റിയാദിൽ സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനം നവംബർ 24 മുതൽ
Mail This Article
റിയാദ് ∙ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്‍റർ റിയാദിൽ സംഘടിപ്പിക്കുന്ന സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനം 24,25 തീയതികളിൽ നടക്കും. സൗദി ‘കൺജോയിൻഡ് ട്വിൻസ്’ പ്രോഗ്രാമിന്‍റെ 30-ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സമ്മേളനം.
സമ്മേളനത്തിൽ സൗദി അറേബ്യയിൽ ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരട്ടക്കുട്ടികളും കുടുംബസമേതം പങ്കെടുക്കും. ദ്വിദിന പരിപാടിയിൽ മാനുഷികവും ശാസ്ത്രീയവുമായ സെഷനുകൾ, പ്രദർശനം, മാനുഷിക മേഖലയിൽ സൗദി അറേബ്യയുടെ നേതൃത്വം പ്രത്യേകിച്ച് സൗദി സംയോജിത ട്വിൻസ് പ്രോഗ്രാമിലൂടെ പ്രദർശിപ്പിക്കുന്ന പരിപാടികൾ എന്നിവ നടക്കും.
ദേശീയ ഗാർഡ്, പ്രതിരോധം, വിദേശകാര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമങ്ങൾ തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ, രാജ്യാന്തര മാനുഷിക, മെഡിക്കൽ സംഘടനകൾ, സൊസൈറ്റികൾ, സ്ഥാപനങ്ങൾ, വിദഗ്ധർ, ലോകമെമ്പാടുമുള്ള ഗവേഷകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
രാജ്യത്തിന്‍റെ ആരോഗ്യ, മാനുഷിക മേഖലകളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുക എന്ന സൗദി വിഷൻ 2030 ലക്ഷ്യവുമായി യോജിക്കുന്നതാണ് ഈ സംരംഭം . സമ്മേളനത്തിൽ ആഗോള ശിശുക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎന്നുമായും മറ്റ് രാജ്യാന്തര സംഘടനകളുമായും ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.