അൽഹസയുടെ രാവുകളെ ആഘോഷമയമാക്കുന്ന ബുത്ബേല താളം; പ്രിയങ്കരം ഈ പാരമ്പര്യം

Mail This Article
ദമാം ∙സൗദി അറേബ്യയിലെ മരുഭൂമിയിൽ, സമയം മണൽത്തരികൾ പോലെ ഒഴുകിയിട്ടും, ചില പാരമ്പര്യങ്ങൾ മായാതെ നിൽക്കുന്നു. റമസാൻ നിലാവുള്ള രാത്രികളിൽ, അൽഹസയുടെയും ഖത്തീഫിന്റെയും തെരുവുകളിൽ താളമിടുന്ന ബുത്ബേല സംഘം അത്തരത്തിൽ ഒരു പാരമ്പര്യത്തിന്റെ അടയാളമാണ്. കിഴക്കിന്റെ മണ്ണിൽ പൗരാണികതയുടെ ഈണം പോലെയാണവർ.
രാത്രിയുടെ നിശ്ശബ്ദതയിൽ, തലമുറകൾ കൈമാറിയ വാമൊഴിപ്പാട്ടുകളുമായി അവർ പാടി നടക്കുന്നു. ചെറിയ അറബനപോലുള്ള തപ്പും തബുലും ബുത്ബേലയും ഉപയോഗിച്ചാണ് താളമിടുന്നത്. ആധുനികതയുടെ തിരക്കുകളിൽ നിന്ന് അകന്ന്, അവർ പഴയ റമസാന്റെ ഓർമകളിലേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്നു.
സൂഹുറിന്റെ സമയമറിയിച്ച്, ഒരു ഗ്രാമത്തെ മുഴുവൻ ഉണർത്തും. അവരുടെ പാട്ടുകൾ കേൾക്കാൻ കുട്ടികൾ ഓടിക്കൂടുന്നു. സ്ത്രീകൾ ജനലരികിൽ കാത്തിരിക്കുന്നു. റമസാൻ പകുതിയായെന്ന് ഓർമിപ്പിക്കുന്ന പതിനഞ്ചാമത്തെ രാത്രിയെന്ന ഗിർഗിയാൻ ദിവസം. ഗിർഗിയാൻ രാവിൽ കുട്ടികൾ വർണ്ണാഭമായ വേഷങ്ങളണിഞ്ഞ് അവർക്കൊപ്പം ചേരുന്നു. ഗിർഗിയാൻ ദിനത്തിൽ കുട്ടികളും മുതിർന്നവരും കൈയടിയും പാട്ടും കൊട്ടുമായി സംഘത്തിനൊപ്പം ചേരും. ആഘോഷമായി ഓരോ വീടുകളിലുമെത്തുന്ന സംഘത്തെ കാത്ത് വീട്ടുകാർ പണവും, സമ്മാനങ്ങളും മധുരപലഹാരങ്ങളും പണവുമൊക്കെ കൈമാറും.

റമസാൻ അവസാന പത്ത് നാളുകളിലെത്തുന്നതോടെ വാദ്യങ്ങളുടെ ശബ്ദവും നാദവും താളവേഗവുമൊക്കെ വ്യത്യസ്തമായി മാറുകയാണെന്ന് ഗ്രാമത്തെ മൊത്തം ഓർമിപ്പിക്കുന്ന ശീലുകളും ഈരടികളും വരിശകളുമാണ് പാട്ടുകളിലും താളങ്ങളിലും മേളത്തിലും ഉയരുന്നത്. പ്രിയപ്പെട്ട റമസാൻ നാളുകളെക്കുറിച്ച് ഹൃദയവികാരമുണർത്തുന്ന തരത്തിലുള്ള താളവും പാട്ടുകളുമൊക്കെ വീണ്ടുമൊരു റമസാൻ കാലത്തെ കാത്തിരിക്കുന്നതിനുള്ള കുളിരാർന്ന ഓർമ്മ പകരുമെന്നും പുതുതലമുറയും പഴയ തലമുറയും കരുതുന്നു. റമസാൻ മാസത്തിന്റെ അവസാനം വരെയും പെരുന്നാൾ ദിനങ്ങളിലും അൽ മസ്ഹറാത്തി സംഘം പാട്ടുംകൊട്ടുമായി റമസാൻ ആഘോഷങ്ങൾക്ക് നിറം പകർന്ന് ചുറ്റിസഞ്ചരിക്കുന്നത് അൽഹസയുടെ ഗ്രാമ വഴിത്താരകളിലെ കാഴ്ച തുടരും.
ഈ പൈതൃക അനുഷ്ഠാന കലാരൂപവുമായെത്തുന്ന മിക്ക കലാകാരന്മാരും തലമുറകളായി തുടരുന്ന തങ്ങളുടെ ജീവിതസപര്യയായിട്ടാണ് ബുത്ബേലയെ കാണുന്നത്. നാടും നഗരവുമൊക്കെ ആധുനികതയിൽ വളർന്നെങ്കിലും ഇന്നും തങ്ങളുടെ പാരമ്പര്യ റമസാൻ ശീലങ്ങളെ ചേർത്തു വെച്ച് തലമുറകളിൽ നിന്നും തലമുറകളിലേക്ക് തുടർന്നു പോവുകയാണ് അൽഹസയിലെ അൽ മസ്ഹറാത്തികൾ. വിശുദ്ധിയുടെ വ്രതനാളുകളിലൂടെ ആനുഗ്രഹം ചൊരിയുന്ന റമസാൻ മാസത്തെക്കുറിച്ചുള്ള പാട്ടുകളിലൂടെ തലമുറകളെ ചേർത്തു പിടിക്കുകയാണ് അൽഹസയിലുള്ള അൽ മസ്ഹറാത്തി സംഘത്തിലുള്ള ഓരോരുത്തരും.