത സ്ഥലങ്ങളിൽ മാത്രം നീന്തുക.
ബീച്ചിൽ പോകുന്നവർ ഉചിതമായ നീന്തൽ വസ്ത്രങ്ങൾ ധരിക്കാനും ലഹരിമരുന്ന് അല്ലെങ്കിൽ മദ്യത്തിന്റെ സ്വാധീനത്തിൽ നീന്തുന്നത് ഒഴിവാക്കുക, വെള്ളത്തിൽ അശ്രദ്ധമായ പെരുമാറ്റം ഒഴിവാക്കുക, ഭക്ഷണം കഴിച്ച ഉടൻ നീന്താതിരിക്കുക. സൂര്യാസ്തമയത്തിനുശേഷം നിയുക്ത രാത്രി-നീന്തൽ സ്ഥലങ്ങളിൽ മാത്രം നീന്താനും ആവശ്യപ്പെട്ടു. തുറമുഖ പൊലീസ് സ്റ്റേഷന്റെ ഡപ്യൂട്ടി ഡയറക്ടർ കേണൽ അലി അൽ നഖ്ബി, മറൈൻ സെക്യൂരിറ്റി വിഭാഗം മേധാവി മേജർ അലി ഹമീദ് ബിൻ ഹർബ് അൽ ഷംസി, ജനറൽ ഷിഫ്റ്റ് വിഭാഗം മേധാവി മേജർ സയീദ് ഖലീഫ അൽ മസ്റൂയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.