വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ

Mail This Article
അബുദാബി ∙ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ. പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം പ്രാബല്യത്തിലായി.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ), നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) എന്നിവയുമായി ഏകോപിപ്പിച്ച് നിർദിഷ്ട സുരക്ഷാ, നിയന്ത്രണ വ്യവസ്ഥകൾക്ക് വിധേയമായാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയത്.
നിബന്ധനകൾ
5 കിലോഗ്രാമോ അതിൽ കുറവോ ഭാരമുള്ള ഡ്രോണുകൾ മാത്രമേ വ്യക്തിഗത ആവശ്യത്തിന് പ്രവർത്തിപ്പിക്കാവൂ. അംഗീകൃത സോണുകളിൽ, പ്രത്യേകിച്ച് ഗ്രീൻ സോണുകൾക്കുള്ളിലായിരിക്കണം പറപ്പിക്കേണ്ടത്. ജിസിഎഎയിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം.
വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, എയർഫീൽഡുകൾ അല്ലെങ്കിൽ നിയന്ത്രിത മേഖലകൾ എന്നിവയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. തറനിരപ്പിൽനിന്ന് 400 അടിയെക്കാൾ ഉയരത്തിൽ പറത്താൻ പാടില്ല.
സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ വികസനം ഉറപ്പാക്കുന്നതിനും സ്വകാര്യതയും ഡേറ്റ പരിരക്ഷയും ഉറപ്പാക്കുന്നതിനും നിയമം പാലിക്കാൻ വ്യക്തികൾ ബാധ്യസ്ഥരാണ്. വിശദാംശങ്ങൾ യുഎഇ ഡ്രോൺസ് ആപ്പ് വഴിയും ഔദ്യോഗിക സർക്കാർ വെബ്സൈറ്റ് വഴിയും ലഭിക്കും.