ജിസാനിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ റോഡ് ഇടിഞ്ഞു, യുവാവിന്റെ മൃതദേഹം കണ്ടെത്തി
Mail This Article
ജിസാന് ∙ സൗദി അറേബ്യയിലെ തെക്കൻ പ്രദേശങ്ങളിൽ പെയ്ത അപ്രതീക്ഷിത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ജിസാൻ, അബൂഅരീശ്, അഹദ് അൽമസാരിഹ, അൽതുവാല് സ്വബ്‌യ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം റോഡുകൾ വെള്ളത്തിൽ മുങ്ങി, ഗതാഗതം തടസ്സപ്പെട്ടു. ജിസാനിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരു കാർ കീഴ്മേൽ മറിഞ്ഞു.
അതേസമയം, ജിസാന് സമീപം അല്‍ദര്‍ബിലെ വാദി അല്‍ഖരനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ സൗദി യുവാവിനെ നാട്ടുകാർ രക്ഷിച്ചു. അല്‍ദര്‍ബ്, അല്‍ഫതീഹ റോഡിലാണ് സംഭവം. റോഡ് മുറിച്ചൊഴുകുന്ന മലവെള്ളപ്പാച്ചില്‍ കണ്ട് യുവാവ് കാര്‍ നിര്‍ത്തുകായിരുന്നു. മലവെള്ളപ്പാച്ചിന് ശക്തിവര്‍ധിച്ചതോടെ യുവാവ് കാര്‍ പിറകോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മലവെള്ളത്തിൽ രൂപപ്പെട്ട കുഴിയിൽ കാർ കുടുങ്ങുകയും ചെയ്തു. ഇതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു കാറുകളിലെ യാത്രക്കാർ ഓടിയെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു
അഹദ് അൽമസാരിഹക്കു സമീപം വാദി മസല്ലയിൽ കാർ ഒഴുക്കില്‍ പെട്ട സൗദി യുവാവ് മരിച്ചു. രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിൽ ഇയാളുടെ ഭാര്യയുടെ മൃതദേഹവും നേരത്തെ കണ്ടെത്തിയിരുന്നു.