സൗദിയിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ

Mail This Article
റിയാദ്∙ സൗദി അറേബ്യയിൽ തൊഴിൽ മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളുമായി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ലിംഗം, നിറം, ശാരീരിക വൈകല്യ അവസ്ഥ, സാമൂഹികസ്ഥിതി എന്നിവയുടെ പേരിൽ വിവേചനം കാണിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു.
വനിത ജീവനക്കാരുടെ പ്രസവാവധി 12 ആഴ്ചയായി വർധിപ്പിച്ചു. അടുത്ത ബന്ധുക്കൾ മരിച്ചാൽ വേതനത്തോടുകൂടിയ അവധി ലഭിക്കും. സഹോദരൻ/സഹോദരി മരിച്ചാൽ 3 ദിവസവും, ഭാര്യ/ഭർത്താവ് മരിച്ചാൽ 5 ദിവസവും അവധി ലഭിക്കും. സ്വന്തം വിവാഹത്തിന് 5 ദിവസത്തെ പൂർണ്ണവേതന അവധിക്ക് അർഹതയുണ്ട്.
അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ ഓവർടൈം വേതനം നൽകണം. തൊഴിൽ കരാറിൽ കാലാവധി രേഖപ്പെടുത്തണം. പ്രൊബേഷൻ പീരിയഡ് 6 മാസത്തിൽ കൂടുതൽ പാടില്ല. ലൈസൻസ് ഇല്ലാതെ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് ശിക്ഷാർഹമാണ്. പുതിയ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.