ADVERTISEMENT

ദോഹ ∙ 19-ാം വയസ്സില്‍ കടല്‍ കടന്നതാണ്. കയറി കിടക്കാന്‍ സ്വന്തമായൊരു വീടില്ലാതെ എങ്ങനെയാണ് നാട്ടിലേക്ക് തിരികെ മടങ്ങാന്‍ കഴിയുക എന്ന ചിന്തയാണ് ഖത്തര്‍ പ്രവാസിയും തൃശൂര്‍ സ്വദേശിനിയുമായ സുബൈദ അബുവിനെ 58-ാം വയസ്സിലും പ്രവാസമണ്ണില്‍ പിടിച്ചു നിര്‍ത്തുന്നത്. 39 വര്‍ഷത്തെ പ്രവാസം. സ്വദേശി വീടുകളിലെ വീട്ടുജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് രണ്ട് പെണ്‍മക്കളുടെയും പഠനവും വിവാഹവും നടത്തി.

ഇതിനിടയില്‍ ഭര്‍ത്താവ് അബുവിന് അപകടത്തില്‍ പരുക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ സുബൈദയുടെ ഭാരമേറി. കടങ്ങളും കുടുംബ പ്രാരാബ്ദങ്ങളും വീടെന്ന സ്വപ്‌നം ബാക്കിയാക്കി. ഒരു വീട് ഉണ്ടാക്കാനുള്ള പണം സ്വരുക്കൂട്ടണമെന്ന പ്രതീക്ഷയോടെയാണ് വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നടുവിലും സുബൈദ ഇപ്പോഴും ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്നത്.

∙ കടല്‍ കടന്നത് 19-ാം വയസ്സില്‍
ഫോര്‍ട്ട് കൊച്ചിക്കാരിയായ സുബൈദ വീട്ടിലെ 8 മക്കളില്‍ രണ്ടാമത്തെയാളാണ്. 14-ാമത്തെ വയസ്സില്‍ വിവാഹം. ഭര്‍ത്താവ് അബുവിന് ബിരിയാണി ഉണ്ടാക്കുന്നതായിരുന്നു ജോലി. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് 19-ാം വയസ്സില്‍ 1986 ല്‍ സുബൈദയ്ക്ക് കടല്‍ കടക്കേണ്ടി വന്നത്. കൊച്ചിയിലെ നേവല്‍ ബേസിലായിരുന്നു അന്നത്തെ വിമാനത്താവളം. അവിടെ നിന്നാണ് സുബൈദ ആദ്യമായി ഖത്തറിലെ ബന്ധുവീട്ടില്‍ ജോലിയ്ക്കായെത്തിയത്.

ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞായിരുന്ന മൂത്ത മകള്‍ നിഷയേയും പിരിഞ്ഞുള്ള ജീവിതം സുബൈദയ്ക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഇത്തരം സങ്കടങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പഠിപ്പിച്ചു. ഖത്തറിലും സൗദിയിലുമായി 2 കൊല്ലം വീതം ജോലി ചെയ്തു. അവിടെ നിന്ന് 10 വര്‍ഷക്കാലം കുവൈത്തില്‍. വീണ്ടും ഖത്തറിലേക്ക് തന്നെ തിരികെയെത്തി.

ഖത്തറില്‍ ഷെയ്ഖിന്റെ പ്രായമായ അമ്മയെ നോക്കുകയായിരുന്നു ജോലി. ''നല്ല സ്‌നേഹത്തോടെ കുടുംബാംഗത്തോടെന്ന പോലെയാണ് അവരെല്ലാം പെരുമാറിയിരുന്നതെന്ന്'' സുബൈദ പറഞ്ഞു. ഷെയ്ഖിന്റെ അമ്മ മരിച്ചെങ്കിലും സുബൈദയെ അവര്‍ കൈവിട്ടില്ല. അവരുടെ സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി സുബൈദ ജോലി ചെയ്തത്. സുബൈദയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വീട്ടുജോലിയുടെ വേഗം കുറച്ചെങ്കിലും തൊഴിലുടമ കൈവിട്ടില്ല.

പുറത്ത് പരിചയമുള്ള മലയാളി വീടുകളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചു കൊണ്ട് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. മാര്‍ച്ചില്‍ വീസ തീരുകയാണ്. മറ്റേതെങ്കിലും കമ്പനിയിലേക്ക് വീസ മാറാന്‍ ഷെയ്ഖ് അനുവദിച്ചതോടെ അതിനായുള്ള ഓട്ടത്തിലാണ്. ദോഹയില്‍ പരിചയമുളള വീടുകളില്‍ കുട്ടികളെ നോക്കുകയാണ് സുബൈദ ഇപ്പോള്‍.

∙ പ്രാരാബ്ധങ്ങള്‍ ബാക്കി
രണ്ടു മക്കളാണ് ഇവര്‍ക്ക് -നിഷയും റിനിഷയും. സുബൈദ പ്രവാസത്തിലും അബു നാട്ടിലുമായി ജോലി ചെയ്ത് മക്കളുടെ വിദ്യാഭ്യാസവും വിവാഹവും നടത്തി. ഇരുവരുടെയും തുച്ഛമായ വരുമാനത്തില്‍ നിന്ന് വീട്ടുവാടകയും ചെലവും കട ബാധ്യതകളും കഴിഞ്ഞ് മിച്ചം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് നടുവിലാണ് അപ്രതീക്ഷിതമായി അബുവിന് അപകടമുണ്ടാകുന്നത്.

സൈക്കിളില്‍ പോയ അബുവിനെ കാര്‍ വന്നിടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരുക്കേറ്റ അബു നീണ്ടനാള്‍ കിടപ്പിലായിരുന്നു. അബുവിനെ നോക്കാന്‍ കുറച്ചുകാലം സുബൈദയ്ക്ക് നാട്ടില്‍ നില്‍ക്കേണ്ടി വന്നെങ്കിലും കടബാധ്യതയുടെ കനം കൂടിയപ്പോള്‍ വേഗം മടങ്ങേണ്ടി വന്നു. ചികിത്സയും മരുന്നുകളും പ്രാര്‍ഥനയും കൊണ്ട് അബുവിന് നടക്കാന്‍ കഴിഞ്ഞെങ്കിലും ജോലി ചെയ്യാനാകില്ല.

രണ്ടു മക്കളില്‍ നിഷയുടെ വിവാഹജീവിതം സുബൈദയുടെയും അബുവിന്റെയും ദുഃഖമായി മാറി. പക്ഷേ ജീവിതത്തില്‍ തളരാതെ മുന്നേറാനും സ്വന്തം കാലില്‍ നില്‍ക്കാനുമാണ് അമ്മ മകളെ പഠിപ്പിച്ചത്. ഉമ്മയ്ക്ക് ബാധ്യതയാകാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്തയാണ് നിഷയെ ദോഹയിലെത്തിച്ചത്. ദോഹയില്‍ സ്വകാര്യ കമ്പനി വഴി രോഗീപരിചരണമായിരുന്നു കുറച്ചുനാള്‍ നിഷയുടെ ജോലി.

അതു നഷ്ടപ്പെട്ടതോടെ പുതിയ ജോലി തേടിയുള്ള ഓട്ടപാച്ചിലിലാണ് നിഷയും. വലിയ വാടക കൊടുത്ത് ഒരുമിച്ച് താമസിക്കാനുള്ള വരുമാനമില്ലാത്തതിനാല്‍ ഉമ്മയുടെയും മകളുടെയും ജീവിതം ദോഹയിലെ രണ്ടിടങ്ങളിലെ ബെഡ് സ്‌പെയ്‌സില്‍ ഒതുങ്ങുന്നു.

∙ തേടിയെത്തിയ അപൂര്‍വ ഭാഗ്യം
പ്രയാസങ്ങളും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിനിടെ സുബൈദയെ തേടി അപൂര്‍വമായൊരു ഭാഗ്യവും എത്തി-ഖത്തറിലെ എഫ്.എം റേഡിയോ ആയ റേഡിയോ മലയാളത്തിന്റെ സിഎസ്ആര്‍ പദ്ധതിയായ 'ഫോര്‍ മൈ ലവ്' എന്നതിന്റെ കീഴില്‍ ഭര്‍ത്താവ് അബുവിന് ദോഹ സന്ദര്‍ശിക്കാനുള്ള അവസരം. കുറഞ്ഞ വരുമാനക്കാരായ ദീര്‍ഘകാല പ്രവാസികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 പേരുടെ ജീവിത പങ്കാളിമാര്‍ക്ക് ഒരാഴ്ച ഖത്തറിലെ കാഴ്ചകള്‍ കാണാന്‍ താമസവും ഭക്ഷണവും യാത്രയും ഉള്‍പ്പെടെയുള്ള ചിലവുകള്‍ റേഡിയോ ആണ് വഹിക്കുന്നത്.

ഇത്തവണത്തെ 14 പേരില്‍ ഒരാളാകാന്‍ സുബൈദയ്ക്കാണ് ഭാഗ്യം ലഭിച്ചത്. 14 പേരിലെ ഒരേയൊരു വനിത സുബൈദയാണ്. 13 പേരും ഭാര്യമാരെ കൊണ്ടുവന്നപ്പോള്‍ സുബൈദയ്ക്ക് ഭര്‍ത്താവ് അബുവിനെ കൊണ്ടു വരാനുള്ള ഭാഗ്യമാണ് ലഭിച്ചത്. ഒരാഴ്ച നീണ്ട സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് അബു ഉള്‍പ്പെടുന്ന 14 അംഗ സംഘം നാട്ടിലേക്ക് മടങ്ങിയത്.

∙ വീടെന്ന സ്വപ്നം
സുബൈദയുടെ 39 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ബാക്കിയാകുന്നത് കടബാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളുമാണ്. എത്ര ബുദ്ധിമുട്ടിലാണെങ്കിലും ആരെങ്കിലും വന്ന് സുബൈദയോട് പണം കടം ചോദിച്ചാല്‍ കയ്യിലുള്ളത് മുഴുവന്‍ എടുത്തുകൊടുക്കുക മാത്രമല്ല കടം മേടിച്ചും സഹായിക്കുമെന്ന ശീലമാണ് സുബൈദയ്ക്ക് സമ്പാദ്യമില്ലാതെയാക്കിയത്. നമ്മളേക്കാള്‍ പ്രയാസപ്പെട്ട് മറ്റൊരാള്‍ മുന്‍പിലെത്തുമ്പോള്‍ എങ്ങനെയാണ് അവരെ വെറുംകയ്യോടെ മടക്കി അയയ്ക്കാന്‍ കഴിയുകയെന്നതാണ് സുബൈദയുടെ മനസ്സ്.

നീണ്ട പ്രവാസത്തിനിടെ മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ജോലി ചെയ്തിരുന്ന അറബി വീടുകളിലെല്ലാം വലിയ ദുരിതങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടി വന്നിട്ടില്ല. ഖത്തറിലെ നിയമമനുസരിച്ച് 60 വയസ്സു കഴിഞ്ഞവര്‍ക്ക് വീസ പുതുക്കല്‍ ബുദ്ധിമുട്ടാണ് എന്നതാണ് സുബൈദയുടെ ഇപ്പോഴത്തെ ആശങ്ക. 58 വയസ്സുള്ള സുബൈദയ്ക്ക് പ്രവാസത്തില്‍ ഇനി 2 കൊല്ലമാണ് മുന്‍പിലുള്ളത്. 60 ആകുന്നതിന് മുന്‍പേ ചെറുതെങ്കിലും ഒരു വീട് വയ്ക്കണം. നടക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്.

കാലിന്റെ വേദന അവഗണിച്ചാണ് സുബൈദ ജോലി ചെയ്യുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നതിന് മുന്‍പേ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് സ്വന്തമായൊരു വീട് ഉണ്ടാക്കാന്‍ കഴിയുന്നതു വരെ പ്രവാസം തുടരാന്‍ കഴിയണമെന്നാണ് സുബൈദയുടെ പ്രാര്‍ഥനയും ആഗ്രഹവും. പടച്ചവന്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് സുബൈദ.

അപകടം നല്‍കിയ ആഘാതത്തെ തുടര്‍ന്നാണ് അബുവിന് ജോലി ചെയ്യാന്‍ കഴിയാതെ വന്നത്. വിശ്രമിക്കേണ്ട പ്രായത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മറന്ന് സുബൈദ ഗള്‍ഫില്‍ പണിയെടുക്കുന്നതിന്റെയും തന്റെ നിസഹായാവസ്ഥയും എല്ലാം അബുവിനെയും ഏറെ വിഷമിപ്പിക്കുന്നുണ്ട്. കുടുംബത്തിനായി കഷ്ടപ്പെടുന്ന സുബൈദയുടെ സ്വപ്‌നം നടത്തികൊടുക്കാനുള്ള വരുമാനമില്ലെങ്കിലും ഉമ്മയ്ക്കും ഉപ്പയ്ക്കും സ്‌നേഹം കൊണ്ട് താങ്ങും തണലുമാകാന്‍ മക്കളായ നിഷയും റിനിഷയും കൂടെയുണ്ട്.

English Summary:

Life Story: Subaida, Thrissur Native who was in Qatar for past 39 years shares her life story

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com