182 ദിവസങ്ങളിൽ കുവൈത്തില്‍ നടന്നത് 31 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍; ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം
Mail This Article
കുവൈത്ത്സിറ്റി ∙ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 31,00,638 ഗതാഗത നിയമ ലംഘനങ്ങളാണ് അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 182 ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് ഇത്.
അമിത വേഗതയിലുള്ള വാഹനമോടിക്കല്‍ കേസുകളാണ് പകുതിയിലധികവും, 15,31,625 എണ്ണം. വാഹനാപകടങ്ങളില്‍ 93 ശതമാനവും ഡ്രൈവിങ്ങിനിടയിലെ ഫോണ്‍ ഉപയോഗം മൂലമാണന്ന് ഗതാഗത മന്ത്രാലയ റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ച 30,868 കേസുകള്‍ പിടികൂടിയിട്ടുണ്ട്. അശ്രദ്ധയോടെ വാഹനങ്ങള്‍ കൈകാര്യം ചെയ്ത 9,472 പേര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം, 4.2 ദശലക്ഷം ഗതാഗത ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍,വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടികൂടിയവരുടെ എണ്ണം 1,86,000 ആയിരുന്നു.
എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി;ലംഘനങ്ങളുടെ എണ്ണം വര്‍ധിക്കും
കഴിഞ്ഞ ജൂണ്‍മാസം അവസാനവാരമാണ് ഏറ്റവും നൂതന സംവിധാനമുള്ള നിരീക്ഷണ ക്യാമറകള്‍ (എഐ) സ്ഥാപിച്ച് തുടങ്ങിയത്. ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം ഒരോ മണിക്കൂറിലും 100-ല്‍ അധികം ഗതാഗത നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിമാസം 5 ദശലക്ഷം കുവൈത്ത് ദിനാര്‍ വീതം പിഴ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. 250-ന് മുകളില്‍ പുതിയ ക്യാമറകളാണ് രാജ്യവ്യാപകമായി സ്ഥാപിക്കുന്നത്.
രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന ക്യാമറകള്‍ ട്രാഫിക് കണ്ട്രോള് റൂമുമായി കണക്ട് ചെയ്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണന്ന് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍-ഖുദ്ദ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഗതാഗത നിയമം ഉടന്‍
ലംഘകര്‍ക്ക് കടുത്ത പിഴയും നിയമപരമായ ശിക്ഷയും ഏര്‍പ്പെടുത്തുന്ന പുതിയ ഗതാഗതനിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കഴിഞ്ഞ ദിവസം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര- പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് വ്യക്തമാക്കിയിരുന്നു. അമിതവേഗം, റെഡ് ലൈറ്റ് മറികടക്കുക, അംഗപരിമിതര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, അശ്രദ്ധമായി വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ക്ക് പുതിയ ട്രാഫിക് നിയമം കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടക്കാട്ടിയിട്ടുണ്ട്. അശ്രദ്ധരായ ഡ്രൈവര്‍മാരില്‍ നിന്ന് റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ ആഴ്ചയില്‍ മന്ത്രി നേരിട്ട് ഹവാല്ലി, ജഹ്റ തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു.
പൊതുനിരത്തിലെ ട്രക്ക് ഗതാഗത സമയം പുനക്രമീകരിച്ചു
ട്രക്ക് ഗതാഗതത്തിന് രാവിലെയും ഉച്ചയ്ക്കും നിയന്ത്രണം. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ്പ്രകാരം രാവിലെ 6.30 മുതല്‍ 9.00 വരെയും ഉച്ചയക്ക് 12.30 മുതല്‍ 3.30 വരെയുമാണ് പെതുനിരത്തില്‍ ട്രക്ക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.