പഴയകാല പടക്കുതിരകളെ അടുത്തറിയാം; ഇത് ‘കഥയുടെ തുടക്കം', ഷാർജയിൽ ക്ലാസിക് കാർ മേള

Mail This Article
ഷാർജ ∙ റോഡിലെ പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേളയ്ക്കു തുടക്കം. വിന്റേജ് കാറുകളുടെ അമൂല്യ ശേഖരമാണ് ക്ലാസിക് കാർ മേളയുടെ ആകർഷണം. ഷാർജ ഓൾഡ് കാർസ് ക്ലബിൽ ‘കഥയുടെ തുടക്കം’ എന്ന പ്രമേയത്തിലാണ് കാർ മേള സംഘടിപ്പിച്ചിരിക്കുന്നത്.
ചരിത്രവും വിനോദവും അറിവും സമ്മേളിക്കുന്നതാണ് മേള. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്വന്തം 1988 മോഡൽ രണ്ട് ഡോർ റേഞ്ച് റോവർ ക്ലാസിക്കും ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉപയോഗിച്ചിരുന്ന 1988 മോഡൽ നാലു ഡോർ റേഞ്ച് റോവറും പ്രദർശനത്തിലെ അമൂല്യ ശേഖരങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ വിലസിയിരുന്ന കാറുകൾ ഉൾപ്പെടെ 400 വിന്റേജ് വാഹനങ്ങളാണ് മേളയിലുള്ളത്.
ക്ലാസിക് കാറുകളുടെ ശേഖരണം കേവലം വിനോദമോ നേരംപോക്കോ അല്ല, വൻ വരുമാനം ഉറപ്പാക്കുന്ന നിക്ഷേപ മേഖല കൂടിയാണ്. ക്ലാസിക് കാറുകളുടെ വിൽപനയിലും വാങ്ങലിലും വൻ തുകയാണ് കൈമറിയുന്നത്. ചില വാഹനങ്ങൾക്കു മേൽ എത്ര വിലയിട്ടാലും ലഭിക്കില്ലെന്നതു വിപണിയിലെ മറ്റൊരു പ്രത്യേകത.

ക്ലാസിക് കാറുകളുടെ ശേഖരണം അഭിനിവേശമോ അതോ വ്യവസായമോ? കാറുകൾ ശേഖരിക്കുന്നതിലെ കല എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ കാർ മേഖലയിലെ വിദഗ്ധർ പങ്കെടുത്തു.ക്ലാസിക് കാറുകളുടേത് ലാഭകരമായ വിപണിയാണ്. പണമുള്ളതു കൊണ്ട് മാത്രം ഒരു ക്ലാസിക് കാറിന്റെ ഉടമസ്ഥാനാകാൻ കഴിയില്ല. കാറുകളുടെ കൃത്യമായ മൂല്യനിർണയമാണ് മികച്ച നിക്ഷേപത്തിനു കളമൊരുക്കുന്നതെന്നും പാനൽ ചർച്ച അഭിപ്രായപ്പെട്ടു.
ക്ലാസിക് കാറുകളുടെ ശേഖരം സംസ്കാരത്തെയും പൈതൃകത്തെയും ഉയർത്തിപ്പിടിക്കൽ കൂടിയാണ്. ക്ലാസിക് കാറുകളിൽ രൂപ മാറ്റം വരുത്തുക എന്നത് നല്ല ഭാവനയുള്ളവർക്കും നൈപുണ്യമുള്ളവർക്കും പറഞ്ഞിട്ടുള്ള ജോലിയാണ്. ചില രൂപ മാറ്റങ്ങൾ ക്ലാസിക് കാറുകളുടെ തനതു മൂല്യം നിലനിർത്താൻ അത്യാവശ്യമാണെന്നും ചർച്ച വിലയിരുത്തി. ക്ലാസിക് കാറുകളുടേത് ഗൃഹാതുര മൂല്യമാണ്. ഇത്തരം ഗൃഹാതുര മോഹങ്ങൾക്ക് രാജ്യാന്തര വിപണിയിൽ മൂല്യമേറെയാണെന്നു വിദഗ്ധർ പറഞ്ഞു.അപൂർവ മോഡലുകൾക്കായി എത്ര പണം മുടക്കാനും അമേരിക്ക, ജപ്പാൻ പോലെയുള്ള രാജ്യങ്ങളിലെ ക്ലാസിക് കാർ ഉടമകൾക്കു മടിയില്ല.

കാർ മേള 17നു സമാപിക്കും. വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് മേളയിൽ പ്രവേശനം. ഷാർജ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി കാർ മേള ഉദ്ഘാടനം ചെയ്തു. ഷാർജ ഡിജിറ്റൽ അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് സാലേം ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലേം അൽ മിദ്ഫ, ഷാർജ ഓൾഡ് കാർസ് ക്ലബ് പ്രസിഡന്റ് ഡോ. അലി അഹമ്മദ് അബു അൽ സൗദ് എന്നിവർ പങ്കെടുത്തു.