മധുരപ്രേമികളെ കാത്ത് ചക്ക ജിലേബിയും ചക്കപ്പായസവും; യുഎഇ ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ്

Mail This Article
അബുദാബി ∙ യുഎഇയിലെ ലുലുവിൽ ഇനി ചക്കയോത്സവം. മധുരമൂറും ചക്കപ്പഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിച്ച് യുഎഇ ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു. അബുദാബി മദീനത്ത് സായിദ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ആർജെമാരായ മായ കർത്ത, ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, മലേഷ്യ, തായ്‌ലൻഡ്, ഉഗാണ്ട, മെക്സിക്കോ തുടങ്ങി ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ചക്ക ഉൽപന്നങ്ങളാണ് ഫെസ്റ്റിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
നാടൻ തേൻവരിക്ക മുതൽ വിയറ്റ്നാം റെഡ് ചക്ക വരെ 30 ലേറെ ചക്ക ഉൽപന്നങ്ങൾ ഫെസ്റ്റിലുണ്ട്. കൂടാതെ ചക്ക കൊണ്ടുള്ള വ്യത്യസ്തമാർന്ന രുചിക്കൂട്ടുകളും വിഭവങ്ങളും ചക്ക ജിലേബിയും ചക്കപ്പായസവും വരെ ഒരുക്കിയിട്ടുണ്ട്. ചക്കകൊണ്ടുള്ള സ്പെഷ്യൽ സ്വിസ് റോൾ, ജാക്ക്ഫ്രൂട്ട് ഡോണട്ട്സ്, കേക്ക്, ബിസ്ക്റ്റ് തുടങ്ങിയ ബേക്കറി വിഭവങ്ങളും മധുരപ്രേമികളെ കാത്തിരിക്കുന്നു.
ഏഷ്യൻ ജാക്ക്ഫ്രൂട്ട് സലാഡ്, ജാക്ക്ഫ്രൂട്ട് ബിരിയാണി, ചക്കഹൽവ, മിൽക്ക് ഷേക്ക്, ജാക്ക്ഫ്രൂട്ട് പെപ്പർ ഫ്രൈ തുടങ്ങിവയും ഉപഭോക്താക്കൾക്ക് വിരുന്നാകും. ഏപ്രിൽ 9 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.