പ്രഫഷനൽ തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ നീക്കം
Mail This Article
മനാമ ∙ ബഹ്‌റൈനിലെ എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ നീക്കം നടത്തുന്നു. പാർലമെൻ്റ് സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് പാർലമെന്റിൽ ഈ വിഷയത്തിൽ അടിയന്തര നിർദ്ദേശം ഉന്നയിച്ചത്. ചില മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്തിനു വേണ്ടിയാണ് തിരെഞ്ഞെടുക്കപ്പെട്ട ചില തൊഴിൽ മേഖലകളിൽ നിന്ന് പ്രവാസികളെ പൂർണ്ണമായും നിരോധിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നിർദ്ദേശം ഇവർ മുന്നോട്ട് വച്ചിട്ടുള്ളത്.
അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ്, ഹ്യൂമൻ റിസോഴ്‌സ്, കല, ഇവൻ്റുകൾ, മീഡിയ, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ബാങ്കിങ്, സെക്യൂരിറ്റി, ഡോക്യുമെൻ്റേഷൻ, കാർഗോ ക്ലിയറൻസ്, ടൂറിസ്റ്റ് ഗൈഡൻസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ പ്രവാസി റിക്രൂട്ട്‌മെൻ്റ് നിർത്താനാ ഇവർ നിർദേശിച്ചിട്ടുള്ളത്. തൊഴിൽ രഹിതരായ നൂറുകണക്കിന് ബഹ്‌റൈനികളുണ്ട്, പുതിയ ബിരുദധാരികൾക്ക്, പ്രവാസികളെ ആശ്രയിക്കാതെ ജോലികൾ ഏറ്റെടുക്കാൻ കഴിയുമെന്നും അൽ ഒലൈവി പറഞ്ഞു. രാജ്യം തൊഴിലില്ലായ്മയാൽ വലയുമ്പോൾ, ഈ നിർദ്ദേശം പ്രശ്നത്തിനുള്ള യഥാർത്ഥ പരിഹാരമായി കാണണമെന്നും അദ്ദേഹം പറയുന്നു.